കോന്നി: കേരളത്തിൽതന്നെ അപൂർവം കാടുകളിൽ മാത്രം കണ്ടുവരുന്ന കരിമ്പുലിയെ അതിരുങ്കലിൽ കണ്ടുവെന്ന് നാട്ടുകാർ ഉറപ്പിച്ച് പറയുമ്പോഴും പുലിയെ തുരത്തുന്നതിന് ആവശ്യമായ നടപടി വനംവകുപ്പിന്റെ ഭാഗത്ത്നിന്ന് ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം. കലഞ്ഞൂർ, ആരുവാപ്പുലം പഞ്ചായത്തുകളിലെ പ്രദേശങ്ങളിൽ പലതവണ പുള്ളിപ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ഒരുതവണ വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ പുലി കുടുങ്ങുകയും ചെയ്തിട്ടും അധികൃതർ നിസ്സംഗത തുടരുന്നു.
കഴിഞ്ഞ ദിവസം മുൻ ജില്ല പഞ്ചായത്ത് അംഗം ബിനി ലാലിന്റെ വീട്ടുമുറ്റത്ത് പുലി വന്നത് വനംവകുപ്പ് സ്ഥിരീകരിച്ചതിന്റെ അടുത്തദിവസം തന്നെ നെല്ലിക്ക കച്ചവടക്കാരിയുടെ മുന്നിലൂടെ പുലി ഓടിപ്പോവുകയും ചെയ്തിരുന്നു. പുലിയെക്കണ്ട് നെല്ലിക്ക കച്ചവടക്കാരി ബോധരഹിതയായി വീഴുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തൊട്ടടുത്തുള്ള സ്ഥലത്ത് കരിമ്പുലിയെ കണ്ടതായി പറയുന്നത്. പുലിയിറങ്ങിയ സ്ഥലങ്ങളിൽ രാത്രികാല പട്രോളിങ് നടത്തുമെന്നും കാമറ സ്ഥാപിക്കുമെന്നുമുള്ള പതിവ് നടപടി അല്ലാതെ ശാശ്വതമായ പരിഹാരത്തിന് വനംവകുപ്പ് അധികൃതർക്ക് കഴിയുന്നില്ല.
പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച രണ്ട് പഞ്ചായത്തുകളിലെ പ്രദേശങ്ങളിലും കാടുകയറി വർഷങ്ങളായി തെളിക്കാതെ കിടക്കുന്ന റബർ തോട്ടങ്ങളും മറ്റ് സ്വകാര്യ ഭൂമികളും പന്നി അടക്കമുള്ള ജീവികളുടെ പ്രധാന ആവാസകേന്ദ്രമാണ്. ഇത്തരം സ്വകാര്യ ഭൂമികളാണ് പുലിയും മറ്റ് ഹിംസ്ര ജന്തുക്കളും നാട്ടിൽ ഇറങ്ങുന്നതിന് പ്രധാന കാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
ആദ്യഘട്ടത്തിൽ പുലി നാട്ടിൽ ആടുകളെയും മൂരിക്കിടാവിനെയും കൊന്നപ്പോൾ ഈ പ്രദേശങ്ങളിലെ കാട് കയറിക്കിടക്കുന്ന തോട്ടങ്ങൾ തെളിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ ഉറപ്പ് നൽകിയെങ്കിലും ഒന്നും നടപ്പിലായില്ല. അതിരുങ്കൽ, പാക്കണ്ടം, അരുവാപ്പുലം മേഖലകളിൽ ഉൾപ്പെടെ നിരവധി കർഷകർക്കാണ് ആടുകളെ അടക്കമുള്ള വളർത്തുമൃഗങ്ങളെ പുലിയുടെ ആക്രമണത്തിൽ നഷ്ടമായത്.
പുലിയെ ഭയന്ന് ഭീതിയോടെയാണ് ആളുകൾ കഴിയുന്നത്. ഈ സ്ഥിതി തുടർന്നാൽ വന്യജീവികളെ ഭയന്ന് ഇവിടെനിന്ന് പലായനം ചെയ്യേണ്ടിവരുമോ എന്ന ഭയത്തിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.