പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലോത്സവവും വള്ളസദ്യകളും സംഘടിപ്പിക്കുന്ന പള്ളിയോട സേവാസംഘം, സാമൂഹിക പ്രതിബദ്ധതയുള്ള പരിപാടികളിലും സജീവമാകുന്നു. കാലിക പ്രാധാന്യം ഉൾക്കൊണ്ട് പുതുതലമുറയെ ചേർത്തുനിർത്തുന്ന പരിപാടികളിൽ സംഘം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് പ്രസിഡന്റ് കെ.വി. സാംബദേവനും സെക്രട്ടറി പ്രസാദ് ആനന്ദഭവനും വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതിന്റെ ഭാഗമായി പള്ളിയോടത്തിൽ കയറുന്ന കുട്ടികൾക്കായി ഏപ്രിൽ എട്ട് മുതൽ 10 വരെ നീന്തൽ കളരി നടത്തും.
ജില്ല ഭരണകൂടവും ഫയർ ആൻഡ് റെസ്ക്യു ഡിപ്പാർട്ട്മെന്റും ജില്ല സ്പോർട്സ് കൗൺസിലും ചേർന്നാണ് നീന്തൽ കളരി സംഘടിപ്പിക്കുക. ആറന്മുള, മാലക്കര എന്നീ രണ്ടു കേന്ദ്രങ്ങളാണ് ഇതിനായി പരിഗണിക്കുന്നത്. സുരക്ഷിതത്വത്തിന് പ്രത്യേകം ക്രമീകരണം ഒരുക്കും. പരിശീലനം തുടരുന്നതിനുള്ള ക്രമീകരണങ്ങളുമുണ്ടാകും.
വിദ്യാർഥികൾക്കായി ഏപ്രിൽ 11ന് പള്ളിയോട സേവാ സംഘം ലഹരിവിമുക്ത കാമ്പയിൻ നടത്തും. പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ നടക്കുന്ന കാമ്പയിൻ രാവിലെ 10ന് ഡെപ്യൂട്ടി കലക്ടർ രാജലക്ഷ്മി ഉദ്ഘാടനം ചെയ്യും. വിദഗ്ധർ ക്ലാസുകൾ നയിക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്ലാസിൽ പങ്കെടുക്കാം. വൈസ് പ്രസിഡന്റ് കെ.എസ്. സുരേഷ്, ജോ. സെക്രട്ടറി അജയ് ഗോപിനാഥ്, ട്രഷറാർ രമേശ് മാലിമേൽ, കളരി കൺവീനർ ശശികുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വേനലവധിക്കാലത്ത് അഞ്ചു മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായി വഞ്ചിപ്പാട്ട് കളരികൾ നടത്തും. ഇക്കുറി പെൺകുട്ടികൾക്കും പങ്കെടുക്കാം. മൂന്ന് മേഖലകളിലായി ഏപ്രിൽ ആറ്, ഏഴ് തീയതികളിലാണ് കളരികൾ നടത്തുക. കോഴഞ്ചേരി മുതൽ ഇടക്കുളം വരെയുള്ള കിഴക്കൽ മേഖലയിൽ ഉള്ളവർക്ക് ചെറുകോൽ എൻ.എസ്.എസ് കരയോഗ മന്ദിരത്തിലും പുന്നംതോട്ടം മുതൽ ആറാട്ടുപുഴ വരെയുള്ള മധ്യമേഖലക്കാർക്ക് ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തിലും ഇടനാട് മുതൽ ചെന്നിത്തല വരെയുള്ള പടിഞ്ഞാറൻ മേഖലക്കാർക്ക് ചെങ്ങന്നൂർ തൃചിറ്റാറ്റ് ക്ഷേത്രത്തിലും രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലുവരെ കളരി നടത്തും. കളരിയുടെ സമർപ്പണവും സമാപനവും ഏപ്രിൽ 12ന് രാവിലെ പത്തിന് ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ നടക്കും. സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകും.
പ്രസിദ്ധമായ ആറന്മുള വള്ളസദ്യ ഇക്കുറി നേരത്തെ ആരംഭിക്കും. ജൂലൈ 13 മുതൽ സദ്യ തുടങ്ങാനുള്ള ക്രമീകരണമാണ് ചെയ്യുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതേവരെ 220 വള്ളസദ്യകൾ ബുക്ക് ചെയ്തു. 500 വള്ളസദ്യകൾ വരെ നടത്താനാണ് തീരുമാനം. വള്ളസദ്യ ബുക്ക് ചെയ്യാൻ 0468 2313010, 825 1113010 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. ജലോത്സവത്തിന് 52 പള്ളിയോടങ്ങൾ പങ്കെടുക്കും. ഇതുവരെ ഇല്ലാത്ത വിധം 20 പള്ളിയോടങ്ങളുടെ അറ്റകുറ്റപണികളാണ് നടന്നുവരുന്നത്.
