വടശ്ശേരിക്കര: മഴക്കാലമായാൽ നിരന്തരം വെള്ളത്തിൽ മുങ്ങുന്ന കോസ്വേകൾക്ക് പകരം പാലങ്ങൾ നിർമിക്കുമെന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഒതുങ്ങുന്നു. പമ്പാനദിയിലെ ജലനിരപ്പുയർന്നാൽ ഒറ്റപ്പെട്ടുപോകുന്ന അറയാഞ്ഞിലിമൺ, കുരുമ്പൻമൂഴി, മുക്കം തുടങ്ങിയ സ്ഥലങ്ങൾ മുങ്ങിപ്പോകുന്ന കോസ്വേകളുടെ സ്ഥാനത്ത് പുതിയ പാലം നിർമിക്കുമെന്ന് കഴിഞ്ഞ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. അതിൽ പ്രതീക്ഷ അർപ്പിച്ച ജനങ്ങൾ ഓരോ വെള്ളപ്പൊക്ക കാലത്തും പാലത്തിനായി കാത്തിരിപ്പ് തുടരുന്നു.
കിസുമം, ഏഞ്ചൽവാലി, മാടമൺ, മുക്കം എന്നിവിടങ്ങളിൽ പുതിയ പാലത്തിന്ന് പ്രാരംഭ തുക ബജറ്റിൽ വകയിരുത്തിയതായാണ് പറയുന്നത്. എല്ലാ പ്രളയത്തിലും കോസ്വേ മുങ്ങുകയും വെള്ളം പൊങ്ങിയാൽ മറുകരയെത്താൻ നിർമിച്ച ഇരുമ്പുപാലം മഹാപ്രളയത്തിൽ ഒലിച്ചുപോകുകയും ചെയ്തതോടെ പെരുനാട് പഞ്ചായത്തിലെ അറയാഞ്ഞിലിമൺ ഗ്രാമം ദിവസങ്ങളോളം ഒറ്റപ്പെട്ടുപോകുന്ന നിലയിലാണ്.
വെള്ളപ്പൊക്കം വരുമ്പോൾ മാത്രം മുങ്ങുമായിരുന്ന നാറാണംമൂഴി പഞ്ചായത്തിലെ കുറുമ്പൻമൂഴി കോസ്വേ പമ്പാനദിയിലെ പെരുന്തേനരുവിയിൽ അണക്കെട്ട് നിർമിച്ചതോടെ ചെറിയതോതിൽ വെള്ളം ഉയർന്നാൽപോലും മുങ്ങിപ്പോകും.
വനമേഖലയാൽ ചുറ്റപ്പെട്ടതും പുറംലോകവുമായി ബന്ധപ്പെടാൻ നദി കടന്നാൽ മാത്രം സാധിക്കുന്ന ഈ രണ്ടുസ്ഥലത്തും പാലം വരുന്നതിനായി ജനങ്ങൾ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. പെരുനാടിനെ റാന്നിയുമായി ബന്ധിപ്പിക്കുന്ന മുക്കം കോസ്വേ വർഷാവർഷമുള്ള വെള്ളപ്പൊക്കത്തിൽ വലിയതോതിൽ കേടുപാടുകൾ സംഭവിച്ചനിലയിലാണ്. ഇവിടെയും പാലം വേണമെന്നത് നാളുകളായുള്ള ആവശ്യമാണ്.
ബജറ്റിൽ പ്രഖ്യാപിച്ച പാലങ്ങൾ യാഥാർഥ്യമായാൽ അത് ശബരിമല തീർഥാടനത്തിനും ജില്ലയിലെ വിനോദസഞ്ചാര വികസനത്തിനും വൻസാധ്യത ഒരുങ്ങും. എല്ലാ ശബരിമല സീസണിലും ഉടൻ പണിയും എന്ന് പ്രഖ്യാപനം നടത്താറുള്ള വടശ്ശേരിക്കര സമാന്തര പാലത്തിെൻറ അവസ്ഥയാകുമോ മുങ്ങുന്ന കോസ്വേകളുടെ സ്ഥാനത്തെ പാലങ്ങൾക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.