കോന്നി: അച്ഛൻകോവിലാറ്റിലെ വെട്ടൂർ ഇല്ലത്ത്കടവിൽ വിദ്യാർഥികൾ മുങ്ങിമരിച്ചതിന്റെ ഞെട്ടലിൽ പ്രദേശവാസികൾ.ഉച്ചയോടെ പാടത്ത് കളികഴിഞ്ഞ് എത്തിയ സംഘം നദിയുടെ തീരത്തുകൂടി തന്നെയാണ് കടവിലേക്ക് വന്നത്. എന്നാൽ, ഇവർ കടവിലെത്തിയത് നാട്ടുകാർ ആരും ശ്രദ്ധിച്ചിരുന്നില്ല. മാത്രമല്ല, സ്കൂൾ വിദ്യാർഥികൾ അടക്കം ഇവിടെ കുളിക്കുന്നത് പതിവാണെന്നും പ്രദേശവാസികൾ പറയുന്നു.
വിജനമായ കടവിൽ പുറത്തുനിന്നുള്ളവർ എത്തുന്നതിനെതിരെ നടപടി വേണമെന്ന് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടിട്ടും ഒരു പ്രതികരണവും അധികൃതരിൽനിന്ന് ഉണ്ടായില്ല. കഴിഞ്ഞദിവസം പുറത്തുനിന്ന് എത്തിയ വിദ്യാർഥിസംഘങ്ങൾ തമ്മിൽ ഇവിടെ സംഘർഷം ഉണ്ടായിരുന്നു. ഉപയോഗിച്ച് ഉപേക്ഷിച്ച സിറിഞ്ചും സൂചിയും ഉൾപ്പെടെ കടവിൽനിന്ന് കണ്ടെടുത്തിട്ടും അന്വേഷണം ഉണ്ടായില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
കോന്നി: ഒപ്പമെത്തിയ ഋഷിയുടെയും അഭിരാജിന്റെയും വിയോഗം താങ്ങാനാകാതെ സുഹൃത്ത് കാർത്തിക്. ഇല്ലത്ത് കടവിൽ ആദ്യമിറങ്ങിയ അഭിരാജ് മുങ്ങിത്താഴുന്നതുകണ്ട് ഋഷി രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ഇരുവരും അരയറ്റം വെള്ളത്തിലായി.
ഈ കാഴ്ചകണ്ട് കാർത്തിക് മുന്നോട്ടുനീങ്ങി ഋഷിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വെപ്രാളത്തിൽ ഋഷി കാർത്തിക്കിനെ പിടിച്ചപ്പോഴേക്കും കാർത്തിക് വെള്ളത്തിൽ താഴുന്ന കാഴ്ചയാണ് പ്രദേശവാസികൾ കണ്ടത്. കണ്ടുനിന്ന നാട്ടുകാർ കാർത്തിക്കിനെ രക്ഷിച്ച് കരക്കെത്തിച്ചപ്പോഴാണ് രണ്ടുപേർ തനിക്ക് മുമ്പേ വെള്ളത്തിൽ താഴ്ന്നു എന്ന് നാട്ടുകാരോട് പറയുന്നത്. ഉടൻതന്നെ നാട്ടുകാരും തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
കോന്നി: ഫുട്ബാൾ ആവേശം മനസ്സിൽ കൊണ്ടുനടന്ന് കഴിഞ്ഞ മൂന്നുവർഷമായി ഒരേ കളത്തിൽ പന്ത് തട്ടിക്കളിച്ച ഒമ്പതംഗ സംഘത്തിലെ ഋഷിയുടെയും അഭിരാജിന്റെയും വിയോഗം വിശ്വസിക്കാനാകാതെ മറ്റുള്ളവർ.കുമ്പഴ -കോന്നി റൂട്ടിലെ ഹയർ സെക്കൻഡറി സ്കൂളിന്റെ സമീപത്തെ ഗ്രൗണ്ടിലാണ് അഭിനവ്, ആകാശ്, കാർത്തിക്, മനു, ശ്രീഹരി, അഭിരാജ്, ഋഷി, ദീപു, ആദർശ് എന്നിവർ ഫുട്ബാൾ കളിച്ചിരുന്നത്.
ഇന്നലെ ഇവർക്കൊപ്പം പഠിക്കുന്ന ഇളകൊള്ളൂർ സ്കൂളിലെ സഹപാഠി വിളിച്ചതിന്റെ അടിസ്ഥാനത്തിൽ ഒമ്പതുപേരും ചേർന്ന് മത്സരത്തിനായി ഇളകൊള്ളൂരിൽ എത്തി.മത്സരം പാടത്തായതിനാൽ മറിഞ്ഞുവീണ് ദേഹത്ത് ചളി പുരണ്ടപ്പോഴാണ് കുളി കഴിഞ്ഞ് മടങ്ങാമെന്ന് തീരുമാനിച്ചത്. കൂട്ടായ തീരുമാനം എടുത്തപ്പോൾ സംഘത്തിലുണ്ടായിരുന്ന ദീപുവും ആദർശും ആറ്റിൽ കുളിക്കാൻ നിൽക്കാതെ നേരിട്ട് മടങ്ങി.
ബാക്കിയുള്ളവരാണ് കുളിക്കാനിറങ്ങിയത്. ഇല്ലത്ത് കടവിന്റെ അടിത്തട്ടിൽ ഇറങ്ങിയഭാഗം ചേറായപ്പോൾ ഇവർ വീണ്ടും മുന്നോട്ടുനീങ്ങി ആഴക്കയത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഒമ്പതംഗ സംഘത്തിനൊപ്പം മരണപ്പെട്ട അഭിരാജിന്റെ സഹോദരൻ അഭിനവും ഉണ്ടായിരുന്നു. ജ്യേഷ്ഠസഹോദരൻ മുങ്ങിത്താഴുന്നത് കരക്കിരുന്ന് കണ്ടുനിൽക്കാൻ മാത്രമേ അഭിനവിന് സാധിച്ചുള്ളൂ.
കോന്നി: അച്ചൻകോവിലാർ നദീതീരങ്ങളിലെ കുളിക്കടവുകളിൽ സുരക്ഷയില്ലാത്തത് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്.കോന്നി മുരിങ്ങമംഗലം കടവ്, പുളിമുക്ക് കടവ്, വെട്ടൂർ ക്ഷേത്രകടവ് അടക്കമുള്ള സ്ഥലങ്ങളിൽ ഒരു സുരക്ഷ മാനദണ്ഡങ്ങളും ഇല്ലാതെയാണ് ആളുകൾ കുളിക്കാൻ ഇറങ്ങുന്നത്.
ശബരിമല മണ്ഡല കാലത്തും ബലിയിടൽ ചടങ്ങ് നടത്തുമ്പോഴും മാത്രമാണ് ഈ കടവുകളിൽ സുരക്ഷ ഒരുക്കുകയും സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുകയും ചെയ്യുന്നത്. അല്ലാത്ത സമയങ്ങളിൽ ഈ കടവുകൾ വിജനമാണ്.
കോന്നിയിലെ പല കടവുകളിലും വിദ്യാർഥികൾ എത്തുന്ന സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാൽ, ഈ വിഷയത്തിൽ നടപടിയെടുക്കാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല. പല കടവുകളിലും സുരക്ഷ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടില്ല. ഇത് ആഴമുള്ള കടവുകളിൽ കുളിക്കാൻ ഇറങ്ങുന്നവരുടെ സുരക്ഷക്ക് വലിയ ഭീഷണി ഉയർത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.