ശബരിമല വനത്തിലെ ആദിവാസികൾ കുടിയിൽ കാട്ടുപൂക്കൾകൊണ്ട്‌ അത്തപ്പൂക്കളമൊരുക്കുന്നു

വടശ്ശേരിക്കര: കാട് പൂക്കുന്ന നേരം ഓണമെത്തിയാൽ കാടി​െൻറ മക്കളെങ്ങനെ അത്തപ്പൂക്കളമൊരുക്കാതിരിക്കും. നാടും നഗരവും കോവിഡി​െൻറ വറുതിയിലും തിരുവോണക്കാലത്തെ ആഘോഷമാക്കുമ്പോൾ ശബരിമല വനത്തിലെ ആദിവാസികളും സാധ്യമാകുംവിധം ഓണം ആഘോഷിക്കുകയാണ്.

ഓണത്തി​െൻറ നിറവും പകിട്ടും പുത്തനുടുപ്പും തൂശനിലയും കാളനും ഓലനും ഒന്നുമില്ലെങ്കിലും കാട്ടുപൂക്കൾ കൊണ്ട് അത്തമൊരുക്കി തങ്ങൾക്ക് മാത്രം പരിചിതമായ ചുവടുകൾ കൊണ്ട് നൃത്തംചവിട്ടി അതമ്പ് എന്നുപേരുള്ള കാട്ടുവള്ളി ചതച്ചു ഊഞ്ഞാലുകെട്ടി ഓണമെന്ന കാർഷികോത്സവം ആഘോഷിക്കുകയാണ്. ശബരിമല വനത്തിലെമ്പാടുമായി ചിതറി ജീവിക്കുന്ന മലമ്പണ്ടാര വിഭാഗത്തിൽപെട്ട ആദിവാസികൾ കാലങ്ങളായി സർക്കാർ റേഷനും സുമനസ്സുകൾ എത്തിക്കുന്ന സഹായവുമൊക്കെ സ്വീകരിച്ചുഓണം ആഘോഷിക്കാറുണ്ട്.

ഇതിൽ ളാഹ വളഞ്ഞങ്ങാനം ഭാഗത്തു താമസിക്കുന്ന ഇരുപതോളം കുടുംബങ്ങളാണ് ഇത്തവണ മുള ചതച്ചുകെട്ടിയ കുടിലും പരിസരവും വൃത്തിയാക്കി കാട്ടുവഴികൾ തൂത്തു ഭംഗി വരുത്തി കാട്ടുമരത്തിൽ ഊഞ്ഞാലുകെട്ടി വനപുഷ്പങ്ങൾ കൊണ്ട്‌ അത്തപ്പൂവിട്ട് ഓണം വ്യത്യസ്തമാക്കുന്നത്. സ്ഥിരമായി ഒരിടത്തുതന്നെ താമസിക്കുന്ന സ്വഭാവമില്ലാത്ത മലമ്പണ്ടാര വിഭാഗത്തിൽപെട്ട ആദിവാസികളിൽ ചിലർ കുറച്ചുകാലമായി ളാഹ ഗ്രാമീണ മേഖലയോട് ചേർന്ന വളഞ്ഞങ്ങാനം കാട്ടിൽ സ്ഥിരതാമസമാണ്.

ഈ സ്ഥലത്തു വനാവകാശ നിയമപ്രകാരം കൈവശഭൂമി ലഭിക്കുമെന്ന സർക്കാർ വാഗ്ദാനം വിശ്വസിച്ചാണ് ഇവിടെ കഴിയുന്നത്. വനത്തിൽ വിവിധ ഭാഗങ്ങളിലായി കഴിയുന്ന അമ്പതോളം കുടുംബങ്ങൾക്ക് രാജാമ്പാറ ഫോറസ്റ്റ്​ ഡിവിഷനിൽ പെട്ട മഞ്ഞതോട് ഭാഗത്തു കുടുംബം ഒന്നിന് പത്തേക്കർ ഭൂമി വെച്ച് നൽകുമെന്നായിരുന്നു വാഗ്ദാനം.

ഇതിനായി വന നശീകരണം ഏറെ ബാധിക്കാത്ത ഭൂമി കണ്ടെത്തിയെങ്കിലും വസ്തു വിതരണം അനന്തമായി നീളുകയായിരുന്നു. വനാവകാശ കമ്മിറ്റി കൂടി അർഹരായ ആദിവാസി കുടുംബങ്ങളെ കണ്ടെത്തി ഭൂമി വിതരണം ഉടൻ നടക്കുമെന്ന് ആദിവാസി വികസന വകുപ്പ് പറയുകയും ചെയ്തു . 2019 ലെ ഓണത്തിന് രണ്ടുമാസം മുമ്പ്​ പത്തനംതിട്ട കലക്ടർ നേരിട്ട് ആദിവാസി ഊരുകളിലെത്തി ഓണം കഴിഞ്ഞാലുടൻ എല്ലാവർക്കും ഭൂമി ലഭ്യമാകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

എന്നാൽ, മറ്റൊരു ഓണംകൂടി പോകാറായിട്ടും ഈ വിഷയത്തിൽ ആർ.ഡി.ഒ അധ്യക്ഷനായി രൂപവത്​കരിച്ച കമ്മിറ്റിപോലും കൂടിയിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്. തങ്ങൾക്കായി നീക്കിവെച്ച വാഗ്ദത്തഭൂമിയിൽ സ്വന്തം കൃഷി വിളയുന്ന ചിങ്ങമാസമാണ് ഇവരിലോരോരുത്തരുടെയും മോഹം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.