പത്തനംതിട്ട: നഗരത്തിൽ പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ വാട്ടർ അതോറിറ്റി കുഴിച്ച റോഡുകൾ മണ്ണിട്ട് നികത്തിയെങ്കിലും ടാറിങ് വൈകുന്നു. ജൂലൈയിൽ മഴയെത്തുടർന്ന് കുഴിയിലെ വെള്ളക്കെട്ടിൽ ഒട്ടേറെ വാഹനങ്ങൾ അപകടത്തിൽപെട്ടിരുന്നു. വലിയ പ്രതിഷേധത്തെ തുടർന്ന് കുഴിയെടുത്ത ഭാഗങ്ങളിൽ പാറമക്ക് ഇട്ട് നികത്തുകയായിരുന്നു. ടാറിങ് ഉടൻ നടത്തുമെന്ന് പറഞ്ഞിട്ട് രണ്ടുമാസം പിന്നിട്ടു. കുഴി നികത്താൻ കരാറെടുത്തയാൾ അനാസ്ഥ കാട്ടിയതിനെ തുടർന്ന് ഒഴിവാക്കിയിരുന്നു. പുതിയ കരാറുകാരനെ ഏൽപിച്ച് ടാറിങ് നടത്താനായിരുന്നു തീരുമാനം. പാറമക്കിട്ട് ഭാഗങ്ങൾ ഉറച്ചതിനെ തുടർന്ന് ഇപ്പോൾ മെറ്റലുകൾ ഇളകിത്തെറിക്കുകയാണ്.
നഗരത്തിൽ സെന്റ് പീറ്റേഴ്സ് ജങ്ഷൻ മുതൽ ജനറൽ ആശുപത്രി ജങ്ഷൻ വരെയും സെൻട്രൽ ജങ്ഷൻ മുതൽ കോളജ് റോഡ് വരെയും അബാൻ മുതൽ കുമ്പഴ വരെയുമാണ് റോഡിന്റെ ഒരുവശം കുഴിച്ച് പുതിയ പൈപ്പുകൾ സ്ഥാപിച്ചത്.
യാത്രക്കാർക്കുണ്ടായ ദുരിതം കണക്കിലെടുത്ത് നഗരസഭ അന്ത്യശാസനം നൽകിയതിനെ തുടർന്നാണ് കുഴികൾ നികത്താൻ വാട്ടർ അതോറിറ്റി തയാറായത്. നികത്തിയ ഭാഗം ഉറയ്ക്കാൻ രണ്ടാഴ്ച സമയം വേണമെന്നും അപ്പോഴേക്കും പുതിയ കരാർ ആകുമെന്നും വാട്ടർ അതോറിറ്റി അറിയിച്ചിരുന്നു. ഇപ്പോൾ രണ്ടുമാസം പിന്നിട്ടിട്ടും നടപടിയായില്ല. ഇതിനിടെ പെയ്യുന്ന കനത്ത മഴയിൽ മണ്ണ് ഒലിച്ചുപോയി വീണ്ടും കുഴികൾ രൂപപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ഇവിടെ കെട്ടിക്കിടക്കുന്ന മലിനജലം വാഹനങ്ങൾ കടന്നുപോകുമ്പോൾ വസ്ത്രങ്ങളിൽ തെറിക്കുന്നത് വഴിയാത്രികർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.