പത്തനംതിട്ട: എത്ര പരിശോധന നടത്തിയാലും ഹോട്ടലുകളും ബേക്കറികളും നാട്ടുകാർക്ക് പഴകിയ ഭക്ഷണ സാധനങ്ങൾ മാത്രമേ നൽകൂവെന്ന വാശിയിലാണ് ചിലർ.ബുധനാഴ്ച നടന്ന തുടർ പരിശോധനകളിലും പത്തനംതിട്ട നഗരത്തിലെ മിക്ക ഭക്ഷണ വിൽപന സ്ഥാപനങ്ങളിൽനിന്നും പഴകിയ ഭക്ഷണം പിടികൂടി. നടപടി പേരിലൊതുങ്ങുന്നതിനാലാണ് പഴകിയ ഭക്ഷണ വിൽപനക്ക് അറുതിയാകാത്തത്.
നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ശാന്തി ഹോട്ടൽ, തനിമ ഹോട്ടൽ, ഇന്ത്യാ കോഫി ഹൗസ്, തോംസൺ ബേക്കറി, ഗോൾഡൻ ബേക്കറി, ഖലീല ബോർമ, ജോസ് ഹോട്ടൽ, മിഷ്ബി ഹോട്ടൽ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ബുധനാഴ്ച പഴകിയതും ഉപയോഗശൂന്യവുമായ ആഹാരപദാർഥങ്ങൾ പിടിച്ചെടുത്തത്. 16 സ്ഥാപനങ്ങളിൽ നടന്ന പരിശോധനയിൽ എട്ടിടത്തുനിന്ന് പഴകിയ ആഹാരസാധനങ്ങൾ കണ്ടെത്തി. ദിവസങ്ങൾ പഴക്കമുള്ള കറികൾ, ഇറച്ചി- മീൻകറികൾ, മറ്റ് ഭക്ഷ്യസാധനങ്ങൾ ഇവയെല്ലാം പിടികൂടി. പലതും ചൂടാക്കി വീണ്ടും നൽകുകയാണ് ചെയ്യുന്നത്.
അടുക്കളഭാഗങ്ങളും പരിസരങ്ങളും വൃത്തിഹീനമായി പ്രവർത്തിക്കുന്നതായും കണ്ടെത്തി. നഗരത്തിലെ ബേക്കറികളെ സംബന്ധിച്ചും പരാതികൾ ഏറുകയാണ്. ബോർമകളിൽ ശുചിത്വം പാലിക്കുന്നില്ല. ഇവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ആരോഗ്യ കാർഡ് ഇല്ല.അസുഖങ്ങൾ ബാധിച്ചവർപോലും ബോർമകളിൽ ജോലി ചെയ്യുന്നുണ്ട്. പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയ സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കാൻ നോട്ടീസ് നൽകിയെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.
വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും നോട്ടീസും നൽകിയത്രെ. പ്ലാസ്റ്റിക് ഉൾപ്പെടെ അജൈവമാലിന്യം കത്തിക്കുന്ന ഡയാന ബോർമക്കും നോട്ടീസ് നൽകി.പഴയ ആഹാരസാധനങ്ങൾ പടികൂടിയാലും നടപടി നോട്ടീസ് കൊടുക്കലിലും ചെറിയ പിഴ ഈടാക്കുന്നതിലും ഒതുങ്ങുന്നതിനാൽ പരിശോധന ഇപ്പോൾ ആരും ഗൗനിക്കാത്ത നിലയാണ്.
ജീവൻ അപകടത്തിലാക്കുന്ന ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. അതിനാലാണ് ഒരിക്കൽ പിഴചുമത്തിയ സ്ഥാപനങ്ങൾ തന്നെ വീണ്ടും പരിശോധിച്ചാലും മാറ്റമുണ്ടാകാത്തത്.ബുധനാഴ്ച നടന്ന പരിശോധനക്ക് നഗരസഭ ഹെൽത്ത് സൂപ്പർവൈസർ മുഹമ്മദ് ഫൈസൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ദീപു രാഘവൻ, സുജിത് എസ്. പിള്ള എന്നിവർ നേതൃത്വം നൽകി.വൃത്തിഹീനമായ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജെറി അലക്സ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.