പാർട്ടി പ്രവർത്തകന്‍റെ ആത്മഹത്യ: സി.പി.എമ്മിൽ പ്രതിഷേധം പുകയുന്നു, കേസെടുക്കാതെ പൊലീസ്

വടശ്ശേരിക്കര: ആർക്കും വേണ്ടാത്ത ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്‍റെ പുനർനിർമാണത്തിന്‍റെ പേരിൽ നേതാക്കൾ പീഡിപ്പിക്കുന്നെന്ന് ആത്മഹത്യക്കുറിപ്പെഴുതി വെച്ച് ജീവനൊടുക്കിയ പെരുനാട് മടത്തുമൂഴി മേലേതിൽ എം.എസ്. ബാബുവിന്‍റെ മരണത്തിൽ ആരോപണ വിധേയരായ പെരുനാട് പഞ്ചായത്ത് പ്രസിഡന്‍റ് പി.എസ്. മോഹനൻ, സി.പി.എം ലോക്കൽ സെക്രട്ടറി റോബിൻ കെ. തോമസ്, വാർഡ് അംഗം ശ്യാം വിശ്വൻ എന്നിവർക്കെതിരെ പാർട്ടി അണികൾക്കിടയിലും നാട്ടുകാരിലും രോഷം പുകയുന്നു.

ഇതിനിടെ മരണവീട്ടിലേക്ക് കടന്നുചെല്ലാൻ കഴിയുന്ന പ്രവർത്തകരെയും പാർട്ടിക്ക് വിധേയരായ ബന്ധുക്കളെയും ഉപയോഗിച്ച് കുടുംബത്തെയും വിദേശത്തുള്ള പെൺമക്കളെയും അനുനയിപ്പിക്കാൻ ശ്രമങ്ങളും ഊർജിതമായി നടക്കുന്നു. ബാബുവിന്‍റെ ആത്മഹത്യക്കുറിപ്പിൽ ഗുരുതര ആരോപണം നേരിടുന്ന മോഹനൻ ജില്ല കമ്മിറ്റി അംഗമാണ്.

ബാബുവിന്‍റെ മരണത്തോടെ വീട്ടിൽ ഒറ്റക്കായ ഭാര്യ കുസുമകുമാരിയെ ഏതുവിധേനയും സ്വാധീനിച്ചു സംഭവത്തിന്‍റെ തുടർനടപടികൾ അട്ടിമറിക്കാൻ ശ്രമം നടക്കുന്നെന്ന് ആരോപണം ഉയരുമ്പോഴും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ പെരുനാട് പൊലീസ് തയാറായിട്ടില്ല.

കഴിഞ്ഞദിവസം കുസുമകുമാരി പെരുനാട് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ മൊഴി എടുക്കാൻപോലും പൊലീസ് തയാറാകാത്തതിലും ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ, ആത്മഹത്യക്കുറിപ്പിന്‍റെ ഫോറൻസിക് പരിശോധന ഫലം വന്നെങ്കിൽ മാത്രമേ കേസെടുക്കാൻ കഴിയുകയുള്ളൂവെന്നാണ് പൊലീസ് ഭാഷ്യം.

ഇതിനിടെ ബാബുവിന്‍റെ മരണത്തിനു പിന്നിൽ ബി.ജെ.പിയും കോൺഗ്രസുമാണെന്നാരോപിച്ചു ആരോപണ വിധേയനായ പഞ്ചായത്ത് പ്രസിഡന്‍റ് പ്രസ്താവനയും ഇറക്കി.

അടുത്തകാലത്ത് പെരുനാട്ടിൽ തെരുവുനായുടെ ആക്രമണത്തിൽ പെൺകുട്ടി മരിച്ച സംഭവത്തെ ആക്ഷേപിക്കുംവിധം നായ് കടിച്ചാലും പന്നി കുത്തിയാലും നാട്ടിൽ ചിലർ അരാജകത്വം സൃഷ്ടിക്കുകയാണെന്ന് പ്രസിഡന്‍റ് പ്രസ്താവനയിൽ പറയുന്നു.

മണ്ണാറക്കുളഞ്ഞി-ചാലക്കയം ശബരിമല പാതയിൽ മടത്തുമൂഴി പാലം കഴിഞ്ഞുള്ള വളവിൽ ബസ് സ്റ്റോപ്പിൽനിന്ന് ഏറെദൂരത്തിൽ അര നൂറ്റാണ്ടിലധികം ഉപയോഗശൂന്യമായി കിടന്ന കാത്തിരിപ്പ് കേന്ദ്രം പുനരുദ്ധാരണമാണ് ബാബുവിന്‍റെ മരണത്തിലേക്ക് നയിച്ചത്. ബാബുവിന്‍റെ കടയോട് ചേർന്ന് ശൗചാലയമുൾപ്പെടുത്തി കാത്തിരിപ്പു കേന്ദ്രം നന്നാക്കാനായിരുന്നു നീക്കം. സമീപത്തെ കുടിവെള്ള കിണർപോലും പരിഗണിക്കാതെ കക്കൂസ് കുഴി സ്ഥാപിക്കാനുള്ള നീക്കം ഗൃഹനാഥനെ ഏറെ തളർത്തിയിരുന്നു. പുനരുദ്ധരിക്കാനുള്ള നീക്കംപോലും ആത്മഹത്യക്കുറിപ്പിൽ പറയുംപോലെ പണം തട്ടാനുള്ള പദ്ധതി മാത്രമായിരുന്നെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. മൂന്നു നേതാക്കൾക്കുംകൂടി അഞ്ചുലക്ഷം രൂപയും ജില്ല നേതാവിന്‍റെ മകന് ബാബു പണിയുന്ന കെട്ടിടത്തിന്‍റെ കരാർ കൊടുക്കുന്നതും കൂടാതെയാണ് 20 ലക്ഷം രൂപ പി.എസ്. മോഹനൻ പ്രസിഡന്‍റായ പെരുനാട് സർവിസ് സഹകരണ ബാങ്കിൽ നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടതായി ആത്മഹത്യക്കുറിപ്പിൽ പറയുന്നത്. തനത് ഫണ്ട് വിവിധ രീതിയിൽ വകമാറ്റി ചെലവഴിച്ചതിനെ തുടർന്ന് പെരുനാട് സഹകരണ ബാങ്ക് സാമ്പത്തിക തകർച്ചയിലാണ്. ഇതിനിടെ ബാബുവിന്‍റെ സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ നടത്തും.

Tags:    
News Summary - Party Workers Suicide Protests are simmering in the CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.