കോന്നി: യു.ഡി.എഫ് ഭരണകാലത്ത് കോന്നിയിൽ അനുവദിച്ച ജില്ലാ പൈതൃക മ്യൂസിയം വിസ്മൃതിയിലേക്ക്. പദ്ധതി പ്രഖ്യാപിച്ച് പത്ത് വർഷം കഴിഞ്ഞപ്പോഴാണ് കോന്നി ഇക്കോ ടൂറിസം സെന്ററിൽ വനം വകുപ്പ് വിട്ടുനല്‍കിയ കെട്ടിടങ്ങൾ ഉപയോഗിക്കാൻ കഴിയില്ലെന്ന് കണ്ടെത്തിയതാണ് വിലങ്ങുതടിയായത്. ഇതിനോടകം രണ്ട് ഉദ്ഘാടനം കഴിഞ്ഞ പദ്ധതിയാണ് തുടക്കത്തിലേ മുടങ്ങുന്നത്.
വിട്ടുകിട്ടിയ കെട്ടിടങ്ങളിൽ പൈതൃക മ്യൂസിയത്തിന് ആവശ്യമായ സ്ഥലസൗകര്യങ്ങൾ കുറവാണെന്ന് മ്യൂസിയും വകുപ്പ് കണ്ടെത്തി. മ്യൂസിയം ഡയറക്ടറും, പുരാവസ്തു വകുപ്പ് ഡയറക്ടറും അടങ്ങുന്ന ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം കോന്നി ആനതാവളത്തിന് സമീപത്തെ കെട്ടിടങ്ങൾ പരിശോധിച്ച ശേഷമാണ് ഈ വിലയിരുത്തൽ നടത്തിയത്. പുരാവസ്തുകൾ സൂക്ഷിക്കാൻ ആവശ്യമായ സൗകര്യം കെട്ടിടങ്ങളിൽ ഇല്ലന്നും മ്യൂസിയം വകുപ്പ് പറയുന്നു.
അതേസമയം സാംസ്കാരിക വകുപ്പ് തിരിഞ്ഞ് നോക്കാത്തത് മൂലം നൂറിലധികം വരുന്ന പുരാതന പൈതൃക വസ്തുക്കൾ ചിതലെടുത്ത് നശിക്കുകയാണ്. നിലവിലെ ആറ്റിങ്ങൽ എം.പി അഡ്വ. അടൂർ പ്രകാശ് കോന്നി എം.എൽ. എ ആയിരുന്ന കാലഘട്ടത്തിൽ ആണ് കോന്നിയിൽ പൈതൃക മ്യൂസിയം പ്രഖ്യാപിച്ചത്.
യു.ഡി.എഫ് മന്ത്രി സഭയിലെ അന്നത്തെ സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് ഇതിന്റെ ഉദ്ഘാടനവും നടത്തി. നാല് വർഷത്തിനു ശേഷം മ്യൂസിയത്തിലേക്കുള്ള പൈതൃക സ്വത്തുക്കളുടെ ഏറ്റുവാങ്ങൽ ചടങ്ങ് അന്നത്തെ സാംസ്കാരിക മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും നിർവഹിച്ചു. ശേഷം മ്യൂസിയത്തിന്റെ കാര്യം എല്ലാവരും മറന്നു. യു ഡി എഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ പതിനാല് ജില്ലകളിലും പൈതൃക മ്യൂസിയങ്ങൾ നടപ്പാക്കുമെന്നും പ്രഖ്യാപനം നടത്തി.
പത്തനംതിട്ട ജില്ലയിലെ മ്യൂസിയം സ്ഥാപിക്കാൻ കോന്നിയാണ് തിരഞ്ഞെടുത്തത്. കോന്നി ആനത്താവളത്തിനോട് ചേർന്ന് രണ്ട് കെട്ടിടങ്ങൾ ഇതിനായി വനം വകുപ്പ് വിട്ടുനൽകുകയും ലക്ഷങ്ങൾ മുടക്കി സാംസ്കാരിക വകുപ്പ് വനം വകുപ്പ് വിട്ടു നൽകിയ കെട്ടിടങ്ങൾ പുനരുദ്ധരിക്കുകയും ചെയ്തു. വീണ്ടും കെട്ടിടം ആവശ്യപ്പെട്ടതോടെ പൈതൃക മ്യൂസിയം എന്ന സ്വപ്നം ചുവപ്പുനാടയിൽ കുരുങ്ങി.
ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ എഴുനൂറിൽ പരം ആളുകൾ നിധിപോലെ സൂക്ഷിച്ച് വച്ചിരുന്ന പൈതൃക സ്വത്തുക്കൾ ആണ് അധികൃതരുടെ അനാസ്ഥ മൂലം നശിക്കുന്നത്.
2014 മുതൽ മ്യൂസിയത്തിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി സംസ്ഥാന പുരാവസ്തുവകുപ്പ് പന്തളം എൻ.എസ്.എസ് കോളജുമായി ചേർന്ന് ജില്ലയിലെ ചരിത്ര പ്രാധാന്യമുള്ള പ്രദേശങ്ങളിൽ എട്ട് സംഘങ്ങളായി തിരിഞ്ഞ് അന്വേഷിച്ചാണ് പരമ്പരാഗത കാർഷിക ഉപകരണങ്ങൾ, ചികിത്സാ ഉപകരണങ്ങൾ, വിവിധ ആചാര അനുഷ്‍ഠങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ തുടങ്ങിയവ ശേഖരിച്ച് കോന്നിയിൽ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.