കോന്നി: കോന്നി സർക്കാർ മെഡിക്കൽ കോളജിെൻറ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്കുള്ള പദ്ധതി ഒക്ടോബറിൽ ചേരുന്ന കിഫ്ബി ബോർഡിെൻറ പരിഗണനക്ക് സമർപ്പിക്കാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ തീരുമാനിച്ചതായി അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. 338.5 കോടിയുടെ പദ്ധതിയാണ് രണ്ടാംഘട്ടത്തിന് തയാറാക്കിയിരിക്കുന്നത്. കിഫ്ബി ബോർഡിൽ സമർപ്പിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ ഒരാഴ്ചക്കുള്ളിൽ പൂർത്തീകരിക്കും. രണ്ടാംഘട്ട അനുമതി ലഭിച്ചാലേ കിടത്തിച്ചികിത്സ ആരംഭിക്കാൻ കഴിയൂ. ഒന്നാം ഘട്ടത്തിൽ നിർമാണം പൂർത്തിയാക്കിയ ആശുപത്രി കെട്ടിടത്തിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള 87 കോടി രൂപ രണ്ടാംഘട്ട പദ്ധതിയിലൂടെ അനുവദിക്കണം. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയിൽ മെഡിക്കൽ കോളജ് പ്രവർത്തനം ആരംഭിക്കാനുള്ള അപേക്ഷ തയാറാക്കി സമർപ്പിക്കുന്നതിന് മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെ ചുമതലപ്പെടുത്തിയതായി മെഡിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ. എ. റംലാബീവി പറഞ്ഞു. 50 സീറ്റിനുള്ള അനുമതിയാണ് തേടുന്നത്. അനുമതി ലഭ്യമായാൽ അടുത്ത അധ്യയനവർഷം ക്ലാസ് ആരംഭിക്കാൻ കഴിയും.
രണ്ടാംഘട്ട പദ്ധതിയിൽ 250 കോടിയോളം രൂപ സിവിൽ വർക്കുകൾക്കായാണ് മാറ്റിവെച്ചിരിക്കുന്നത്. 200 കിടക്കയുള്ള ആറുനില ആശുപത്രി കെട്ടിടം, 11 നിലകളിലെ ക്വാർട്ടേഴ്സ് ഫ്ലാറ്റ്, ആറുനില പെൺകുട്ടികളുടെ ഹോസ്റ്റൽ, അഞ്ച് നില ആൺകുട്ടികളുടെ ഹോസ്റ്റൽ, രണ്ടാംനില അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക്, ലോൺട്രി, മോർച്ചറി, ഓഡിറ്റോറിയം, കാമ്പസിനുള്ളിലെ റോഡുകൾ തുടങ്ങിയവ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതിയ ആശുപത്രി കെട്ടിടം കൂടി നിർമിക്കുന്നതോടെ 500 കിടക്കയുള്ള മെഡിക്കൽ കോളജായി കോന്നി മാറും. മെഡിക്കൽ കോളജിലേക്കുള്ള റോഡുകൾ നിർമിക്കാൻ വസ്തു ഏറ്റെടുക്കാൻ ആവശ്യമായ ഫണ്ട് ഉടൻ അനുവദിക്കാനും സർക്കാർ തീരുമാനമായി. മെഡിക്കൽ കോളജിൽ ഒഴിവുള്ള തസ്തികകളിൽ അടിയന്തരമായി നിയമനം നടത്താൻ ഡി.എം.ഇയെ മന്ത്രി ചുമതലപ്പെടുത്തി. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ, അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ, മെഡിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ. എ. റംലാബീവി, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.