കോന്നി: ധനകാര്യമന്ത്രി പഠിച്ച കലഞ്ഞൂര്‍ ഗവ. എല്‍.പി സ്കൂൾ ശാപമോക്ഷം തേടുന്നു. ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ പഠിച്ച കലഞ്ഞൂരിലെ എല്‍.പി സ്കൂളാണ് കാലങ്ങളായി ഗതികേടിൽ തുടരുന്നത്. മന്ത്രിയുടെ വോട്ട് ചെയ്യാനെത്തുന്ന ബൂത്ത് പ്രവർത്തിക്കുന്നതും ഇൗ സ്കൂളിലാണ്. സ്കൂളിെൻറ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്.
1913-14ൽ പൂർവികരുടെ ശ്രമഫലമായി കലഞ്ഞൂരിലുണ്ടായ ഒരേയൊരു സർക്കാർ സ്കൂളാണ് ഗവ. എൽ.പി.എസ്. 1964വരെ ഇത് നിലനിന്നത് ഇപ്പോൾ ഹൈസ്കൂൾ നിൽക്കുന്ന സ്ഥലത്താണ്. അരനൂറ്റാണ്ടുവരെ അവിടെ പ്രവർത്തിച്ച ആ സ്കൂളിൽ പഠിച്ചവർ ധാരാളമുണ്ട്. മന്ത്രിയടക്കം അനേകം പ്രമുഖരും ആ കൂട്ടത്തിലുണ്ട്. പിന്നീട് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട സ്ക്കൂളിന് ക്ലാസ് മുറികൾ ആവശ്യത്തിന് ലഭ്യമല്ലാത്തതിനാൽ താൽക്കാലികമായി എൽ.പി വിഭാഗത്തെ ആൽത്തറയുടെ സമീപത്തുള്ള കരയോഗക്കെട്ടിടത്തിലേക്ക് മാറ്റി. കെട്ടിടവും മുറികളും പണിതുകഴിഞ്ഞ് യഥാർഥ സ്ഥലത്തേക്ക് തിരിച്ചുവരാൻ വേണ്ടിയായിരുന്നു മാറ്റം.പക്ഷേ, നീണ്ട മൂന്നു പതിറ്റാണ്ടുകഴിഞ്ഞിട്ടും എൽ.പി.എസിനെ ആരും ഓർത്തില്ല. വിദ്യാഭ്യാസ വകുപ്പിെൻറയും സർക്കാറിെൻറയും രേഖകളിൽനിന്നുപോലും ഇപ്പോൾ സ്കൂൾ വളപ്പിെൻറ ഉടമയായ എൽ.പി സ്കൂൾ പുറത്താണ്. രണ്ടിനും വെവ്വേറെ ഹെഡ്മാസ്റ്റർമാർ വന്നത് ഒരു സ്കൂളിനെ രണ്ടാക്കുന്ന സ്ഥിതിയുമുണ്ടാക്കി.
ഇവിടെ മൂത്രപ്പുരയില്ല, കളിസ്ഥലമില്ല, അസംബ്ലി കൂടാൻ സ്ഥലമില്ല, അടുക്കളയില്ല അങ്ങനെ നീണ്ടുപോകുന്നു ഈ വിദ്യാലയത്തിന് ശോച്യാവസ്ഥകളും അവഗണനകളും. വിശാലമായ ക്ലാസ് മുറികളും പരിസരവും വേണ്ട ഇവിടെ കുട്ടികൾ നെടുവീർപ്പോടെയാണ് പഠനം നടത്തിവന്നത്. എല്ലാത്തരം നിയമങ്ങളുടെയും ലംഘനമാണിവിടെ നടക്കുന്നതെന്ന് രക്ഷിതാക്കൾ പറയുന്നു. സ്കൂൾ മൈതാനത്തിനകത്ത് എൽ.പിക്കായി കെട്ടിടങ്ങൾ പണിത് നിലവിലുള്ള സെമി പെർമനൻറ് കെട്ടിടം പഞ്ചായത്തിന് മറ്റാവശ്യങ്ങൾക്കായി വിട്ടുകൊടുക്കുക, ഹൈസ്കൂളിന് മൈതാനത്തിനായി സമീപത്ത് സ്ഥലം കണ്ടെത്തുക, എൽ.പിക്കായി പുതിയ സ്ഥലം കണ്ടെത്തി എല്ലാ ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളുമുള്ള വിദ്യാലയം പണിയുക തുടങ്ങിയവയാണ് പരിഹാരം. ഇവിടുത്തെ എല്ലാ പ്രയാസങ്ങൾക്കിടയിലും 609 കുട്ടികളെ ഈ സ്കൂളിലേക്ക് സമൂഹം നൽകുമ്പോൾ അതിനനുസരിച്ച സൗകര്യം ഒരുക്കിനൽകേണ്ടതിന് മുൻകൈയെടുക്കേണ്ടത് അധികൃതരാണെന്ന് അധ്യാപകരും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.