പത്തനംതിട്ട : തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ കർശന നിർദേശം പഞ്ചായത്തുകളുടെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കാൻ സാധ്യത. തനതുഫണ്ട് അതാത് പഞ്ചായത്തുകളുടെ വരുമാന സ്രോതസ്സാണ്.
കെട്ടിടങ്ങളിൽ നിന്നും പിരിക്കുന്ന വസ്തു നികുതി, കെട്ടിട നിർമാണ പെർമിറ്റ് ഉൾപ്പെടെ വിവിധ ഇനങ്ങളിലായി ലഭിക്കുന്ന ലൈസൻസ് ഫീസുകളിലൂടെ തദ്ദേശസ്ഥാപനങ്ങൾക്ക് ലഭിക്കുന്ന വരുമാനമാണ് തനത് ഫണ്ട്. അതിലൂടെ കിട്ടുന്ന പണം കൊണ്ടാണ് പഞ്ചായത്തുകൾ പ്രവർത്തിക്കുന്നത്. വരൾച്ച രൂക്ഷമാകുമ്പോൾ കുടിവെള്ളം നൽകുന്നതും തെരുവുവിളക്ക് കത്തിക്കുന്നതും മാലിന്യനിർമാർജനവുമായി ബന്ധപ്പെട്ട തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതും ജീവനക്കാർക്ക് ശമ്പളവും ഓണറേറിയം നൽകുന്നതും താൽക്കാലിക ജീവനക്കാരുടെ വേതനം ഉൾപ്പെടെയുള്ള കാര്യങ്ങളും ഈ ഫണ്ട് ഉപയോഗിച്ചാണ് പഞ്ചായത്തുകൾ നിർവഹിക്കുന്നത്. കോളനികളിൽ കുടിവെള്ളക്ഷാമം രൂക്ഷമായ സമയമാണിത്. പൊതു ടാപ്പുകളെയാണ് കൂടുതലും ആശ്രയിക്കുന്നത്. ഇതിന്റെ പണവും തനത് ഫണ്ടിൽ നിന്നുമാണ് പഞ്ചായത്തുകൾ അടച്ചുവരുന്നത്. എന്നാൽ തനത് ഫണ്ട് ട്രഷറിയിലേക്ക് മാറ്റാനുള്ള തീരുമാനത്തെ ഹൈകോടതി തടഞ്ഞിട്ടുണ്ട്. അങ്ങനെ മാറ്റണമെങ്കിൽ പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം വേണം. അതിന് വിരുദ്ധമായി ഒരു ഉത്തരവിറക്കിയാൽ ഉദ്യോഗസ്ഥർ കോടതിയലക്ഷ്യം നേരിടേണ്ടി വരും.
അതുകൊണ്ടാണ് ഉത്തരവിനുപകരം സർക്കുലർ ഇറക്കിയിട്ടുള്ളത്. പഞ്ചായത്തിലെ ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള തീരുമാനമാണിതെന്നാണ് ആക്ഷേപം. പല പഞ്ചായത്തുകളിലും പാലിയേറ്റീവ് കെയർ യൂനിറ്റുകളുടെ പ്രവർത്തനം പോലും പ്രതിസന്ധിയിലാണിപ്പോൾ. താൽക്കാലിക ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും മാർഗ്ഗമില്ല. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് കിടാരികളെയും കോഴിക്കുഞ്ഞുങ്ങളെയും വിതരണം ചെയ്ത വകയിൽ കരാറുകാർക്കുള്ള പണവും ഇതുവരെ കൊടുക്കാനായിട്ടില്ല.
കരാറുകാരെ കാണുമ്പോൾ പ്രസിഡൻറുമാർ ഓടിയൊളിക്കേണ്ട സാഹചര്യമാണ്. വികസന സെമിനാർ നടത്തി ഭക്ഷണം കൊടുത്തതിന്റെ ബില്ല് പോലും മാറാൻ കഴിയാത്ത അവസ്ഥയാണ്. പ്ലാൻ ഫണ്ട് ഉപയോഗിച്ച് ചെയ്ത കാര്യങ്ങൾക്ക് പണം കൊടുക്കാൻ കഴിയാത്ത അവസ്ഥയിൽ പഞ്ചായത്തുകൾ തനത് പണ്ട് ഉപയോഗിച്ചാണ് അത്യാവശ്യ ചെലവുകൾ നടത്തിയിരുന്നത്. സർക്കാർ നടപടി പഞ്ചായത്ത് ഓഫീസുകളെ അടച്ചിടലിന്റെ വക്കിൽ എത്തിച്ചിരിക്കുകയാണെന്നും ദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയിലേക്ക് മാറ്റാനുള്ള നിർദ്ദേശം എത്രയും വേഗം പിൻവലിക്കണമെന്നും ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് പ്രസിഡൻറ്സ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ ജോൺസൺ വിളവിനാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.