കോന്നി: ആശുപത്രികളിൽ കറങ്ങിനടന്ന് രോഗികളുടെ പണം കവരുന്ന സ്ഥിരം മോഷ്ടാവായ സ്ത്രീയെ കോന്നി പൊലീസ് കുടുക്കി. ആറന്മുള പുതുവേലിൽ ബിന്ദുരാജിനെയാണ് (41) പത്തനംതിട്ടയിലെ വാടകവീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.
ഈമാസം 14 ന് കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ ഭർത്താവിനെ ചികിത്സയ്ക്കെത്തിച്ച കോന്നി പയ്യനാമൺ സ്വദേശിനി ഏലിയാമ്മയുടെ ബാഗിലുണ്ടായിരുന്ന 30,000 രൂപ ഇവർ മോഷ്ടിച്ച് കടന്നിരുന്നു. അന്നുച്ചയ്ക്ക് ഒരു മണിയോടെ ആശുപത്രിയിലെത്തിയ മോഷ്ടാവ് ആശുപത്രിയിൽ കറങ്ങി നടക്കുകയും രോഗികൾ കിടക്കുന്ന മുറികളിൽ കയറിയിറങ്ങി പരിശോധന നടത്തുകയും ചെയ്തു. തുടർന്ന്, ഡയാലിസിസ് യൂനിറ്റിന് സമീപത്തിരുന്ന ഏലിയാമ്മയുടെ അരികിലെത്തി ബാഗിൽ നിന്നും തന്ത്രപൂർവം പണം കവർന്ന് രക്ഷപ്പെടുകയായിരുന്നു.
ഭർത്താവിനെ ഡയാലിസിസിന് കയറ്റിയപ്പോൾ പുറത്ത് കസേരയിലിരുന്ന് ക്ഷീണം കാരണം മയങ്ങിപ്പോയ സമയത്താണ് സമീപമെത്തിയ യുവതി, അരികത്ത് വെച്ച ബാഗിൽ നിന്നും പണവും രേഖകളുമടങ്ങിയ പഴ്സ് കവർന്നത്. ആശുപത്രിയിലെ ആവശ്യത്തിന് കൊണ്ടുവന്ന പണമാണ് നഷ്ടമായത്. ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക് ഉൾപ്പെടെയുള്ള രേഖകളും നഷ്ടപ്പെട്ടിരുന്നു. ഏലിയാമ്മയുടെ പരാതിപ്രകാരം കേസെടുത്ത കോന്നി പൊലീസ്, ആശുപത്രിയിലെ സി്സി.ടി.വി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച് ഊർജ്ജിതമായ അന്വേഷിച്ചാണ് പ്രതിയെ പിടികൂടിയത്. മാസ്കും കൈയുറയും മോഷ്ടാവ് ധരിച്ചിരുന്നു. എന്നാൽ യുവതി സഞ്ചരിച്ച വാഹനം കണ്ടെത്തിയതോടെ പിടിയിലാകുകയായിരുന്നു.
ആറന്മുള, തിരുവല്ല, പത്തനംതിട്ട പൊലീസ് സ്റ്റേഷനുകളിൽ സമാനരീതിയിലുള്ള മോഷണ കേസുകളിൽ ബിന്ദു രാജ് പ്രതിയാണ്. സ്വകാര്യ ആശുപത്രികളിൽ
കറങ്ങിനടന്ന് രോഗികളുടെയും കൂട്ടിരുപ്പുകാരുടെയും ബാഗുകളിൽ നിന്നും പണം മോഷ്ടിക്കുകയാണ് ഇവരുടെ രീതി.മോഷ്ടിച്ച പണവും ഇവർ യാത്രചെയ്ത വാഹനവും പൊലീസ് കണ്ടെടുത്തു. പ്രതിയെ ആശുപത്രിയിൽ എത്തിച്ച് തെളിവെടുക്കുകയും തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ അട്ടക്കുളങ്ങര വനിത ജയിലിലേക്ക് റിമാൻഡ് ചെയ്തു.
ഇൻസ്പെക്ടർ പി. ശ്രീജിത്ത്, എസ്.ഐ വിമൽ രംഗനാഥൻ, സി.പി.ഒ മാരായ റോയി, പ്രമോദ്, അരുൺ, ജോസൺ, രഞ്ജിത്ത് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.