കോന്നി: കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി ലഭിക്കാത്തതുമൂലം രണ്ട് ജലവൈദ്യുതി പദ്ധതികൾ വൈദ്യുതി ബോർഡ് ഉപേക്ഷിക്കുന്നു. വാക്കല്ലാർ, അച്ചൻകോവിൽ ജലവൈദ്യുതി പദ്ധതികളാണ് ഉപേക്ഷിക്കപ്പെടുന്നത്. രണ്ട് പദ്ധതികൾക്കുമായി എകദേശം 210 ഏക്കർ വനഭൂമി ആവശ്യമാണ്.
ഇത്രയും ഭൂമി വിട്ടുനൽകാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുവദിക്കാത്തതാണ് പദ്ധതികൾ ഉപേക്ഷിക്കപ്പെടാൻ ഇടയാക്കിയിരിക്കുന്നത്. ഇരു പദ്ധതികളുടെയും സർവേ നടപടി പൂർത്തീകരിച്ച് റിപ്പോർട്ടുകളും കൈമാറിയതാണ്.
കരിമാൻതോട് വാക്കല്ലാർ നദിയിലെ ജലം ഉപയോഗിച്ച് 24 മെഗാവാട്ട് വൈദ്യുതിയും അച്ചൻകോവിലാറ്റിലെ ജലം ഉപയോഗിച്ച് 13 മെഗാവാട്ട് വൈദ്യുതിയും ഉൽപാദിപ്പിക്കാനായിരുന്നു പദ്ധതി.
സംസ്ഥാനം കടുത്ത വൈദ്യുതിക്ഷാമം നേരിടുന്നതിനാൽ കൂടുതൽ വൈദ്യുതി പദ്ധതികൾ ആവശ്യമാണ്. ഏറ്റവും ചെലവ് കുറവ് ജലവൈദ്യുതി പദ്ധതികളുമാണ്. നിർമാണം പൂർത്തിയായാൽ പിന്നീട് നാമമാത്ര ചെലവേ നടത്തിപ്പിന് വേണ്ടിവരുകയുള്ളൂ എന്നതാണ് ജലവൈദ്യുതി പദ്ധതികളുടെ മേന്മ. വനംവകുപ്പിന് പകരം ഭൂമി ലഭ്യമാക്കിയാൽ പദ്ധതിക്ക് സ്ഥലം വിട്ടുകിട്ടിയേക്കുമെന്ന് പറയപ്പെടുന്നുണ്ട്. പകരം ഭൂമി കണ്ടെത്തിനൽകാൻ സംസ്ഥാന സർക്കാർ കാര്യമായ ശ്രമം നടത്തുന്നുമില്ല.
ജില്ലയിലെ തോട്ടംമേഖലയിൽ വൻകിട കമ്പനികൾ അനധികൃതമായി വനഭൂമി കൈയേറി കൃഷി നടത്തിവരുന്നുണ്ട്. ഈ ഭൂമി സർവേ നടത്തി വീണ്ടെടുത്താൽ പദ്ധതിക്ക് വനംവകുപ്പ് വിട്ടുനൽകുന്ന ഭൂമിക്ക് പകരം ഭൂമി നൽകാനാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.