കോന്നി: മത്സ്യ-മാംസാവശിഷ്ടങ്ങൾ അഴുകിയ ദുർഗന്ധം മൂലം മൂക്ക് പൊത്തിയാണ് കോന്നി നാരായണപുരം ചന്തയിൽ നാട്ടുകാർ വന്നുപോകുന്നത്. കോന്നി ചന്തയിലെ ഉപയോഗശൂന്യമായ ഇൻസുലേറ്റർ സ്ഥാപിച്ച ഭാഗത്താണ് മാലിന്യം തള്ളുന്നത്. മത്സ്യ -മാംസാവശിഷ്ടങ്ങൾ അഴുകി പുഴുവരിക്കാൻ തുടങ്ങിയിട്ടും ബന്ധപ്പെട്ടവർ നടപടി സ്വീകരിച്ചിട്ടില്ല. കാടുകയറിയ ഭാഗത്താണ് കൂടുതലും മാലിന്യം തള്ളുന്നത്. അതിനാൽ തന്നെ ആരും പെട്ടെന്ന് ശ്രദ്ധിക്കില്ല. ചന്തക്കുള്ളിൽ കച്ചവടം നടത്തുന്നവരും നാട്ടുകാരും മാലിന്യം ഉപേക്ഷിക്കുന്ന സ്ഥലമായി കോന്നി നാരായണപുരം ചന്ത മാറിയിട്ടുണ്ട്. ഇതോടെ തെരുവുനായ് ശല്യവും ചന്തക്കുള്ളിൽ വർധിച്ചു. കാക്കയും കൊക്കും അടക്കമുള്ളവ മാലിന്യം കൊത്തിവലിച്ച് ജലാശയങ്ങളിലും മറ്റും ഉപേക്ഷിക്കുന്നതും പതിവാണ്. സമീപവാസികളുടെ വീടിന് ചുറ്റും മാലിന്യം നായയും മറ്റും വലിച്ചുകൊണ്ടിടുന്നതും പതിവാണ്. മാലിന്യം ചീയുന്നതിന് സമീപത്തായാണ് മാലിന്യശേഖരണ കേന്ദ്രവും പ്രവർത്തിക്കുന്നത് എന്നതാണ് വിചിത്രം. നാരായണപുരം ചന്തക്കുളിൽ മാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തനമില്ലാത്തതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ആരോഗ്യവകുപ്പ് അധികൃതർ ഉൾപ്പെടെ ഈ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.