കോന്നി മെഡിക്കൽ കോളജ്

കോന്നി മെഡി.കോളജിൽ അടിസ്ഥാന സൗകര്യമില്ല; അംഗീകാരം നഷ്ടപ്പെടുമെന്ന് ആശങ്ക

കോന്നി: കോന്നി മെഡിക്കൽ കോളജിന്‍റെ അംഗീകാരം നഷ്ടപ്പെടുമെന്ന ആശങ്ക വർധിക്കുന്നു. വേണ്ടത്ര അധ്യാപകരോ അടിസ്ഥാന സൗകര്യങ്ങളോ പുസ്തകങ്ങളോ ഇല്ലാതെ മെഡിക്കൽ കോളജിൽ 100 എം.ബി.ബി.എസ് സീറ്റ് അനുവദിക്കാൻ സാധിക്കില്ലെന്ന് മെഡിക്കൽ അസസ്മെന്‍റ് ആൻഡ് റേറ്റിങ് ബോർഡ് അറിയിച്ചിട്ടുണ്ട്.

ജൂലൈ നാലിന് മൂമ്പ് കുറവുകൾ പരിഹരിക്കണമെന്ന് നിർദേശിച്ചെങ്കിലും നടപടിയായില്ല. ആറുമാസം മുമ്പ് മെഡിക്കൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ കോളജിൽ പരിശോധന നടത്തി കുറവുകൾ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു നടപടിയും സ്വീകരിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. 100 എം.ബി.ബി.എസ് സീറ്റുകളുമായി 2022-23 വർഷം അധ്യയനം തുടങ്ങാൻ കാത്തിരിക്കുമ്പോഴാണ് പോരായ്മകൾ ചൂണ്ടിക്കാട്ടിയുള്ള കമീഷൻ റിപ്പോർട്ട്.

കോളജിന് കെട്ടിടം ഉണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ല.തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, തൃശൂർ മെഡിക്കൽ കോളജുകളിൽനിന്ന് ഡോക്ടർമാരെ കോന്നിയിലേക്ക് സ്ഥലംമാറ്റി അധ്യാപക ക്ഷാമം പരിഹരിക്കാനും നീക്കമുണ്ട്.

എം.എ.ആർ.ബി പരിശോധന റിപ്പോർട്ടിലെ നിർദേശങ്ങൾ

*ലൈബ്രറി, ലബോറട്ടറി, ലെക്‌ചർ റൂം എന്നിവിടങ്ങളിൽ ഫർണിച്ചറുകൾ ഇല്ല

*അനാട്ടമി, ഫിസിയോളജി, ബയോ കെമിസ്ട്രി വിഭാഗങ്ങളിൽ ലബോറട്ടറി ഇല്ല

*ഒറ്റ പരീക്ഷ ഹാൾ ഉള്ളതിൽ വേണ്ടത്ര സൗകര്യങ്ങൾ ഇല്ല.

*വിദ്യാർഥികൾക്കും നഴ്സുമാർക്കും ഡോക്ടർമാർക്കും ജീവനക്കാർക്കും ക്വാർട്ടേഴ്സ് ഇല്ല

*കേന്ദ്രീകൃത ലൈബ്രറിയിൽ കമ്പ്യൂട്ടറും പുസ്തകങ്ങളും പത്രങ്ങളും ഇല്ല

*330 കിടക്ക വേണ്ടിടത്ത് 294 എണ്ണമേ ഉള്ളൂ. അത്യാഹിത വിഭാഗത്തിൽ 10 കിടക്കകൾ മാത്രമേ ഉള്ളൂ

*ജീവൻരക്ഷ ഉപകരണങ്ങൾ ഒന്നും ഇല്ല

*അഞ്ച് മൈനർ ഓപറേഷൻ തിയറ്റർ വേണ്ടിടത്ത് മൂന്നെണ്ണം മാത്രം.

*റേഡിയോളജി വിഭാഗത്തിൽ എക്സ്റേ, സി.ടി സ്കാൻ, അൾട്രാ സൗണ്ട് മെഷീൻ എന്നിവ കുറവ്. രക്തബാങ്കിന് ലൈസൻസ് ഇല്ല

*മേൽസൂചിപ്പിച്ച കാര്യങ്ങൾ പരിഹരിച്ചു റിപ്പോർട്ട്‌ നൽകണം

Tags:    
News Summary - Konni Medical College lacks infrastructure; Fear of losing recognition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.