ചിറ്റാർ: കൊക്കാത്തോട്ടില്‍ ഒരുങ്ങുന്നത് ആധുനികസൗകര്യങ്ങളോടുകൂടിയ പ്രാഥമികാരോഗ്യകേന്ദ്രമാണെന്ന് കെ.യു ജനീഷ്കുമാര്‍ എംഎല്‍എ പറഞ്ഞു.
അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട് പ്രാഥമികാരോഗ്യത്തിനു (പി.എച്ച്.സി) വേണ്ടിയുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു എംഎല്‍എ. സംസ്ഥാന സര്‍ക്കാറിന്റെ ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി 1.24 കോടി രൂപയാണ് കെട്ടിട നിര്‍മാണത്തിനായി വകയിരുത്തിയത്.
നിലവിെല കെട്ടിടം നവീകരിക്കുക മാത്രമല്ല ഇരുനിലയുള്ള മറ്റൊരു കെട്ടിടം കൂടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി നിര്‍മിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലാബ് അടക്കമുള്ള സജ്ജീകരണങ്ങളാണ് ഇവിടെ ഒരുങ്ങുന്നത്. ഡോക്ടര്‍മാരുടെ എണ്ണവും ഒ.പി സമയവും വര്‍ധിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും.
ഗ്രാമപഞ്ചായത്തിലെ അര്‍ഹരായവര്‍ക്ക് കേന്ദ്രാനുമതി ലഭിച്ചാല്‍ ഉടന്‍ പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. എംഎല്‍എ പറഞ്ഞു.
അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്,സ്ഥിരം സമിതി അധ്യക്ഷരായ സി.എന്‍ ബിന്ദു, പി. സിന്ധു, വി. ശ്രീകുമാര്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ആര്‍ദ്രം മിഷന് നോഡല്‍ ഓഫീസര്‍ ഡോ അംജിത്ത് രാജീവന്, കൊക്കത്തോട് പിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ എസ്. ആര് രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.