ജലമേളയിലും മറ്റ് ചടങ്ങുകളിലും പങ്കെടുത്ത 52 പള്ളിയോടങ്ങൾക്കുള്ള ഗ്രാന്റ് വിതരണം ഞായറാഴ്ച നടക്കും. ഒന്നര ലക്ഷം രൂപയാണ് പള്ളിയോട ഗ്രാന്റായി നൽകുക. രാവിലെ 10ന് പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് എൻ.എസ്.എസ് പ്രസിഡന്റ് ഡോ. എം. ശശികുമാർ ഉദ്ഘാടനം ചെയ്യും. 52 കരകളിലെയും ഓരോ കുട്ടിക്കു വീതം വിദ്യാഭ്യാസ ധനസഹായമായി 3000 രൂപ വീതം നൽകും. പള്ളിയോട സേവാസംഘം പ്രതിനിധികളും കരനാഥൻമാരും യോഗത്തിൽ പങ്കെടുക്കും.
പള്ളിയോട സേവാ സംഘവും പന്തളം കാരുണ്യ ഐ ഹോസ്പിറ്റലും ചേർന്ന് ഞായറാഴ്ച രാവിലെ 9.30 മുതൽ രണ്ടുവരെ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തും. പാഞ്ചജന്യം കോൺഫറൻസ് ഹാളിൽ നടക്കുന്ന ക്യാമ്പ് പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാർ ഉദ്ഘാടനം ചെയ്യും. വിവിധ ഇൻഷ്വറൻസ് പദ്ധതി പ്രകാരവും മറ്റുള്ളവർക്ക് 50 ശതമാനം ഇളവിലും തുടർ ചികിത്സ ലഭിക്കാനുള്ള ക്രമീകരണവും ചെയ്തിട്ടുണ്ട്.
ആറന്മുള ജലമേളയുടെ സുഗമമായ നടത്തിപ്പിന് തടസ്സമായ മൺപുറ്റുകൾ നീക്കാൻ നടപടിയായതായി പള്ളിയോട സേവാ സംഘം അറിയിച്ചു. എല്ലാ വർഷവും ഇടവപ്പാതി ആരംഭിച്ചു കഴിഞ്ഞാണ് ഇതിനുള്ള നീക്കം ആരംഭിക്കുന്നത്. നദിയിലെ ജല നിരപ്പ് ഉയർന്നുനിൽക്കുന്ന സമയത്ത് മൺപുറ്റുകൾ പൂർണമായി നീക്കാൻ കഴിയില്ല. മാത്രമല്ല, മണ്ണുമാന്തി ഉപയോഗിച്ച് ഇളക്കി വിടുന്ന മൺപുറ്റുകൾ താഴെ അടിഞ്ഞ് വീണ്ടും പുറ്റുകൾ രൂപപ്പെടാനും സാധ്യതയുണ്ട്.
വർഷകാലത്ത് പുറ്റ് നീക്കം ചെയ്താൽ ഓണക്കാലത്ത് ജല നിരപ്പ് കുറയുന്ന സമയം പുറ്റുകളുടെ അവശിഷ്ടങ്ങൾ ജലനിരപ്പിന് മുകളിൽ വീണ്ടും തടസ്സം സൃഷ്ടിച്ച് ഉയർന്നു നിൽക്കും. ജലമേളക്ക് മുന്നോടിയായി ഇവ വീണ്ടു നീക്കം ചെയ്യേണ്ട സ്ഥിതിയുമുണ്ടാകും. മൺപുറ്റുകൾ ഇടവപ്പാതിക്ക് മുന്നോടിയായി നീക്കം ചെയ്യണമെന്ന് ജലസേചന മന്ത്രിയോട് പള്ളിയോട സേവാസംഘം ആവശ്യപ്പെട്ടിരുന്നു.
ആവശ്യം കണക്കിലെടുത്ത മന്ത്രി പുറ്റ് നീക്കം ചെയ്യാനുള്ള ജോലി ഒരു ഏജൻസിക്ക് കൈമാറിയതായി പള്ളിയോട സേവാ സംഘം അറിയിച്ചു. വൈകാതെ പണികൾ ആരംഭിക്കുമെന്നും അവർ പറഞ്ഞു.
സംസ്ഥാന സർക്കാർ നദികളിൽ മണൽ ഖനനം പുനരാരംഭിക്കാൻ തീരുമാനിച്ചതിനാൽ ആറന്മുള വാട്ടർ സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന മേഖലയിൽ ഖനനം അനുവദിക്കരുതെന്ന് നേരത്തെ തന്നെ പള്ളിയോട സേവാ സംഘം അഭ്യർഥിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.