വടശ്ശേരിക്കര: പതിറ്റാണ്ടുകൾ പ്രവർത്തിച്ചിട്ടും സംവരണ സീറ്റിൽ മത്സരിപ്പിക്കാൻ ആളില്ല. പെരുനാട്ടിൽ പഞ്ചായത്ത് പ്രസിഡൻറിന് പിന്നാലെ ചാക്കിട്ടുപിടിച്ചുകൊണ്ടുവന്ന സി.പി.ഐ ലോക്കൽ സെക്രട്ടറി കോൺഗ്രസ് പാളയത്തിലേക്ക് മറുകണ്ടം ചാടി. എൽ.ഡി.എഫ് ഭരിച്ചുകൊണ്ടിരുന്ന റാന്നി ബ്ലോക്ക് പഞ്ചായത്തിലെ പ്രസിഡൻറ് സ്ഥാനം പട്ടികജാതി സംവരണ വിഭാഗത്തിന് നറുക്ക് വീണതോടെയാണ് പ്രസിഡൻറ് സ്ഥാനത്തിന് അർഹരായ സ്ഥാനാർഥിയെ കിട്ടാനില്ലാതെ സി.പി.എമ്മിൽ പ്രതിസന്ധി രൂക്ഷമായത്.
നിലവിൽ എൽ.ഡി.എഫിെൻറ ഉറച്ച സീറ്റായ പെരുനാട് ഡിവിഷനിൽനിന്ന് പ്രസിഡൻറ് സ്ഥാനാർഥിയെ വിജയിപ്പിച്ചെടുക്കാനാണ് പാർട്ടി തീരുമാനം. ഇതിനായി പെരുനാട് പഞ്ചായത്ത് പ്രസിഡൻറും കോൺഗ്രസുകാരിയുമായിരുന്ന ബീന സജിയെ ഏതാനും ദിവസംമുമ്പ് സി.പി.എമ്മിലേക്ക് സ്വീകരിച്ചു കൊണ്ടുവന്നിരുന്നു.
ഇതിനെതിരെ പാർട്ടിയിലെ ഒരുവിഭാഗം കോലാഹലം ഉയർത്തിയതോടെയാണ് സംവരണ വിഭാഗക്കാരനായ സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.ടി. സജിയെ രണ്ടുദിവസം മുമ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥിയാക്കാമെന്ന വാക്കുനൽകി സി.പി.എമ്മിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നത്. ഇതോടെ രണ്ടു സ്ഥാനാർഥികൾക്കും വേണ്ടി നേതാക്കന്മാർ തന്നെ ചേരിതിരിയുന്ന അവസ്ഥയായി.
ഒടുവിൽ മുൻതൂക്കം കുറയുന്നുവെന്ന് കണ്ടതോടെ കെ.ടി. സജി സി.പി.ഐയിലേക്ക് തിരിച്ചുവരുകയും വെള്ളിയാഴ്ച രാവിലെ ലോക്കൽ കമ്മിറ്റി വിളിച്ചുചേർക്കാൻ ശ്രമം നടത്തി. ഇതോടെ ലോക്കൽ കമ്മിറ്റി അംഗം അംബുജാക്ഷൻ നായരുടെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രവർത്തകർ പാർട്ടി വിട്ടുപോയവർ ലോക്കൽ കമ്മിറ്റി വിളിക്കേണ്ടെന്ന നിലപാടെടുത്തു.
ഇതോടെയാണ് കോൺഗ്രസ് പാളയത്തിൽ അഭയംതേടിയ സി.പി.ഐ ലോക്കൽ സെക്രട്ടറി വെള്ളിയാഴ്ച വൈകിട്ടുതന്നെ ഡി.സി.സി ഓഫിസിലെത്തി കോൺഗ്രസ് അംഗത്വം സ്വീകരിക്കുന്നത്.
പ്രബലർ മാത്രം കൈയടക്കിവെച്ചിരുന്ന പല സീറ്റുകളും പട്ടികജാതി പട്ടികവർഗ സംവരണ സീറ്റായി മാറിയതോടെ സ്ഥാനാർഥിയെ കണ്ടെത്താനാവാതെ നെട്ടോട്ടമോടുകയാണ് രാഷ്ട്രീയ പാർട്ടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.