പത്തനംതിട്ട: പോപുലര്‍ ഫിനാന്‍സിെൻറ കോന്നി വകയാറുള്ള ആസ്ഥാനത്തെ ജീവനക്കാരെ ചോദ്യം ചെയ്തതായി ജില്ല പൊലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. അക്കൗണ്ട്സ് മാനേജര്‍, ട്രഷറി മാനേജര്‍, ഐ.ടി മാനേജര്‍, അക്കൗണ്ടൻറ്, ഓഡിറ്റര്‍ ഇന്‍സ്പെക്ടര്‍ എന്നിവരെയാണ് ചോദ്യം ചെയ്തത്. ഫിനാന്‍സ് സ്ഥാപനത്തിെൻറ കീഴിലുള്ള വിവിധ ശാഖകളിലും മറ്റും വന്ന നിക്ഷേപങ്ങളും പുറത്തേക്കുപോയ തുകകളും സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ചുവരുകയാണ്. ജില്ല സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥര്‍ കണക്കുകള്‍ വിശകലനം ചെയ്യുന്നതായും ചോദ്യം ചെയ്യലില്‍ വിലപ്പെട്ട വിവരങ്ങള്‍ ലഭിച്ചതായും കെ.ജി. സൈമണ്‍ അറിയിച്ചു.
പരിശോധന തുടരുകയാണ്. നിക്ഷേപകരുടെ പണം വിവിധ പേരുകളില്‍ രജിസ്റ്റര്‍ ചെയ്ത് മറ്റ് സ്ഥാപനങ്ങളിലേക്ക് വകമാറ്റിയത് സംബന്ധിച്ചതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ഉപകരിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇലക്ട്രോണിക് രേഖകള്‍ വിശകലനം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, പ്രതികളുടെ പേരില്‍ തമിഴ്നാട്ടില്‍ ഉണ്ടെന്ന് പറയപ്പെടുന്ന വസ്തുവകകളെപ്പറ്റി വിശദമായി അന്വേഷിക്കുന്നതിന് കോന്നി എസ്.ഐ കിരണിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം യാത്രതിരിച്ചു.
പോപുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ അന്വേഷണമാണ് നടക്കുന്നത്. പ്രതികളുമായി രണ്ടു ടീമായി തിരിഞ്ഞ് പൊലീസ് തെളിവെടുപ്പ് പുരോഗമിക്കുകയാണ്. കോന്നി പൊലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിൽ ചെന്നൈയിലെ തെളിവെടുപ്പ് പൂര്‍ത്തിയായി. ഇനി ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലേക്ക് സംഘം പ്രതികളുമായി തെളിവെടുപ്പ് നടത്തും.
അടൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആസ്ട്രേലിയ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ കമ്പനി മാറ്റിയ അക്കൗണ്ടുകളെപ്പറ്റിയും അവിടങ്ങളിലെ സഹായികളെപ്പറ്റിയും അന്വേഷണവും രേഖകളുടെ പരിശോധനയും തുടരുന്നു. നിക്ഷേപകരുടെ തുകകള്‍ ഇതരകമ്പനികളുടെ പേരില്‍ വകമാറ്റിയത് സംബന്ധിച്ചും വിവരം ലഭിച്ചു. തെളിവെടുപ്പുകള്‍ പൂര്‍ത്തിയാകുന്ന മുറക്ക് പ്രതികളെ ഒരുമിച്ച് ഐ.ജി ചോദ്യം ചെയ്യുമെന്നും അതിനുശേഷമേ പ്രതികളെ തിരികെ കോടതിയില്‍ ഹാജരാക്കൂവെന്നും കെ.ജി. ൈസമൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.