കോന്നി: കോന്നിയിൽ കാട്ടാനയും കാട്ടുപോത്തും നാട്ടുകാരുടെ ഉറക്കം കെടുത്തുമ്പോൾ നടപടി സ്വീകരിക്കാതെ വനം വകുപ്പ് അധികൃതർ. കഴിഞ്ഞ ദിവസം ഇളകൊള്ളൂർ പള്ളിപടിക്ക് സമീപം രണ്ട് കാട്ടുപോത്ത് എത്തിയതായി വീടുകളിലെ സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നു. എന്നാൽ, വനം വകുപ്പ് അധികൃതർ രണ്ട് ദിവസത്തിലേറെയായി രാവും പകലും തിരച്ചിൽ നടത്തിയിട്ടും കാട്ടുപോത്തുകളെ കണ്ടത്താൻ കഴിഞ്ഞിട്ടില്ല.
നദിക്ക് അക്കരെ വെട്ടൂരിൽ നടത്തിയ പരിശോധനയിൽ കാട്ടുപോത്തിന്റെ കാൽപാട് കണ്ടെത്തിയതോടെ പോത്ത് നദി കടന്നുപോയി എന്ന നിഗമനത്തിൽ എത്തിച്ചേരാൻ മാത്രമാണ് വൻ വകുപ്പ് അധികൃതർക്ക് കഴിഞ്ഞത്. ഒന്ന് മാത്രമാകും മാറുകര കടന്നതെന്നാണ് നാട്ടുകാരുടെ സംശയം. ഇതിന് ശേഷമാണ് കഴിഞ്ഞ ദിവസം കല്ലേലി ശിവ ചാമുണ്ഡി ക്ഷേത്രത്തിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ക്ഷേത്രത്തിലേ പൂജാദ്രവ്യങ്ങൾ അടക്കം കാട്ടാന നശിപ്പിച്ചു.
അന്നേ ദിവസം രാത്രി തണ്ണിത്തോട് റോഡിലെ ഇലവുങ്കൽ തോടിന് സമീപം സ്കൂട്ടർ യാത്രികന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായി.
കഴിഞ്ഞ ദിവസം രാത്രി 7.45നാണ് സംഭവം. തണ്ണിത്തോട് സ്വദേശി വലിയ വിളയിൽ വീട്ടിൽ സുധായി തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കുമ്മണ്ണൂർ, നെടിയകാല, കല്ലേലി, തണ്ണിത്തോട്, തേക്കുതോട്, പൂച്ചാക്കുളം തുടങ്ങി വിവിധ സ്ഥലങ്ങളിൽ കാട്ടാനശല്യം രൂക്ഷമാകുകയാണ് ഇപ്പോൾ. വനാതിർത്തികളിൽ സൗരോർജ വേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തന ക്ഷമമല്ല. ഇതും വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നതിന് പ്രധാന കാരണമാണ്. കല്ലേലി ഭാഗത്ത് മാസങ്ങളായി തുടരുന്ന കാട്ടാന ശല്യത്തിന് പരിഹാരം കാണാനും ബന്ധപ്പെട്ട അധികൃതർക്ക് കഴിയുന്നില്ല.
സംസ്ഥാന പാതയിൽ പോലും കാട്ടുപന്നിയുടെ ആക്രമണങ്ങളിൽ ചികിത്സയിൽ കഴിയുന്നവരും അനവധിയാണ്. പലപ്പോഴും ഇവർക്ക് ആവശ്യമായ നഷ്ടപരിഹാരം പോലും ലഭിക്കുന്നില്ല എന്നതാണ് സത്യം.
കാടിറങ്ങി എത്തുന്ന വന്യമൃഗങ്ങൾ നാട്ടുകാരുടെ ഉറക്കം കെടുത്തുമ്പോൾ വനം വകുപ്പ് അധികൃതർ ഉണർന്നു പ്രവർത്തിക്കേണ്ടത് ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.