പത്തനംതിട്ട: മണ്ഡല-മകര വിളക്ക് കാലത്ത് നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി അയ്യപ്പഭക്തർക്ക് നല്കി പൊലീസിന്റെ സൈബര്‍ സഹായ കേന്ദ്രം. ജില്ല പൊലീസ് ആദ്യമായി നടപ്പാക്കിയ സൈബർ ഹെൽപ് ഡെസ്കിന്റെ പ്രവർത്തനമാണ് ഭക്തർക്ക് ആശ്വാസമായത്.
ജില്ല പൊലീസ് മേധാവി വി.ജി. വിനോദ് കുമാർ മുൻകൈയെടുത്ത് നടപ്പാക്കിയ മൊബൈൽ ഉപകരണങ്ങൾ ഉപയോഗിച്ച് കൈകാര്യം ചെയ്യാനും ട്രാക്ക് ചെയ്യാനുമുള്ള കേന്ദ്രീകൃത സംവിധാനമായ സി.ഇ.ഐ.ആർ പോർട്ടലിന്റെ പ്രവർത്തനമാണ് ഉപകാരപ്രദമായത്. സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റർ എന്നാണ് ഇത് അറിയപ്പെടുന്നത്. ജില്ലയിൽ ആദ്യമായാണ് ഈ സംവിധാനം പ്രവർത്തിച്ചു തുടങ്ങിയത്. ഇപ്പോഴും ഇത് പ്രവർത്തനസജ്ജമാണെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.
കഴിഞ്ഞ ശബരിമല മണ്ഡല മകരവിളക്ക് കാലം ആരംഭിച്ച ശേഷമാണ് പമ്പ, സന്നിധാനം, നിലക്കൽ എന്നിവിടങ്ങളിൽ സൈബർ ഹെൽപ് ഡസ്ക് തുടങ്ങിയത്. മൊബൈൽ ഫോൺ നഷ്ടമായവർക്ക് സി.ഇ.ഐ.ആർ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ഫോൺ സംബന്ധിച്ച വിവരങ്ങൾ നൽകാം.
ഇത്തരത്തിൽ രജിസ്റ്റർ ചെയ്തവയിൽ പൊലീസ് കണ്ടെത്തിയ 70 ഫോണുകളാണ് ഉടമകൾക്ക് കൊറിയർ വഴി അയച്ചുകൊടുത്തത്. മിക്കതും ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലെ ചില സ്ഥലങ്ങളിൽനിന്നുമാണ് കണ്ടെത്താൻ സാധിച്ചത്.
സൈബർ ഹെൽപ് ഡെസ്ക്കിലെ പൊലീസ് ഉദ്യോഗസ്ഥർ ഈ ഫോണുകൾ നിലവിൽ ഉപയോഗിക്കുന്നവരെ കണ്ടെത്തി അവരോട് വിവരം പറയുകയും തുടർന്ന് ഫോൺ തിരികെ ലഭ്യമാക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് ഉടമസ്ഥർക്ക് അയച്ചുകൊടുക്കുകയും ചെയ്തു. മൊബൈൽ ഫോൺ നഷ്ടപ്പെടുന്ന സന്ദർഭങ്ങളിൽ അവ കണ്ടെത്തുന്നതിന് രജിസ്റ്റർ ചെയ്യാവുന്ന മൊബൈൽ ആപ് ആണ് സി.ഇ.ഐ.ആർ.
മോഷണം തടയാനും നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ തിരിച്ചുകിട്ടാനും ജില്ല പൊലീസ് മേധാവി മുൻകൈയെടുത്ത് രൂപവത്കരിച്ച് വിജയകരമായി നടപ്പാക്കിയ സംവിധാനമാണിത്. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള അയ്യപ്പഭക്തർക്ക് ഏറെ ഉപകാരപ്രദമാണ് കേന്ദ്ര സർക്കാർ പദ്ധതിയിൽപെട്ട ഈ സംവിധാനമെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു. പമ്പ പൊലീസ് ഇൻസ്പെക്ടർ സി.കെ. മനോജിന്റെ നേതൃത്വത്തിലാണ് സഹായ കേന്ദ്രം പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.