കോന്നി: സംസ്ഥാനത്ത് 2022-23 വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള അവാര്‍ഡ് ജില്ലയില്‍ അരുവാപ്പുലം ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി.
പദ്ധതി നിര്‍വഹണത്തിലെ മികവ്, മികച്ച മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍, അതിദാരിദ്ര്യ നിര്‍മാര്‍ജനം, നൂതന പദ്ധതികളുടെ നടത്തിപ്പ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ജില്ലയിലെ 53 പഞ്ചായത്തുകളില്‍ മികച്ചതായി അരുവാപ്പുലം തെരഞ്ഞെടുക്കപ്പെട്ടത്. തൊഴിലുറപ്പിലും നികുതി പിരിവിലും നൂറില്‍ നൂറ് ശതമാനം മികവ് എന്നിവ അരുവാപ്പുലം ഗ്രാമപഞ്ചായത്ത് നേടിയിരുന്നു. 2022-23 വാര്‍ഷികപദ്ധതിയില്‍ 100 ശതമാനവും ഗ്രാമപഞ്ചായത്ത് വിനിയോഗിച്ചിരുന്നു. സംസ്ഥാനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി ആണ് ഗ്രാമപഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
8.65 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം വിവിധ മേഖലകളില്‍ പദ്ധതി വിഹിതം ഉപയോഗിച്ച് നടപ്പാക്കിയത്. പഞ്ചായത്തില്‍ തരിശ്ശ് നിലങ്ങള്‍ ഏറ്റെടുത്തു നെല്‍കൃഷി ചെയ്ത് സ്വന്തം ബ്രാന്‍ഡില്‍ അരി വിപണിയില്‍ എത്തിക്കുന്ന ഓപറേഷന് പാഡി, ട്രൈബല്‍ മേഖലയിലെ കുഞ്ഞുങ്ങളുടെ പോഷകാഹാര കുറവ് പരിഹരിക്കുന്നതിനുള്ള ന്യൂട്രി ട്രൈബ് പദ്ധതി, ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ക്കും മാതാപിതാക്കള്‍ക്കുമായി നടത്തിയ വിനോദ യാത്ര സന്തോഷയാനം, അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിനുവേണ്ടി ഉള്‍പ്പെടുത്തിയ പദ്ധതികള്‍ എന്നിവ ജനശ്രദ്ധനേടി.
ലൈഫ് ഭവനപദ്ധതിയില്‍ നൂറിലധികം വീടുകളുടെ നിര്‍മാണം പൂർത്തീകരിച്ചു. എല്ലാ വീട്ടിലും ബയോബിന്‍ പദ്ധതി, എല്ലാ വാര്‍ഡിലും മിനി എം.സി.എഫ്, വീടുകളില്‍ സോക്പിറ്റ് ഉള്‍പ്പെടെ 60 ലക്ഷം രൂപയുടെ വിവിധ പദ്ധതികളാണ് ഏറ്റെടുത്തത്. ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ അംഗൻവാടികളും സ്മാര്‍ട്ട് ആക്കുന്നതിന്റെ ആദ്യഘട്ടം പൂര്‍ത്തീകരിച്ചു. എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കാനുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
പൊതുജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ ജനപ്രതിനിധികളും ജീവനക്കാരും നിര്‍വഹണ ഉദ്യോഗസ്ഥരും പ്രയത്നിച്ചതിന്റെ ഫലമാണ് എല്ലാ മേഖലയിലും മികവ് തെളിയിക്കാന്‍ കഴിഞ്ഞതെന്നും നേട്ടം ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി പറ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.