വടശ്ശേരിക്കര: മത്തായിയുടെ മരണത്തിൽ ദുരൂഹതകൾ നീങ്ങുന്നില്ല. കിണറ്റിൽ വീണത് സംശയാസ്പദമാണെന്ന് റീ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളതായി സൂചന.
കൂടുതൽ അന്വേഷണത്തിന് ശിപാർശ ചെയ്യുന്ന റിപ്പോർട്ട് അടുത്തദിവസം തിരുവനന്തപുരം സി.ജെ.എം കോടതിയിൽ സമർപ്പിക്കും. ചിറ്റാർ സ്വദേശി മത്തായിയുടെ മരണം നടന്ന് 39ാം ദിവസമാണ് സി.ബി.ഐ സംഘത്തിെൻറ മേൽനോട്ടത്തിൽ റീ പോസ്റ്റ്മോർട്ടം നടന്നത്.
വിദഗ്ധ ഡോക്ടർമാരടങ്ങിയ സംഘം നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ബന്ധുക്കൾ ആരോപിക്കുന്ന ചില സംശയങ്ങൾ ഉയരുന്നതായാണ് സൂചന.
മത്തായി മുങ്ങിമരിച്ചതാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്. എന്നാലിത് കിണറ്റിൽ വീണാണോയെന്നും ചാടിയതാണോയെന്നും മറ്റാരെങ്കിലും അപായപ്പെടുത്തിയതാണോയെന്നും കണ്ടെത്തേണ്ടതുണ്ട്.
ശ്വാസകോശത്തിൽ ചളിയുടെ അംശം, തലയിൽ ഇടതുഭാഗത്ത് ആഴത്തിലുള്ള ക്ഷതം. ഇടത് കൈമുട്ടിനോട് ചേർന്ന് അസ്ഥിക്ക് പൊട്ടൽ എന്നിവയുണ്ട്. പൊട്ടലും ക്ഷതങ്ങളും വീഴ്ചയിൽ സംഭവിച്ചതാകാമെന്നാണ് ഡോക്ടർമാരുടെ നിഗമനം. വരുംദിവസങ്ങളിൽ ബന്ധുക്കളുടെയും കുറ്റാരോപിതരായ വനപാലകരുടെയും മൊഴി സി.ബി.ഐ രേഖപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.