കോന്നി: കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും കുളത്തുമൺ താമരപ്പള്ളി ഭാഗത്ത് പശുവിന്റെ ജഡം ഭക്ഷിക്കാൻ കടുവ പലതവണ എത്തുകയും ചെയ്തത് നാട്ടുകാരിൽ ഭീതി വർധിപ്പിക്കുന്നു. ദിവസങ്ങൾക്ക് മുമ്പാണ് താമരപ്പള്ളി അഭിജിത് ഭവനിൽ അനിൽ കുമാറും മകൻ അഭിജിത്തും കാണാതായ പശുവിനെ തിരയുന്നതിനിടെ കടുവയെ കാണുന്നത്. പടക്കം പൊട്ടിച്ചും ബഹളംവെച്ചും ഇതിടെ ഓടിച്ചു വിടുകയായിരുന്നു. തുടർന്ന് വനപാലകരെ വിവരം അറിയിച്ചതിനെ തുടർന്ന് ഇവർ സ്ഥലത്തെത്തി കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയുമായിരുന്നു.
സ്ഥലത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച ശേഷം പ്രദേശത്ത് നിരീക്ഷണ കാമറ സ്ഥാപിക്കുക മാത്രമാണ് അധികൃതർ ആകെ ചെയ്തത്. എന്നാൽ, കൊന്നിട്ട പശുവിന്റെ ജഡം ഭക്ഷിക്കാൻ കടുവ നിരവധി തവണ എത്തുകയും ഇത് ഭക്ഷിക്കുകയും ചെയ്തിട്ടും വനം വകുപ്പ് കടുവയെ കുടുക്കാൻ കെണി സ്ഥാപിക്കുന്ന നടപടിയിലേക്ക് നീങ്ങിയില്ല എന്നതാണ് നാട്ടുകാർ ഉന്നയിക്കുന്ന ആക്ഷേപം. പശുവിന്റെ ജഡം പകുതിയിൽ കൂടുതൽ ഭക്ഷിക്കുകയും ചെയ്തിട്ടുണ്ട്. കുളത്തുമൺ, കല്ലേലി,ചെളിക്കുഴി ഭാഗങ്ങൾ വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങൾ ആയതിനാൽ ജനം കൂടുതൽ ഭീതിയിലാണ്.
കടുവയെ കണ്ടുവെന്ന് പറയുന്ന പ്രദേശങ്ങളിൽ കാമറ സ്ഥാപിക്കുക മാത്രമാണ് ബന്ധപ്പെട്ടവർ ചെയ്തിരിക്കുന്നത്. കാമറയിൽ കടുവയുടെ ചിത്രങ്ങൾ പതിഞ്ഞാൽ മാത്രമേ കൂടുവെക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ആലോചിക്കാൻ സാധിക്കുകയുള്ളൂവെന്ന് അധികൃതർ പറയുന്നു. ഇതുമൂലം ആളുകൾക്ക് പുറത്ത് ഇറങ്ങാൻപോലും ഭയമാണെന്ന് നാട്ടുകാരും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.