അതിവർഷം: വാഴത്തോട്ടങ്ങളിൽ രോഗവ്യാപനം

കൃഷിയിടങ്ങൾ വിദഗ്​ധ സംഘം സന്ദർശിച്ചു തൃശൂര്‍: കനത്ത മഴയില്‍ നശിച്ച കൃഷിയിടങ്ങള്‍ കേരള കാര്‍ഷിക സര്‍വകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ജയശ്രീ കൃഷ്ണന്‍കുട്ടി, ചേര്‍പ്പ് ബ്ലോക്ക് കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. മണ്ണുത്തി കമ്യൂണിക്കേഷന്‍ സെന്‍റര്‍ മേധാവി ഡോ. വി.ജി. സുനില്‍, ബ്ലോക്ക് നോഡല്‍ ഓഫിസര്‍ ഡോ. വി.എസ്​. ചിഞ്ചു, കൃഷി ഓഫിസര്‍ മാലിനി എന്നിവരും സംഘത്തിലുണ്ടായിരുന്നു. വാഴയിലെ മാണം അഴുകലും ഇലപ്പുള്ളി രോഗവും തീവ്രമായി വിവിധ തോട്ടങ്ങളില്‍ കാണപ്പെട്ടു. മാണം അഴുകിയ വാഴകളുടെ ചുവട് ഭാഗത്ത് നിറവ്യത്യാസവും ചീയലുമുണ്ട്​. ഇലപ്പോളകള്‍ വെള്ളത്തില്‍ കുതിര്‍ന്നതുപോലെയാണ്​. മഞ്ഞ നിറത്തിലെ ഇലത്തണ്ടും ഇലകളുമാണ്​ മറ്റ് ലക്ഷണം. മുഴുവന്‍ വേരും ചീഞ്ഞ് വാഴ മറിഞ്ഞ് വീഴുകയാണ്​. പുതുതായി നട്ടുപിടിപ്പിച്ച കന്നുകള്‍ മുളക്കാതാകും. നീര്‍വാര്‍ച്ച ഉറപ്പാക്കുന്നതിലൂടെയും രോഗബാധയുള്ള കന്നുകൾ യഥാസമയം നശിപ്പിക്കുന്നതിലൂടെയും പരിധി വരെ രോഗം തടയാം. ബ്ലീച്ചിങ്​ പൗഡര്‍ ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ലയിപ്പിച്ചശേഷം ഓരോ വാഴച്ചുവട്ടിലും അഞ്ച്​ ലിറ്റര്‍ ലായനി ഒഴിക്കുന്നതും ഫലപ്രദമാണ്. അല്ലെങ്കില്‍ 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി അഞ്ച്​ ലിറ്റര്‍ വീതം വാഴയുടെ കടക്കല്‍ ഒഴിക്കണം. കർഷകർക്ക്​ സ്യൂഡോമോണാസ്, ട്രൈക്കോഡെര്‍മ, സംപൂര്‍ണ, അയര്‍ എന്നിവ വിതരണം ചെയ്തു. ഇലപ്പുള്ളി രോഗം ബാധിച്ച വാഴയുടെ താഴെയുള്ള ഇലകളില്‍ കണ്ണിന്‍റെ ആകൃതിയിൽ പുള്ളികള്‍ ഉണ്ടാകുന്നതാണ് പ്രധാന ലക്ഷണം. കൂടാതെ ഞരമ്പിന് സമാന്തരമായി ഇളംമഞ്ഞ നിറത്തിലെ പൊട്ടുകളും വരകളും കാണപ്പെടും. പിന്നീട് പൊട്ടുകളും വരകളും വലുതാകുകയും തവിട്ട് നിറമാകുകയും ചെയ്യും. ഇവയുടെ മധ്യഭാഗം കരിഞ്ഞ് ചാര നിറമാകും. ഇത്തരം ഇലകള്‍ അകാലത്തില്‍ നശിക്കുകയും ഒടിഞ്ഞു തൂങ്ങിക്കിടക്കുകയും ചെയ്യും. ഇത് വാഴയുടെ ആരോഗ്യത്തെയും വളര്‍ച്ചയെയും ഗുരുതരമായി ബാധിക്കും. പൊട്ടാഷ് വളം വേണ്ടത്ര ചേര്‍ക്കാത്ത തോട്ടങ്ങളില്‍ രോഗം രൂക്ഷമാവും. ഗുരുതര രോഗം ബാധിച്ച വാഴകളും ഇലകളും നീക്കുന്നതിനൊപ്പം നീര്‍വാര്‍ച്ചയും കളനശീകരണവും ഉറപ്പാക്കി രോഗം നിയന്ത്രിക്കാം. രോഗം കൂടുതലുള്ള വാഴയില്‍ പ്രൊപ്പികൊണാസോള്‍ അല്ലെങ്കില്‍ കാര്‍ബെന്‍ഡാസിം ഒരു മില്ലിഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ലയിപ്പിച്ചശേഷം ഇലകളില്‍ നല്ല രീതിയില്‍ തളിക്കണം. കനത്ത മഴ തുടരുന്ന അവസരത്തില്‍ വിവിധ വിളകളിലെ രോഗ കീടബാധകള്‍ കാരണം ദുരിതമനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കാൻ സര്‍വകലാശാല മണ്ണുത്തി കമ്യൂണിക്കേഷന്‍ സെന്‍റര്‍, ആറ്റിക്, കൃഷി വിജ്ഞാനകേന്ദ്രം എന്നിവിടങ്ങളിൽ ഹെല്‍പ് ഡെസ്ക് തുറന്നു. ഫോൺ: 9961433467, 9400483754, 8129144433, 0487-2370540, 0487- 2570773, 8289832152, 8138906435.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.