വടശേരിക്കര: കിഴക്കൻ വനാന്തരങ്ങളിലെ ജലസമ്പത്തിനെ വൈദ്യുതോർജ്ജമാക്കി നാടിന്റെ ഇരുട്ടകറ്റിയ ശബരിഗിരി പദ്ധതി ആരംഭിച്ചിട്ട് 56 വർഷം തികയുന്നു. പത്തനംതിട്ട ജില്ലയിലെ നിബിഡവന പ്രദേശമായ ഗവിയിൽ പടിഞ്ഞാറോട്ടൊഴുകുന്ന ഒട്ടനവധി നീർച്ചാലുകളെയും നദികളെയുമൊക്കെ തടയണ കെട്ടി തടഞ്ഞുനിർത്തി കിലോമീറ്ററുകൾ നീളുന്ന കുഴലുകൾ വഴി അടിവാരമായ മൂഴിയാറിലെത്തിച്ചു വൈദ്യുതിയാക്കി മാറ്റാമെന്ന സങ്കല്പം 1966 ലാണ് സാക്ഷാൽക്കരിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്താണ് ഉൾവനത്തിനുള്ളിലെ വൈദ്യുതോല്പാദന സാധ്യത കണ്ടെത്തുന്നത്.

അക്കാലത്തുതന്നെ ശബരിഗിരി പദ്ധതിയുടെ സർവേ നടപടികൾ പൂർത്തിയായെങ്കിലും 1962 ലാണ് നിർമാണം ആരംഭിക്കുന്നത്.നാല് വർഷങ്ങൾക്കുശേഷം ആദ്യ ജനറേറ്റർ പ്രവർത്തനം ആരംഭിച്ചു.300 മെഗാവാട്ട് ശേഷിയുള്ള പദ്ധതി പൂർണതോതിൽ 1967 ആഗസ്റ്റ് 27 ന് ഉപരാഷ്ട്രപതി വി.വി ഗിരി നാടിന് സമർപ്പിച്ചു.സമുദ്രനിരപ്പിൽനിന്നും 981.45 മീറ്റർ ഉയരെ സ്ഥിതി ചെയ്യുന്ന പമ്പ , മൂഴിയാർ,കക്കി,ആനത്തോട്,ഗവി ഡാമുൾപ്പെടെ അഞ്ചു വലിയ ഡാമുകളും നിരവധി ചെറിയ തടയണകളുമൊക്കെ അടങ്ങിയതാണ് ശബരിഗിരിയുടെ ജലസംഭരണി.

ഇതിൽ പമ്പ സംഭരണി കക്കി അണക്കെട്ടുമായി 3.21 കിലോമീറ്റർ നീളമുള്ള ഭൂഗർഭ തുരങ്കം വഴി ബന്ധിപ്പിച്ചിട്ടുണ്ട് ഇവിടെ സംഭരിക്കുന്ന വെള്ളം ആനത്തോട് ഡാമിൽനിന്നും മൂന്ന് വമ്പൻ കുഴലുകൾ മൂഴിയാറിലെത്തിച്ചാണ് ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ പ്രവർത്തനം.ശബരിഗിരി പദ്ധതിയിലെ ജലലഭ്യത കണക്കിലെടുത്ത് രണ്ടാമതൊരു പദ്ധതികൂടി നടത്താനുള്ള സാധ്യതാ പഠനമാണ് വൈദ്യുതബോർഡിന്റെ പുതിയ ലക്ഷ്യം.വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ കേന്ദ്രപൊതുമേഖലാ സ്ഥാപനമായ വാട്ടർ ആൻഡ് പവർ കൺസെൽറ്റൻസി സർവീസിനെ ചുമതലപ്പെടുത്തും.

ശബരിഗിരി എക്സ്റ്റൻഷൻ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയ്ക്ക് 8 .9 കോടി രൂപയുടെ കരാർ നൽകാനും തീരുമാനമായിട്ടുണ്ട്. പദ്ധതിയുടെ വാണിജ്യ സാധ്യത റിപ്പോർട്ടും പാരിസ്ഥിക ആഘാത റിപ്പോർട്ടും നിശ്ചിത സമയത്തിനുള്ളിൽ ബോർഡിന് നൽകണം. ശബരിഗിരി എക്സ്റ്റൻഷൻ പ്രൊജക്റ്റ് കൂടി യാഥാർഥ്യമാകുന്നതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയായി ഇത് മാറും. സംസ്ഥാനത്തിന്റെ വൈദ്യുത ആവശ്യകതയുടെ സ്വയം പര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് ഈ പദ്ധതി കൂടുതൽ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - It has been 56 years since the inception of the Sabarigiri Hydroelectric Project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.