തൃശൂര്‍: ഇതുവരെ കണ്ട സ്വപ്നങ്ങളും കാണാന്‍ കൊതിക്കുന്ന പ്രകൃതിയുടെ മനോഹാരിതയുമെല്ലാം ഒരു കൊച്ചുമിടുക്കി വരയുടെ രൂപത്തില്‍ പുനരാവിഷ്കരിച്ചപ്പോള്‍ പിറന്നത് മനോഹരമായ ഒരുപിടി ചിത്രങ്ങള്‍. ‘സ്വപ്നം, വികാരം, പ്രകൃതി’ എന്ന പ്രമേയം ആസ്പദമാക്കി എസ്.എന്‍. ദക്ഷിണ എന്ന യുവചിത്രകാരിയുടെ കൈയാല്‍ പിറന്നതാണ് ലാളിത്യം നിറഞ്ഞുനില്ക്കുന്ന ഈ സൃഷ്ടികൾ. കേരള ലളിതകല അക്കാദമിയില്‍ ആരംഭിച്ച മലപ്പുറം തിരൂര്‍ സ്വദേശി ദക്ഷിണയുടെ ചിത്രപ്രദര്‍ശനത്തില്‍ ഇത്തരം നൂറോളം ചിത്രങ്ങളാണുള്ളത്.
മലനിരകളും അരുവികളും പൂന്തോട്ടങ്ങളും നിഷ്കളങ്കത നിറഞ്ഞ കുട്ടികളുമൊക്കെയാണ് ദക്ഷിണയുടെ വരകള്‍. സങ്കീര്‍ണത നിറഞ്ഞ ചിത്രങ്ങള്‍ വരക്കാൻ ദക്ഷിണക്ക് താല്പര്യമില്ല. നടന് വി.കെ. ശ്രീരാമന്റെ ചിത്രപ്രദര്‍ശനം കണ്ടതാണ് സ്വന്തമായി ചിത്രപ്രദര്‍ശനം നടത്താന്‍ ദക്ഷിണക്ക് പ്രചോദനം ആയത്. കെ.എസ്.ഇ.ബിയില്‍ ഓവര്‍സിയറായ പിതാവ് സി. നോബിള്‍, മാതാവ് ഷൈനി നോബിള്‍ എന്നിവര്‍ പ്രോത്സാഹനവുമായി ഒപ്പമുണ്ട്.
ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ ദക്ഷിണയുടെ രണ്ടാമത്തെ ചിത്രപ്രദര്‍ശനമാണിത്. പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്കാന് വേണ്ടിയായിരുന്നു ആദ്യ പ്രദര്‍ശനം.
നടന് വി.കെ. ശ്രീരാമന് ഉദ്ഘാടനം ചെയ്തു. കേരള ലളിതകല അക്കാദമി സെക്രട്ടറി ബാലമുരളി കൃഷ്ണന്, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി, എഴുത്തുകാരി ഷാനുജിതന്, നടന് ശ്രീരാമന്റെ ഭാര്യ ഗീത തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രദര്‍ശനം ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.