പത്തനംതിട്ട: ജില്ല ആസ്ഥാനമായ പത്തനംതിട്ട നഗരത്തിൽ ഉൾപ്പെടെ കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയായി ഓടകൾ. പത്തനംതിട്ട നഗരത്തിലെ നടപ്പാതകളുടെ സ്ഥിതി ഏറെ ശോച്യമാണ്. പൊട്ടിപ്പൊളിഞ്ഞ സ്ലാബുകള്‍ ജീവന് ഭീഷണി ഉയർത്തുകയാണ്.
പ്രധാന നിരത്തുകളില്പോലും ഓടകള്‍ക്കു മുകളിലെ സ്ലാബുകള്‍ മാറ്റിയിടാന്‍ നടപടിയില്ല. അപകട സൂചനകള്‍ പോലും പലയിടത്തും ഇല്ലാത്തതിനാല്‍ കാല്‍നടക്കാര്‍ അപകടത്തില്‍പെടുന്നതു പതിവ്. ഉപറോഡുകളില്‍ സ്ലാബുകള്‍ തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ഏറെത്തിരക്കുള്ള ഭാഗങ്ങളില്‍പോലും സ്ഥിതി വ്യത്യസ്തമല്ല. നഗരസഭയും പൊതുമരാമത്ത് വകുപ്പുമാണ് ഓടകളുടെ സ്ലാബുകളുടെ സുരക്ഷിതത്വം നോക്കേണ്ടത്. പി.ഡബ്ല്യു.ഡി റോഡുകളുടെ നടപ്പാതകളിലെ സ്ലാബ് മാറ്റിയിടേണ്ട ചുമതല പൊതുമരാമത്ത് വകുപ്പിനുണ്ട്. എന്നാല്‍, അവര്‍ ഇക്കാര്യം ഗൗനിക്കാറേയില്ല.
നഗരത്തില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിലേക്ക് ബസുകള്‍ കയറുന്ന ഭാഗത്ത് സ്ഥിതി ഏറെ ശോച്യമാണ്. ഇവിടെ സ്ലാബ് തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.
നഗരത്തിലെ ഉപറോഡുകളിലെ സ്ലാബ് തകര്‍ന്നതുമൂലം പലതും അടച്ചിട്ടിരിക്കുകയാണ്. കെ.എസ്.ആര്‍ടി.സി ജങ്ഷനില്‍നിന്ന് തൈക്കാവ് സ്കൂള്‍ റോഡിലേക്കുള്ള ഉപവഴിയുടെ മധ്യത്തിലാണ് സ്ലാബ് തകര്‍ന്നു കിടക്കുന്നത്. ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും കടന്നുപോകുന്ന ഈ പാതയില്‍ ഇപ്പോള്‍ ഗതാഗതം തന്നെ നിലച്ചു. കാല്‍നടക്കാരും ഏറെ ബുദ്ധിമുട്ടിലാണ്. പാതയിലെ വെളിച്ചക്കുറവു കാരണം സ്ലാബ് തകര്‍ന്നത് അറിയാതെ എത്തുന്നവര്‍ അപകടത്തില്‍പെടാനും സാധ്യതയുണ്ട്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഉപപാതയില്‍ സ്ലാബ് തകര്‍ച്ച പതിവാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രി റോഡായി ഉപയോഗിക്കുന്ന ഡോക്ടേഴ്സ് ലെയ്നില്‍ അടുത്തിടെയാണ് സ്ലാബിനിടയില്‍ വീട്ടമ്മയുടെ കാല് കുടുങ്ങിയത്. ആശുപത്രിയുടെ പ്രധാന കവാടം അടച്ചതിനു പിന്നാലെ ഈ പാതയാണ് രോഗികളുള്‍പ്പെടെ ഉപയോഗിക്കുന്നത്. വീതി കുറഞ്ഞ പാതയില്‍ കാല്‍നടക്കാര്‍ക്ക് സ്ലാബിനു മുകളിലൂടെ യാത്ര ചെയ്തേ മതിയാകൂ. എന്നാല്‍, പൊട്ടിപ്പൊളിഞ്ഞ സ്ലാബുകള്‍ ഇവിടെയും ഭീഷണിയായി മാറിയിരിക്കുകയാണ്.
പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ജങ്ഷനിലാണ് ഏറ്റവും അപകടം നിറഞ്ഞ സ്ഥലം. പത്തനംതിട്ട-കൈപ്പട്ടൂര്‍ റോഡിന് ഈ ഭാഗത്ത് വീതി കുറവാണ്. ഇരുഭാഗത്തേക്കുമുള്ള ബസുകള്‍ നിര്‍ത്തുന്നതും ഒരേ ഭാഗത്താണ്. ഇതോടെ നടപ്പാതകള്‍ ഉപയോഗിച്ചേ മതിയാകൂ. നടപ്പാതയില്‍ സ്ലാബ് തകര്‍ന്നുകിടക്കാന്‍ തുടങ്ങിയിട്ടു നാളുകളായി.
