പത്തനംതിട്ട മാസ്റ്റർ പ്ലാനിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ലിഡാർ സർവേ ചെയർമാൻ
അഡ്വ. ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു
പത്തനംതിട്ട: നഗരത്തിന്റെ വികസനത്തിനായി തയാറാക്കുന്ന പത്തനംതിട്ട മാസ്റ്റർ പ്ലാനിന്റെ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക്. 15 വർഷമായി നടന്നുവരുന്ന മാസ്റ്റർ പ്ലാൻ രൂപവത്കരണ പ്രവർത്തനങ്ങളാണ് ഇതോടെ പൂർത്തിയാകുന്നത്. നഗരത്തിലെ ഡ്രെയിനേജ് മാനേജ്മെന്റ് പ്ലാൻ തയാറാക്കാനുള്ള സർവേയാണ് ഇപ്പോൾ ആരംഭിക്കുന്നത്.
മാസ്റ്റർ പ്ലാനിന്റെ ഭാഗമായി അഞ്ച് സ്കീമുകൾക്കാണ് രൂപം നൽകിയിട്ടുള്ളത്. ജില്ല ആസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് നിരവധി നിർദേശങ്ങളടങ്ങുന്ന അഞ്ച് നഗരസൂത്രണ പദ്ധതികൾക്കാണ് നഗരസഭ കൗൺസിൽ അംഗീകാരം നൽകിയിട്ടുള്ളത്. ആദ്യം പ്രസിദ്ധീകരിച്ചത് കുമ്പഴ സ്കീമാണ്. സെൻട്രൽ ഏരിയ, മുനിസിപ്പൽ ബസ് സ്റ്റാൻഡ് കോംപ്ലക്സ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും പരിസരവും, കണ്ണങ്കര എന്നീ സ്കീമുകൾ കൂടി പ്രസിദ്ധീകരിച്ചു.
ഈ സ്കീമുകൾ ബാധകമാകാത്ത നഗരത്തിലെ മറ്റു പ്രദേശങ്ങൾക്കാണ് ഇപ്പോൾ മാസ്റ്റർ പ്ലാൻ രൂപീവത്കരിക്കുന്നത്. മാസ്റ്റർ പ്ലാനിന്റെ ഭാഗമായി ഡ്രെയിനേജ് മാനേജ്മെന്റ് പ്ലാൻ രൂപവത്കരിക്കേണ്ടതുണ്ട്. ഇതിനായി ഡ്രോൺ ഉപയോഗിച്ചുള്ള ലിഡാർ സർവേക്ക് നഗരത്തിൽ തുടക്കമായി. റീബിൽഡ് കേരള ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലോകബാങ്ക് ഉൾപ്പെടെ ഏജൻസികളുടെ സഹായത്തോടെയാണ് പത്തനംതിട്ട നഗരത്തിന് റിസ്ക് ഇൻഫോംഡ് മാസ്റ്റർപ്ലാൻ തയാറാക്കി വരുന്നത്.
നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ ലിഡാർ സർവേ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൻ ആമിന ഹൈദരാലി അധ്യക്ഷത വഹിച്ചു. കൗൺസിലർ വിമല ശിവൻ, മുനിസിപ്പൽ എൻജിനീയർ സുധീർ രാജ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.