മതിലകം: ഉപജില്ല കലോത്സവത്തിൽ പ്രശംസക്ക് പാത്രമായി ഗ്രീൻ പ്രോട്ടോകോൾ. കലയും കരവിരുതും ഭാവനയും പ്രകൃതി വിഭവങ്ങളോട് ഉൾചേർന്നൊരുക്കിയ ഹരിത സജ്ജീകരണങ്ങൾക്ക് പുതുമകളേറെയായിരുന്നു. സംവിധായകൻ കമൽ ഉൾപ്പെടെയുള്ളവർ പ്രകൃതി സൗഹൃദ ഉപഹാരങ്ങൾ ഒരുക്കിയവരെ പ്രത്യേകം അഭിനന്ദിച്ചു.
കൊടുങ്ങല്ലൂർ കോടതിയിലെ അഭിഭാഷകൻ മതിലകം സി.കെ.വളവ് സ്വദേശി യു.കെ. ജാഫർഖാന്റെയും ഭാര്യ ഹനാന്റെയും ഭാവനാപൂർണമായ പരിശ്രമമായിരുന്നു ഉദ്ഘാടന വേദിയിൽ അതിഥികൾക്ക് സമ്മാനിച്ച മുളകുംഭത്തിലെ പൂച്ചെടികൾക്ക് പിന്നിൽ. സ്വന്തം വീട്ടുവളപ്പിലെ ഗാർഡൻ മുള വെട്ടിയെടുത്ത് അതിൽ ചകിരിചോർ നിറച്ച് മണ്ണുത്തിയിൽനിന്ന് വാങ്ങിയ എന്നും പൂക്കൾ തരുന്ന റോസും യൂഫോർബിയയും നട്ടാണ് ഉപഹാരം തയാറാക്കിയത്.
വേദികളിലും മറ്റുമായി സ്ഥാപിച്ച തുണിയിൽ വരച്ച ചിത്രങ്ങളോട് കൂടിയ പനയോല കമാനങ്ങൾ ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി ഭാരവാഹി കൂടിയായ ഹനാൻ ജാഫറിന്റെ കലാവിരുതാണ്. തെങ്ങോലയിൽ തീർത്ത ആദ്യ വല്ലങ്ങൾ തയാറാക്കിയത് ഗോതുരുത്തിൽ ജാഫർഖാന്റെ സഹോദരി ഷംസാദിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളായ സൗദമ്മ, പത്മ, ഷൈല എന്നിവരാണ്. ബാക്കി വല്ലങ്ങൾ ജനപ്രതിനിധികളും പി.ടി.എ, എം.പി.ടി.എ, ഗ്രീൻ പ്രോട്ടോക്കോൾ അംഗങ്ങളും കലോത്സവ അങ്കണത്തിൽ തെങ്ങോല വെട്ടിമെടഞ്ഞ് ഉണ്ടാക്കിയെടുത്തത് രസകരമായ അനുഭവമായി. മാലിന്യക്കൊട്ടയിലേക്ക് സൂചന നൽകുന്ന പ്രമുഖ നടൻമാരുടെ ചിത്രങ്ങളോടും സംഭാഷണ ശകലത്തോടുകൂടിയ പോസ്റ്ററുകളും ശ്രദ്ധേയമായി.
പി.ടി.എ അംഗം സിന്ധു മുരുകേശനൊപ്പം സെന്റ് ജോസഫ് സിലെ വിദ്യാർഥികളായ കെ.എം. ആദർശ്, പി.ബി. ആദർശ്, സായി കൃഷ്ണവിനോദ് എന്നിവരുടെ ‘ഓവിയ ക്രിയേറ്റീവ്’ ആണ് ശ്രദ്ധേയമായ ഈ സൂചകങ്ങൾ തയാറാക്കിയത്. ഹരിത കർമ സേനാംഗങ്ങളും വളന്റിയർമാരും ഉൾപ്പെടുന്ന ഗ്രീൻ സംഘം മാലിന്യ പ്രശ്നം പരിഹരിക്കാൻ സദാ സന്നദ്ധരാണ്. ജനപ്രതിനിധി സംസാബി, അധ്യാപിക ലാലി എന്നിവരുടെ നേതൃത്വത്തിലാണ് ഗ്രീൻ പ്രോട്ടോകോൾ ടീം പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.