കോന്നി: സീതത്തോട് നഴ്സിങ് കോളജിലെ വിദ്യാർഥികളുടെ ആദ്യബാച്ച് പ്രവേശനോത്സവം ആഘോഷമായി. എം.എല്‍.എ അഡ്വ. കെ.യു. ജനീഷ്കുമാറിന്റെ നേതൃത്വത്തില്‍ വിദ്യാർഥികളെ പൂച്ചെണ്ട് നല്കി സ്വീകരിച്ചു. സര്‍ക്കാര്‍ പുതുതായി അനുവദിച്ച 20 നഴ്സിങ് കോളജുകളില്‍ രണ്ടെണ്ണം കോന്നിയിലാണെന്നതില് ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്നും കോളജിന്റെ പുതിയ കെട്ടിടത്തിനായി മൂന്നേക്കര്‍ സ്ഥലം പഞ്ചായത്ത് കണ്ടെത്തുമെന്നും എം.എല്‍.എ പറഞ്ഞു.
സീതത്തോട് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് നഴ്സിങ് കോളേജ് പ്രവർത്തനം ആരംഭിച്ചത്. 30 വിദ്യാർഥികളാണ് ആദ്യവര്‍ഷ ക്ലാസുകളിലേക്ക് എത്തിയത്. ഇതില്‍ നാലുപേര്‍ ആണ്‍കുട്ടികളാണ്. ആദ്യഘട്ടത്തില്‍ ഒരു ക്ലാസ് റൂം, ലാബ്, ഫാക്കൽറ്റി റൂം, പ്രിന്‍സിപ്പല്‍ റൂം, ശൗച്യാലയങ്ങള്‍ എന്നിവയാണ് ക്രമീകരിച്ചിട്ടുള്ളത്. ലൈബ്രറി, പരീക്ഷ ഹാള്‍ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. നഴ്സിങ് കോളജിലേക്ക് ആവശ്യമായ ഫര്‍ണിച്ചറുകളും പുസ്തകങ്ങളും എത്തിച്ചിട്ടുണ്ട്. രണ്ട് ഫാക്കല്‍റ്റികളാണ് ഇപ്പോള്‍ നഴ്സിങ് കോളജിലുള്ളത്. കേരളത്തിലെ ഭൂരിഭാഗം ജില്ലകളില്‍നിന്നുമുള്ള വിദ്യാർഥികളാണ് ആദ്യബാച്ചില്‍ പ്രവേശനം നേടിയിരിക്കുന്നത്.
ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രമോദ് അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ജി. തുഷാര, ജില്ല പഞ്ചായത്ത് അംഗം ലേഖ സുരേഷ്, അബ്ദുൽ വഹാബ്, വൈസ് പ്രിൻസിപ്പൽ സിന്ധു മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. സുജ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.