അന്ന് തുറന്നത് മാറ്റിനിർത്തപ്പെട്ടവരുടെ സ്വാതന്ത്ര്യത്തിന്‍റെ വാതിൽ ഗുരുവായൂരിനെ സ്വാതന്ത്ര്യ സമരവുമായി ചേർത്തുനിർത്തി ക്ഷേത്രപ്രവേശന സത്യഗ്രഹം ലിജിത്ത് തരകൻ ഗുരുവായൂർ: ഗുരുവായൂരിനെ സ്വാതന്ത്ര്യ സമരവുമായി ചേർത്തുനിർത്തുന്നത് ക്ഷേത്ര പ്രവേശന സത്യഗ്രഹമാണ്. സമരത്തിന്‍റെ ഒരുഘട്ടത്തിൽ ഗാന്ധിജി ഗുരുവായൂരിലെത്തി. ഹിന്ദു സമുദായത്തിലെ കീഴ്ജാതിക്കാർക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം ലഭിക്കാനാണ് ഐതിഹാസിക സമരം നടന്നത്. മലബാറിന്‍റെ ഭാഗമായിരുന്ന പൊന്നാനി താലൂക്കിലായിരുന്നു ഗുരുവായൂർ ക്ഷേത്രം. 1931 ജൂലൈ ഏഴിന് ബോംബെയിൽ നടന്ന എ.ഐ.സി.സി യോഗത്തിൽ കെ. കേളപ്പൻ ക്ഷേത്ര പ്രവേശന സത്യഗ്രഹത്തിനായി വാദിച്ചു. സമരത്തിന് ഗാന്ധിജിയുടെ അനുമതി ലഭിച്ചു. 1931 ആഗസ്റ്റ് രണ്ടിന് വടകരയിൽ ചേർന്ന കെ.പി.സി.സി യോഗവും സമരത്തിന് അനുമതി നൽകി. 1931 നവംബർ ഒന്നിനാണ് ഗുരുവായൂർ ക്ഷേത്ര പ്രവേശന സമരം ആരംഭിച്ചത്. ഇതിനു മുമ്പ് ഒക്ടോബർ 21ന് ടി. സുബ്രഹ്മണ്യം തിരുമുമ്പിന്‍റെ നേതൃത്വത്തിൽ കണ്ണൂരിൽനിന്ന് എ.കെ.ജി ക്യാപ്റ്റനായി ഗുരുവായൂരിലേക്ക് ജാഥ പുറപ്പെട്ടു. എൻ.എസ്.എസ് നേതാവ് മന്നത്ത് പത്മനാഭൻ, എസ്.എൻ.ഡി.പി നേതാവ് കുഞ്ഞികൃഷ്ണൻ, വി.ടി. ഭട്ടതിരിപ്പാട്, പി. കൃഷ്ണപിള്ള, വിഷ്ണു ഭാരതീയൻ എന്നിവരെല്ലാം സമരത്തിന്‍റെ മുൻനിരയിൽ ഉണ്ടായിരുന്നു. സമരത്തിന്‍റെ ഭാഗമായി പി. കൃഷ്ണപിള്ള ക്ഷേത്രത്തിൽ കയറി ബ്രാഹ്മണർക്ക് മാത്രം അടിക്കാൻ അനുമതിയുള്ള മണിയടിച്ചപ്പോൾ കാവൽക്കാർ അദ്ദേഹത്തെ മർദിച്ച് പുറത്താക്കി. 'ഉശിരുള്ള നായർ മണിയടിക്കും, ഇലനക്കി നായർ പുറത്തടിക്കും' എന്ന കൃഷ്ണപിള്ളയുടെ പ്രസിദ്ധമായ വാക്കുകൾ പിറന്നത് അന്നാണ്. എ.കെ.ജിക്കും ക്ഷേത്രത്തിനകത്ത് സവർണ പ്രമാണികളുടെ ക്രൂരമർദനം ഏൽക്കേണ്ടിവന്നു. ബോധരഹിതനായി വീണ എ.കെ.ജിയെ ക്ഷേത്രത്തിന് പുറത്തുതള്ളി. മൂന്നു ദിവസം കഴിഞ്ഞാണ് ബോധം തെളിഞ്ഞത്. ഡിസംബർ 18നായിരുന്നു ഈ സംഭവം. ഇതിന് തിരിച്ചടിയായി ചില സമരക്കാർ ചേർന്ന് ക്ഷേത്രത്തിനു ചുറ്റും കെട്ടിയിരുന്ന മുള്ളുവേലി പൊളിച്ചു. ഇതോടെ ക്ഷേത്ര ചുമതലക്കാരനായ സാമൂതിരി ക്ഷേത്രം അനിശ്ചിത കാലത്തേക്ക് അടച്ചു. സത്യഗ്രഹികളെ ആനയെക്കൊണ്ട് ചവിട്ടിക്കാൻ വരെ ശ്രമം നടന്നു. ജനുവരി 28ന് ക്ഷേത്രം വീണ്ടും തുറന്നപ്പോൾ സത്യഗ്രഹവും പുനരാരംഭിച്ചു. സമരത്തെ പിന്തുണച്ച് എഴുതിയ കവിതയുടെ പേരിൽ ടി.എസ്. തിരുമുമ്പ്, ടി.ആർ. കൃഷ്ണസ്വാമി എന്നിവരെ രാജ്യേദ്രാഹകുറ്റം ചുമത്തി ഒമ്പത് മാസം ജയിലിൽ അടച്ചു. 1932 സെപ്റ്റംബർ 21നാണ് കേളപ്പൻ നിരാഹാരം ആരംഭിച്ചത്. കേളപ്പൻ അവശനായതോടെ ക്ഷേത്രം എല്ലാവർക്കുമായി തുറക്കാനുള്ള ഉത്തരവാദിത്തം താൻ ഏറ്റെടുക്കാമെന്ന് പ്രഖ്യാപിച്ച ഗാന്ധിജി നിരാഹാരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. 