മല്ലപ്പള്ളി: ചുങ്കപ്പാറ, കോട്ടാങ്ങൽ പ്രദേശങ്ങളിൽ മോഷണം വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം രാത്രി ചുങ്കപ്പാറ-കോട്ടാങ്ങൽ റോഡിൽ വ്യാപാര സ്ഥാപനത്തിന് മുന്നിൽ സൂക്ഷിച്ചിരുന്ന സൈക്കിൾ മോഷണം പോയി. കോട്ടാങ്ങൽ, ആലപ്രക്കാട്, പുല്ലാന്നിപ്പാറ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങൾ നിരവധി സ്ഥലങ്ങളിൽ മോഷണവും മോഷണ ശ്രമവും നടന്നു.
കോട്ടാങ്ങലിൽ അംഗൻവാടിയുടെ പൂട്ട് കുത്തിത്തുറന്ന നിലയിൽ കണ്ടെത്തി. ദിവസങ്ങൾക്ക് മുമ്പ് ആലപ്രക്കാട് ആൾത്താമസമില്ലാത്ത വീട്ടിൽ നിന്ന് ഗ്യാസ് സിലിണ്ടർ മോഷ്ടിച്ചു. മോഷ്ടാക്കൾ മുഖംമൂടി ധരിച്ചാണ് ഇറങ്ങുന്നത്. മോഷണം ദിനംപ്രതി വർധിച്ചിട്ടും അധികാരികൾ ഉറക്കത്തിലാണെന്ന് ആക്ഷേപവും ഉയർന്നിട്ടുണ്ട്. പരാതി നൽകുകയല്ലാതെ നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
വ്യാപാര കേന്ദ്രങ്ങളും ആൾത്താമസമില്ലാത്ത വീടുകളും മോഷണം പതിവായതോടെ വ്യാപാരികളും ആശങ്കയിലാണ്. പ്രദേശങ്ങളിൽ മദ്യപാനവും വിൽപനയും നടക്കുന്നതായി നേരത്തേ പരാതികൾ ഉയർന്നിട്ടും അധികാരികളുടെ ഭാഗത്തു നിന്ന് നടപടി ഉണ്ടായിട്ടില്ല. പ്രദേശത്ത് രാത്രികാലങ്ങളിൽ പൊലീസ് പട്രോളിങ് ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.