പത്തനംതിട്ട: തീർഥാടന കേന്ദ്രങ്ങളിലേക്കുന്ന പ്രവേശന കവാടമായ കുമ്പഴയുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന ആസൂത്ര പദ്ധതി പുറത്തിറക്കി. പദ്ധതി സർക്കാർ അംഗീകാരത്തിന് സമർപ്പിക്കുന്നതിന് മുമ്പ് ആക്ഷേപങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടുന്നതിന് വിശദ ചർച്ചകൾ സംഘടിപ്പിക്കും.പത്തനംതിട്ട നഗരസഭാ മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് കുമ്പഴ സ്കീം പ്രസിദ്ധീകരിച്ചത്. കുമ്പഴ ജങ്ഷനും പരിസരവും എന്ന പേരിൽ തയ്യാറാക്കിയ വിശദ നഗരസൂത്രണ പദ്ധതി സ്വയംഭരണ വകുപ്പിന്റെ വെബ്സൈറ്റിലാണ് പ്രസിദ്ധീകരിച്ചത്. പുതുക്കിയ വിശദ നഗരസൂത്രണ പദ്ധതിയുടെ പകർപ്പ് നഗരസഭാ, ജില്ല പ്ലാനിങ് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭിക്കും.
പദ്ധതി സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടുന്നതിന് പൊതുജനങ്ങളും വിഷയ വിദഗ്ധരും പങ്കെടുക്കുന്ന സെമിനാർ ഈ മാസം 23ന് വൈകുന്നേരം അഞ്ചു മണിക്ക് കുമ്പഴയിൽ നഗരസഭ സംഘടിപ്പിക്കും. നിലവിലെ നിയന്ത്രണങ്ങളിൽ ഇളവ് നൽകി ഉപനഗരത്തിന്റെ വികസനം സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് നഗരസഭ ചെയർമാൻ അഡ്വ. ടി.സക്കീർ ഹുസൈൻ പറഞ്ഞു.
നഗര വികസനത്തിനായി എല്ലാ മേഖലകളിലും നിക്ഷേപത്തിനുള്ള അവസരമാണ് പദ്ധതി വഴി ഒരുങ്ങുക. ഭൂവിനിയോഗത്തിൽ ലഭ്യമാകുന്ന ഇളവുകൾ വിദേശത്തും നാട്ടിലുമുള്ള നിക്ഷേപകർക്ക് വാണിജ്യ, വ്യവസായ, വിനോദ സംരഭങ്ങൾ ആരംഭിക്കാൻ സഹായകമാകും. സ്വകാര്യ നിക്ഷേപങ്ങൾ കൂടാതെ പൊതു സ്വകാര്യ നിക്ഷേപങ്ങളിലൂടെയും സംരംഭങ്ങൾ ആരംഭിക്കാം. ഭൂമിയുടെ ഉപയോഗം സംബന്ധിച്ച നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നതിനാൽ സ്കീമുമായി ബന്ധപ്പെട്ട ചർച്ചകളിൽ ജനങ്ങൾ ഗൗരവത്തോടെ ഇടപെടണമെന്നും ചെയർമാൻ അഭ്യർഥിച്ചു.
ജില്ലയിലെ തീർത്ഥാടന കേന്ദ്രങ്ങളായ ശബരിമല, മലയാലപ്പുഴ, മാരാമൺ എന്നിവിടങ്ങളിലേക്ക് തീർഥാടകർ കടന്നു പോകുന്ന പ്രധാന കേന്ദ്രമാണ് കുമ്പഴ. കുമ്പഴ തിരുവല്ല റോഡും ഈസ്റ്റേൺ ഹൈവേയും സന്ധിക്കുന്ന ജങ്ഷൻ കൂടിയായ കുമ്പഴയെ ജില്ല ആസ്ഥാനത്തിന്റെ പ്രധാന കവാടമാക്കുന്ന പദ്ധതിയാണ് നഗരസഭ വിഭാവനം ചെയ്തിരിക്കുന്നത്.
നഗരത്തിന്റെ മൊത്തം മാസ്റ്റർ പ്ലാനിന് ഉപരിയായി ഒരു പ്രദേശത്തിന്റെ വിശദമായ വികസന നിർദേശങ്ങൾ ഉൾക്കൊള്ളുന്നു എന്നതാണ് സ്കീമിന്റെ പ്രത്യേകത. കുമ്പഴ പ്രദേശത്ത് മേഖല നിയന്ത്രണങ്ങളോടുകൂടിയ ഭൂവിനിയോഗത്തിന് മാപ്പ് തയാറാക്കിയിട്ടുണ്ട്. പദ്ധതി പ്രദേശത്തെ 15 സോണുകളായി തിരിച്ചിട്ടുണ്ട്. കുമ്പഴ ജങ്ഷനോട് ചേർന്ന് നിലവിലുള്ള ഓപ്പൺ സ്റ്റേജ് കുമ്പഴ സ്ക്വയറായി വികസിപ്പിക്കും.
പ്രധാന ഭാഗത്ത് ഗേറ്റ് വേ ലാൻഡ് മാർക്ക് സ്ഥാപിക്കും. കൂടാതെ കുമ്പഴ മാർക്കറ്റിന്റെ വികസനം, ജല സാഹസിക വിനോദങ്ങൾക്കായി അച്ഛൻകോവിൽ ആറിന്റെ ഭാഗങ്ങൾ ഉപയോഗപ്പെടുത്തൽ, ആറിന്റെ വടക്കുഭാഗത്തായി റിവർ വ്യൂ കോർണിഷ് പാർക്ക്, നഗരതല വിനോദ ഉദ്യാനം, പ്രത്യേക വാണിജ്യ വികസന മേഖല, തുണ്ടമൺ കരകടവിൽ ഗ്രേ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്, പ്രമാടം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന തൂക്കുപാല നിർമ്മാണം, വെള്ളപ്പൊക്ക നിയന്ത്രണ ഉദ്ദേശത്തോടുകൂടിയ റീചാർജിങ് കുളവും എക്കോളജിക്കൽപാർക്ക് നിർമ്മാണവും കമ്മ്യൂണിറ്റി ഹാൾ, വെൻഡിങ് സ്ട്രീറ്റ്, രാത്രികാല സൗഹൃദ വെൻഡിങ് ഷോപ്പുകൾ, ഗതാഗതം സുഗമമാക്കുന്നതിന് സ്മാർട്ട്ബസ് ബേകൾ, പ്രത്യക പാർക്കിങ് സ്ഥലങ്ങൾ, കാൽ നടപ്പാത, സൈക്ലിങ് ട്രാക്ക് തുടങ്ങിയവയാണ് സ്കീമിലെ പ്രധാന നിർദ്ദേശങ്ങൾ.
ടി.കെ.റോഡിന്റയും ഈസ്റ്റേൺ ഹൈവേയുടേയും വശങ്ങളിൽ സമ്മിശ്ര ഭൂവിനിയോഗം അനുവദിക്കാനുള്ള നിർദ്ദേശം ഭൂഉടമകൾക്ക് വലിയ ആശ്വാസമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.