കോളജ് വിദ്യാർഥികള്‍ കൂടാതെ കാതോലിക്കേറ്റ് സ്കൂളിലെ കുട്ടികളും നഴ്സിങ് വിദ്യാര്‍ഥികളുമൊക്കെ ആശ്രയിക്കുന്ന ബസ് സ്റ്റോപ്പിനോടു ചേര്‍ന്നാണ് സ്ലാബ് തകര്‍ന്നുകിടക്കുന്നത്. പലയിടങ്ങളിലായി നടപ്പാതയും തകർന്നിട്ടുണ്ട്. തെരുവുനായ്ക്കളും ഈ ഭാഗങ്ങള്‍ കൈയേറിയതോടെ സ്കൂള്‍ കുട്ടികള്‍ക്കടക്കം നടക്കാന്‍ തന്നെ സ്ഥലമില്ലെന്നായി.
റാന്നി: റോഡിന് വശത്തെ ഓടയുടെ മുകളില്‍ കെ.എസ്.ടി.പി സ്ഥാപിച്ച സ്ലാബ് നീക്കിയതുമൂലം മണ്ണും ചളിയും റോഡില്‍ നിറയുന്നു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ഉതിമൂട് വയലാപ്പടി അപകട കെണിയായി മാറി. ഭൂമി തട്ടുകളാക്കി തിരിച്ച് വിൽപന നടത്തുന്നവര്‍ സ്ലാബ് മാറ്റി പുതിയവ സ്ഥാപിച്ച് അവരുടെ വസ്തുവിലേക്ക് റോഡ് വെട്ടുകയായിരുന്നു.
മണ്ണ് മാറ്റാന്‍ വലിയ ടോറസ് ലോറികള്‍ ഇതുവഴിയാണ് പ്രവേശിക്കുന്നത്. ശക്തമായ മഴ ചെയ്യുമ്പോൾ പുനലൂർ-മൂവാറ്റുപുഴ റോഡിലേക്ക് വലിയതോതില്‍ വെള്ളമൊഴുക്കു ഉണ്ടാവുകയായിരുന്നു. ഇതിന്റെ ഫലമായി റോഡിന് ഒരുവശം നിറയെ മണ്ണും ചളിയുമായി.നിരപ്പു റോഡും ദൂരക്കാഴ്ചയും കിട്ടുന്നതിനാല്‍ വാഹനങ്ങള്‍ വേഗത്തിലാണ് സഞ്ചരിക്കുന്നത്.
വാഹനങ്ങള്‍ ചളിയില്‍ കയറി അപകടം ഉണ്ടാവാന്‍ സാധ്യതയേറെയാണ്. ഇത് ഒഴിവാക്കാന്‍ അധികൃതരുടെ ഇടപെടല്‍ അത്യാവശ്യമാണ്. മണ്ണ് മാഫിയയുടെ നിലപാടിനെതിരെ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.
ചുങ്കപ്പാറ: കോട്ടാങ്ങൽ-ചാലാപ്പള്ളി ബാസ്റ്റോ റോഡിൽ ചുങ്കപ്പാറ മുതൽ സെന്റ് ജോർജ് ഹൈസ്കൂൾപടി വരെ വിവിധ സ്ഥലങ്ങളിൽ റോഡിന്റെ വശങ്ങളിലെ ഓടക്ക് മൂടിയില്ലാത്തത് അപകട ഭീഷണിയാകുന്നു. ഓട കാണാത്തവിധം പലയിടത്തും കാടുമൂടിയ നിലയിലുമാണ്.
കോട്ടാങ്ങൽ സർവിസ് സഹകരണ ബാങ്കിനു സമീപവും ടൗണിലും ഓടക്ക് മൂടിയില്ലാത്തത് അപകടങ്ങൾക്കും കാരണമായിട്ടുണ്ട്. ഇത് അപകടം ക്ഷണിച്ചുവരുത്താൻ കാരണമാകുന്നതായി പരാതി ഉയർന്നിട്ട് നാളുകൾ ഏറെയായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകുന്നില്ലെന്നും ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഓടയുടെ പലിയിടത്തും പകുതി വീതം മാത്രമാണ് മൂടിയുള്ളത് ബാക്കിഭാഗം ഉപേക്ഷിക്കപ്പെട്ട നിലയാണ്. രണ്ട് സ്കൂളുകളിലെ നിരവധി വിദ്യാർഥികൾ കാൽനടയായി പോകുന്ന നടപ്പാതയിലെ സ്ലാബ് തെന്നിമാറിയത് അപകടത്തിന് കാരണമാകുന്നു. സെന്റ് ജോർജ് ഹൈസ്കൂളിന് സമീപമാണ് അപകടം പതിയിരിക്കുന്നത്.
റോഡിലെ തിരക്ക് ഒഴിവാക്കി വിദ്യാർഥികൾ നടന്നുപോകുന്ന പാത കൂടിയാണിത്. റോഡ് ഉന്നത നിലവാരത്തിൽ ഉയർത്തി ടാറിങ് നടത്തിയതല്ലാതെ അപകടങ്ങൾ ഒഴിവാക്കാനുള്ള മറ്റ് പ്രവൃത്തികൾ പൂർത്തീകരിക്കാത്തത് ഇവിടെ അപകടങ്ങൾ തുടർക്കഥയാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.