1932 ഒക്ടോബർ ഒന്നിന് കേളപ്പൻ നിരാഹാരം അവസാനിപ്പിച്ചു. ക്ഷേത്രം എല്ലാവർക്കുമായി തുറക്കുക എന്ന ലക്ഷ്യം നേടാതെത്തന്നെ സത്യഗ്രഹം അവസാനിപ്പിച്ചു. സമരത്തിന്‍റെ തുടർച്ചയായി 1934 ജനുവരി 11ന് ഗാന്ധിജി ഗുരുവായൂരിലെത്തി. ഗാന്ധിജി പങ്കെടുക്കുന്ന യോഗം അലങ്കോലപ്പെടുത്താൻ ശ്രമം നടന്നു. പ്രസംഗിക്കാൻ ഉദ്ദേശിച്ച സ്ഥലം പ്രമാണികൾ ഇടപെട്ട് മുടക്കി. സത്യഗ്രഹ അനുകൂലിയായ കിടുവത്ത് കൃഷ്ണൻ നായരുടെ പാടമാണ് പിന്നീട് സമ്മേളന വേദിയായത്. ഇന്നത്തെ നഗരസഭ ലൈബ്രറി നിൽക്കുന്നത് ഈ സ്ഥലത്താണ്. സമരത്തിന്‍റെ തുടർച്ചയായി ഗുരുവായൂർ ക്ഷേത്രം ഉൾപ്പെടുന്ന പൊന്നാനി താലൂക്കിലെ സവർണ വിഭാഗക്കാർക്കിടയിൽ ഹിതപരിശോധന നടന്നിരുന്നു. ഇതിന് നേതൃത്വം നൽകാൻ കസ്തൂർബ ഗാന്ധി, സി. രാജഗോപാലാചാരി എന്നിവരെത്തി. അഭിപ്രായം രേഖപ്പെടുത്തിയവരിൽ 77 ശതമാനം പേരും ക്ഷേത്ര പ്രവേശനത്തെ അനുകൂലിച്ചു. എങ്കിലും വർഷങ്ങൾ പിന്നിട്ട് 1947 ജൂൺ രണ്ടിന് മദ്രാസ് സർക്കാറിന്‍റെ ക്ഷേത്ര പ്രവേശന ബിൽ വഴിയാണ് എല്ലാ ഹിന്ദുക്കൾക്കും ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം ലഭിച്ചത്. സത്യഗ്രഹത്തിന്‍റെ ഭാഗമായി ഗാന്ധിജി ഗുരുവായൂരിലെത്തി പ്രസംഗിച്ച സ്ഥലത്ത് 1975 ഒക്ടോബർ 18ന് ഗാന്ധിജിയുടെ പൂർണകായ പ്രതിമ സ്ഥാപിച്ചു. ഹരിജന ക്ഷേമ മന്ത്രിയായിരുന്ന വി. ഈച്ചരനാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ------- ഗുരുവായൂരിലെ സ്മാരകങ്ങൾ: നഗരസഭ ലൈബ്രറി വളപ്പിലെ ഗാന്ധി പ്രതിമയും സ്മൃതി മണ്ഡപവും കിഴക്കേ നടയിലെ എ.കെ.ജി സ്മാരക കവാടം ഗുരുവായൂർ സത്യഗ്രഹ സമര വേദി കെ. കേളപ്പൻ കവാടം ദേവസ്വം സത്രം വളപ്പിലെ സത്യഗ്രഹ സ്മാരക സ്തൂപം ദേവസ്വത്തിന്‍റെ സത്യഗ്രഹ സ്മാരക ഹാൾ --------- -box- കൃഷ്ണപിള്ളക്ക് സ്മാരകം വരുന്നു ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹത്തിൽ പങ്കെടുത്ത് സവർണ യാഥാസ്ഥിതികരുടെ കൊടിയ മർദനത്തിനിരയായ കൃഷ്ണപിള്ളക്ക് ഗുരുവായൂരിൽ സ്മാരകം ഒരുങ്ങുന്നു. പടിഞ്ഞാറേ നടയിലെ അമിനിറ്റി സെന്‍ററിനോട് ചേർന്ന് നിർമിക്കുന്ന വേദിക്കാണ് കൃഷ്ണപിള്ളയുടെ പേര് നൽകാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചിട്ടുള്ളത്. ക്ഷേത്ര സോപാനത്ത് ബ്രാഹ്മണർക്ക് മാത്രം അടിക്കാൻ അവകാശമുണ്ടായിരുന്ന മണി കൃഷ്ണപിള്ള അടിക്കുന്ന ചിത്രവും വേദിയിലുണ്ടാകും. മുൻ കൗൺസിലർ സ്വരാജ് കരുണാകരനാണ് ചിത്രം വരക്കുന്നത്. --------- ചിത്രം gvr A K G _Kelappan നിരാഹാരമനുഷ്ഠിക്കുന്ന കേളപ്പനും ഒപ്പം എ.കെ.ജിയും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.