കോന്നി: കോന്നി ഗവ.മെഡിക്കൽ കോളജിലെ ഓക്സിജൻ നിർമാണ പ്ലാന്റ് ശനിയാഴ്ച വൈകീട്ട് 4.30ന് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. കെ.യു. ജനീഷ് കുമാർ എം.എൽ.എ അധ്യക്ഷതവഹിക്കും. മെഡിക്കൽ കോളജ് ആശുപത്രിയിലെ 240 കിടക്കയിൽ പ്ലാന്റിൽനിന്ന് നേരിട്ട് ഓക്സിജൻ എത്തും.
ഒരു മിനിറ്റിൽ 1500 ലിറ്റർ ഉൽപാദനശേഷിയുള്ള ഓക്സിജൻ പ്ലാന്റിന്റെ നിർമാണമാണ് പൂർത്തിയായത്. 2021 മേയിലാണ് 1.60 കോടി ചെലവഴിച്ച് പ്ലാന്റ് നിർമിക്കാൻ അനുമതി ലഭിച്ചത്. ആരോഗ്യ മന്ത്രി വീണ ജോർജിന്റെ ഇടപെടലാണ് പ്ലാന്റ് കോന്നി ഗവ.മെഡിക്കൽ കോളജിൽ ലഭ്യമാകാനും വേഗത്തിൽ നിർമാണം നടത്താനും സഹായകമായത്.
പി.എസ്.എ ടെക്നോളജി ഉപയോഗിച്ചാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ലഭ്യമായ പുതിയ ഓക്സിജൻ പ്ലാന്റ് റെക്കോഡ് വേഗത്തിലാണ് നിർമാണം പൂർത്തിയാക്കിയത്. മെഡിക്കൽ കോളജിൽ ഓക്സിജൻ സൗകര്യമുള്ള 240 കിടക്കയും 30 ഐ.സി.യു കിടക്കയും ഉൾപ്പെടെ 270 കിടക്കയാണുള്ളത്.
കേരള മെഡിക്കൽ സർവിസസ് കോർപറേഷനായിരുന്നു ഓക്സിജൻ പ്ലാന്റ് സജ്ജമാക്കുന്നതിന്റെ ചുമതല. ജില്ല നിർമ്മിതി കേന്ദ്രമാണ് നിർമാണപ്രവൃത്തി ഏറ്റെടുത്ത് നടത്തിയത്. ഓക്സിജന്റെ ഗുണനിലവാര പരിശോധന പൂർത്തിയാക്കി ലൈസൻസ് ലഭ്യമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.