പത്തനംതിട്ട: ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിങ്ങിൽ ഒളിച്ചുകളി. ബുക്കിങ് ആരംഭിച്ചപ്പോൾ പ്രതിദിന ബുക്കിങ് 70,000 പേർക്ക് മാത്രമായി പരിമിതപ്പെടുത്തി. പ്രതിദിനം 80,000 പേർക്ക് ഓൺലൈനായി ബുക്ക് ചെയ്യാനാകും എന്ന് പറഞ്ഞിടത്താണ് ഇത്. സ്പോട്ട് ബുക്കിങ് നിർത്തലാക്കിയതിനെതിരെ മുന്നണിയിൽനിന്നുതന്നെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ നിയമസഭയിൽ സ്പോട്ട് ബുക്കിങ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയാണ് തർക്കത്തിന് വിരാമമിട്ടത്.
എന്നാൽ ഇപ്പോൾ 70,000 പേർക്ക് മാത്രം ഓൺലൈൻ ബുക്കിങ് കഴിഞ്ഞശേഷം 10,000 പേർക്ക് സ്പോട്ട് ബുക്കിങ് നൽകാനാണ് നീക്കമെന്നാണ് കരുതുന്നത്. 10,000 പേര്‍ക്ക് സ്പോട്ട് ബുക്കിങ്ങിലൂടെ അവസരം ഒരുക്കിയാല്‍ സര്‍ക്കാര്‍ പറഞ്ഞ 80,000 എന്ന കണക്കിലേക്ക് എത്തും. കഴിഞ്ഞ മണ്ഡല- മകരവിളക്ക് സീസണില്‍ 70,000 പേർക്കായിരുന്നു വെർച്വൽ ക്യൂവിലൂടെ പ്രതിദിന ബുക്കിങ്. സ്പോട്ട് ബുക്കിങ്ങും അനുവദിച്ചു. ഒരു ലക്ഷത്തിനുമേൽ ഭക്തർ ദർശനം നടത്തിയ ദിവസങ്ങളും ഉണ്ടായിരുന്നു. എന്നാൽ, പുതിയ നിലപാടിൽ വ്യക്തമായ മറുപടിയോ വിശദീകരണമോ നൽകാതെ ദേവസ്വം ബോർഡ് അധികൃതർ ഒഴിഞ്ഞുമാറുകയാണ്. ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ് മാത്രം അനുവദിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലാണ് തീരുമാനിച്ചത്.
അതിനെതിരെയാണ് മുന്നണിയിൽതന്നെ പ്രതിഷേധം ഉയർന്നത്. ശബരിമലയിൽ കാലാനുസൃതമായി അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സ്പോട്ട് ബുക്കിങ് ഒഴിവാക്കി തീർഥാടകരെ പരിമിതപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നത്. എന്നാൽ, ഇക്കാര്യം തുറന്ന് സമ്മതിക്കാൻ സർക്കാറോ, ദേവസ്വം ബോർഡോ തയാറല്ല എന്നതാണ് സ്ഥിതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.