വടശ്ശേരിക്കര (പത്തനംതിട്ട): പെരുന്തേനരുവിയിലെത്തുന്ന സഞ്ചാരികള്‍ക്ക് ഇനി തീരത്തൂകൂടി പ്രകൃതിസൗന്ദര്യം ആസ്വദിച്ചുനടക്കാം. വെള്ളച്ചാട്ടത്തിന് സമീപത്തെ വലിയ പാറക്കെട്ടില്‍നിന്ന് നദീ തീരത്തേക്ക് ഇറങ്ങാനായിട്ടുള്ള റാമ്പ് നിർമാണം അവസാനഘട്ടത്തിലെത്തി. ഇരുമ്പുകേഡറുപയോഗിച്ച് കൂറ്റന്‍ തൂണുകള്‍ നാട്ടി ഇരുമ്പു ഷീറ്റില്‍ പടികളുണ്ടാക്കിയാണ് റാമ്പ് നിർമിക്കുന്നത്.
അരുവിക്കുതാഴെ നദീമധ്യത്തിലെ തുരുത്തുവരെ മുമ്പ് നടപ്പാത പണിതിരുന്നു. ഇത് ഇൻറര്‍ലോക്ക് വിരിച്ച് സുന്ദരമാക്കി. ഇരിക്കാന്‍ ചാരുബെഞ്ചുകളും വെളിച്ചത്തിനായി വൈദ്യുതി വിളക്കുകളും സ്ഥാപിക്കുന്നതിനു മുമ്പ് 2018ലെ മഹാപ്രളയമെത്തി. അതോടെ കല്ലും മണ്ണും അടിഞ്ഞ് നടപ്പാത ഉപയോഗശൂന്യമായി.
റാമ്പ് പൂര്‍ത്തിയാകുന്ന മുറക്ക് നടപ്പാതയും മനോഹരമാക്കും. റാമ്പ് ഇല്ലാത്തതിനാല്‍ അരുവിയിലെത്തുന്നവര്‍ക്ക് നടപ്പാതയും തുരുത്തും സന്ദര്ശിക്കുവാനാകില്ലായിരുന്നു. ഇപ്പോള്‍ പെരുന്തേനരുവിയിലെ കോട്ടേജുകളും അമിനിറ്റി സെൻററും ടൂറിസത്തിനായി തുറന്നുകൊടുക്കുവാന്‍ തയാറായിവരുകയാണ്. ഈ പശ്ചാത്തലത്തില്‍ മേഖലയിലെത്തുന്ന സഞ്ചാരികള്‍ക്ക് കൂടുതല്‍ ഉണര്‍വുണ്ടാകുന്ന നടപടികളാണ് നദീ തീരത്തുകൂടിയുള്ള സഞ്ചാരം. മഹാപ്രളയത്തില്‍ തകര്‍ന്ന പടിക്കെട്ടുകളും നിർമാണം മുടങ്ങിയ കുട്ടികളുടെ പാര്‍ക്കും ഉടന്‍ പുനരുദ്ധരിക്കും.
ടൂറിസം സെൻറര്‍ തുറന്നുകൊടുക്കുന്നതിന് മുന്നോടിയായി പാര്‍ക്കിങ് സ്ഥലവും അവിടേക്കെത്താനുള്ള റോഡും കോണ്‍ക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കും. കെട്ടിടം ഉദ്ഘാടനത്തിന് മുമ്പായി ചായംപൂശി മോടിയാക്കുന്ന പണികളും മുറ്റത്ത് ചെടികള്‍ പിടിപ്പിക്കുന്ന പണികളുമാണ് ഇപ്പോള്‍ നടക്കുന്നത്. സഞ്ചാരികളുടെ താമസത്തിനും ഡോര്‍മെറ്ററികളും സമ്മേളനങ്ങള്‍ നടത്തുവാനുമുള്ള ഹാളുകളും ഉള്‍പ്പെടെ കെട്ടിടമാണ് ഉദ്ഘാടനത്തിന് തയാറാവുന്നത്. പത്തനംതിട്ടയിൽനിന്ന് 30 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.