കോന്നി: കേരളത്തിലാദ്യമായി നടന്ന കൊട്ടവഞ്ചി മത്സരത്തിന് ആവേശത്തുഴയെറിഞ്ഞ് അടവി. കല്ലാറിന്റെ ഇരുകരയിലുമായി തിങ്ങിക്കൂടിയ ജനങ്ങൾക്ക് ആവേശമുണർത്തിയാണ് ശനിയാഴ്ച കൊട്ടവഞ്ചികളുടെ പ്രദർശന ജലയാത്രയും തുഴച്ചിൽ മത്സരവും നടന്നത്.
കോന്നി കരിയാട്ടം ടൂറിസം എക്സ്പോയുടെ ഭാഗമായി ടൂറിസം കേന്ദ്രങ്ങളുടെ വികസനം മുൻനിർത്തിയാണ് മത്സരം സംഘടിപ്പിച്ചത്. 25 വഞ്ചികളാണ് പ്രദർശന ജലയാത്രയിൽ പങ്കെടുത്തത്. എല്ലാം മനോഹരമായി അലങ്കരിച്ചിരുന്നു. മുത്തുക്കുടകൾ, പ്രച്ഛന്ന വേഷങ്ങൾ തുടങ്ങി ഓരോ വഞ്ചിയും വൈവിധ്യമായി അണിനിരന്ന പ്രദർശന ജലയാത്രയിൽ മികച്ച പ്രകടനം നടത്തുന്ന വഞ്ചിക്കും സമ്മാനം ഏർപ്പെടുത്തിയിരുന്നു.
തുടർന്നു നടന്ന മത്സരത്തിൽ 12 വഞ്ചികളാണ് പങ്കെടുത്തത്. പ്രാഥമികമായി മൂന്ന് റൗണ്ടായാണ് മത്സരം നടന്നത്. ആദ്യ റൗണ്ടിൽ മുരളീധരൻ നായരും സത്യവ്രതനും തുഴച്ചിലുകാരായ വടക്കേ മണ്ണീറയും രണ്ടാം റൗണ്ടിൽ പി.എസ്. ബാബുവും രവി നന്ദാവനവും തുഴഞ്ഞ ശിവ തീർഥവും മൂന്നാം റൗണ്ടിൽ പി.ആർ. സഞ്ചുവും ഷിജു വർഗീസും തുഴഞ്ഞ പെഗാസസും ഒന്നാമതെത്തി.
അവസാന മത്സരത്തിൽ ശിവതീർഥം ഒന്നാം സ്ഥാനവും വടക്കേ മണ്ണീറ രണ്ടാം സ്ഥാനവും പെഗാസസ് മൂന്നാം സ്ഥാനവും നേടി. പ്രദർശന ജലയാത്രയിൽ ശാന്തകുമാർ തുഴഞ്ഞ കൊട്ടവഞ്ചി ഒന്നാം സ്ഥാനം നേടി.
കെ.യു. ജനീഷ് കുമാർ എം.എൽ.എ മത്സരം ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരം സരയു മോഹൻ മത്സരം ഫ്ലാഗ്ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷാജി കെ. ശവുമേൽ അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് അംഗം ജിജോ മോഡി, ഗ്രാമപഞ്ചായത്ത് അംഗം ജയിംസ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ജി. ബിനുകുമാർ, സംഗേഷ് ജി. നായർ, പ്രവീൺ പ്രസാദ്, രാജേഷ് ആക്ലേത്ത്, എൻ.എസ്. മുരളീ മോഹൻ, ബിനോജ് എസ്. നായർ, റേഞ്ച് ഫോറസ്റ്റ് ഓഫിസർ അജികുമാർ തുടങ്ങിയവർ സംസാരിച്ചു. വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.