കോന്നി: 2013 ൽ തറക്കല്ലിട്ട് നിലവിൽ ഒ.പി, ഐ.പി ഉൾപ്പെടെ പ്രവർത്തിക്കുന്ന കോന്നി മെഡിക്കൽ കോളജിൽ പ്രധാനപെട്ട ചികിത്സാ വിഭാഗങ്ങൾ ഇനിയും ആരംഭിച്ചില്ല. ജനറൽ മെഡിസിൻ, ജനറൽ സർജറി, ഓർത്തോ, ഗൈനകോളജി, ഡെന്റൽ വിഭാഗം, പീഡിയാട്രിക് തുടങ്ങിയവയാണ് ഉള്ളത്. എന്നാൽ പ്രധാന വിഭാഗങ്ങളായ കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി, എന്റോക്രനിയോളജി തുടങ്ങി അത്യാവശ്യം വേണ്ട പല വിഭാഗങ്ങളും പ്രവർത്തനമില്ല. സി.ടി സ്കാൻ സേവനം രാത്രിയിൽ പ്രവർത്തിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
കഴിഞ്ഞ ദിവസം തലക്കുള്ളിൽ രക്തസ്രാവമുണ്ടായ രോഗിയെ സി.ടി സ്കാൻ ഇല്ലാതെ വന്നതോടെ കോട്ടയം മെഡിക്കൽ കോളജിലേക്ക് പറഞ്ഞയക്കുകയും പിന്നീട് ഈ രോഗി മരിക്കുകയും ചെയ്തിരുന്നു. ആവശ്യമായ മരുന്നുകളുടെ അപര്യാപ്തതയും കോന്നി മെഡിക്കൽ കോളജിനെ സാരമായി ബാധിക്കുന്നുണ്ട്. കോന്നിയിലെ മലയോര മേഖലയിൽനിന്ന് ചികിത്സ തേടി എത്തുന്നയാളുകൾക്ക് മെഡിക്കൽ കോളജിൽ പരിമിതമായ ചികിത്സകൾ മാത്രമാണ് ഉള്ളതെന്ന അറിയിപ്പ് മാത്രമാണ് ആശുപത്രി അധികൃതർക്ക് നൽകുവാൻ കഴിയുന്നത്. അപകടങ്ങളിൽ പരിക്കേറ്റും മറ്റ് അടിയന്തിര സാഹചര്യങ്ങളിലും എത്തുന്ന കോന്നി മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പലപ്പോഴും രോഗികളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പറഞ്ഞുവിടുന്ന സ്ഥിതിയാണുള്ളത്. 2012 മാർച്ച് 24 നാണ് കോന്നി മെഡിക്കൽ കോളജ് ആരംഭിക്കാൻ സർക്കാർ ഉത്തരവ് ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.