പത്തനംതിട്ട: മലയോര മേഖലയെ ആനപ്പേടിയിലാക്കി ചിറ്റാർ - സീതത്തോട് പ്രധാന പാതയിൽ കാട്ടാനകളുടെ സഞ്ചാരം പതിവായി. പാത മുറിച്ചു കടന്ന് കാട്ടാനകൾ സഞ്ചരിക്കുന്നത് പതിവായതോടെ വനംവകുപ്പ് ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ്.
സ്ഥലത്ത് വനപാലകർ ക്യാമ്പ് ഏർപ്പെടുത്തിയതുകൂടാതെ രാത്രികാലങ്ങളിൽ പ്രദേശത്ത് പട്രോളിങ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ജനവാസ മേഖലയും നിരവധി വാഹനങ്ങൾ കടന്നുപോകുന്നതുമായ ചിറ്റാർ - സീതത്തോട് - ആങ്ങമൂഴി പാത മുറിച്ചു കടന്നാണ് കാട്ടാനകൾ പകൽ സമയത്തു പോലും നാട്ടിലേക്ക് എത്തുന്നത്. രണ്ട് കൊമ്പനാനകളാണ് സ്ഥിരമായി ജനവാസ മേഖലകളിലേക്ക് എത്തുന്നത്. കക്കാട്ടാറ് മുറിച്ചുകടന്നാണ് ഇവ ജനവാസ മേഖലകളിൽ പ്രവേശിക്കുന്നത്. രാത്രിയിൽ കാടിറങ്ങുന്ന കൊമ്പനാനകൾ ജനവാസ മേഖലകളിൽ കടന്ന് തീറ്റ തേടിയ ശേഷം നേരം പുലർന്നശേഷമാണ് തിരികെ മടങ്ങുന്നത്.
സീതത്തോട് പാതയിൽ ഊരാംപാറ ഭാഗത്താണ് ഇവ പ്രധാന പാത മുറിച്ചുകടക്കുന്നത്. ചിറ്റാർ ബിമ്മരം കാട്ടിലേക്കാണ് ഇവയുടെ മടക്കം. ഗവിയിലേക്ക് അടക്കം നിരവധി വാഹനങ്ങൾ പുലർച്ചെ കടന്നുപോകുന്ന പാതയിലാണ് കാട്ടാനയുടെ സ്ഥിര സാന്നിധ്യം. ആങ്ങമൂഴി, സീതത്തോട് മേഖലകളിൽ നിന്ന് പുലർച്ചെ ബസുകൾ അടക്കം നിരവധി വാഹനങ്ങൾ ഈ റോഡുവഴി കടന്നു പോകുന്നുമുണ്ട്.
കഴിഞ്ഞദിവസം രാവിലെ ഇതുവഴിയെത്തിയ ആങ്ങമൂഴി - കോട്ടയം റൂട്ടിലെ സ്വകാര്യ ബസ് ആനയുടെ മുമ്പിൽപെട്ടു. ബസ് ഏറെ നേരം റോഡരികിലേക്ക് മാറ്റിയിട്ടു. പിന്നീട് ആനകൾ രണ്ടും റോഡ് കടന്നശേഷമാണ് യാത്ര തുടരാനായത്. റോഡ് മുറിച്ചുകടന്ന കാട്ടാനകൾ റബർ തോട്ടത്തിൽ തങ്ങിയശേഷമാണ് കക്കാട്ടാറ്റിലേക്ക് ഇറങ്ങുന്നത്. ഇതോടെ ടാപ്പിങ് തൊഴിലാളികളും ഭീതിയിലാണ്.
ആനയുടെ സാന്നിധ്യമുള്ളതിനാൽ ഈ മേഖലയിലെ പ്രഭാത സവാരിക്കാർ അടക്കം പ്രത്യേകം ശ്രദ്ധിക്കണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ നിർദേശിച്ചു. വനംവകുപ്പ് പ്രദേശത്ത് ബുധനാഴ്ച മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കട്ടച്ചിറ വനസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ചിറ്റാർ പാതയിലെ കാടുകളും നീക്കം ചെയ്തുതുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.