തിരുവല്ല: പുതുതായി പണിയുന്ന സ്വന്തം വീടിന്റെ വെഞ്ചെരിപ്പും പാലുകാച്ചുമെല്ലാം ഒരു സ്വപ്നം പോലെ ബാക്കിയാക്കി മടങ്ങിയ ജോബിയുടെ മൃതദേഹത്തിനരികിൽ പൊട്ടിക്കരഞ്ഞ് ഭാര്യ ജിനു. മേപ്രാൽ മരോട്ടിമൂട്ടിൽ തോമസ് സി. ഉമ്മന്റെ (ജോബി-37) മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വെച്ച ഓരോ നിമിഷവും ഹൃദയഭേദകമായിരുന്നു. പ്രിയതമന്റെ മൃതദേഹത്തിന് അരികിലിരുന്ന ഭാര്യ ജിനു ഏവർക്കും വേദനയായി മാറി. ഒടുവിൽ പള്ളിയിലേക്ക് ആംബുലൻസ് എത്തിയപ്പോഴേക്കും ജിനുവിനെ സമാധാനിപ്പിക്കാൻ ആർക്കുമായില്ല. ഭൗതികശരീരം പുറത്തെടുത്തപ്പോഴേക്കും ജോബിയെ ചേർത്തുപിടിച്ച് ജിനു തേങ്ങി.
മേപ്രാൽ പടിഞ്ഞാറ് കിടങ്ങറ റോഡ് വശത്ത് ജോബിയുടെ വീട് പൂർത്തിയായി വരികയാണ്. ആറുമാസം മുമ്പ് നാട്ടിലെത്തി മടങ്ങിയപ്പോഴേക്കും ഒട്ടുമിക്ക പണികളും പൂർത്തീകരിച്ചിരുന്നു. അവസാന പണികൾ പൂർത്തീകരിച്ച് അടുത്ത വരവിന് കൂദാശ നടത്താൻ ഇരിക്കുകയായിരുന്നു. ഇപ്പോൾ താമസിക്കുന്ന വീട്ടിൽ മഴക്കാലത്ത് വെള്ളം കയറുമെന്നതിനാലും വഴി സൗകര്യം ഇല്ലാത്തതിനാലുമാണ് താമസം മാറ്റാൻ കുടുംബാംഗങ്ങൾ തീരുമാനിച്ചത്. സെപ്റ്റംബറിൽ സഹോദരൻ ജേക്കബ് സി. ഉമ്മനും നാട്ടിലെത്തുമ്പോൾ ഗൃഹപ്രവേശം നടത്താനായിരുന്നു തീരുമാനം. അപ്പോഴേക്കും താനും എത്താമെന്ന ഉറപ്പാണ് ജിനുവിനും ഏകമകൾ ജസീക്കക്കും ജോബി നൽകിയിരുന്നത്. മകൾ ജസീക്ക തിരുവല്ല സെന്റ് മേരീസ് പബ്ലിക് സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.