തൃശൂർ: ക്രമക്കേട് ആരോപണത്തെ തുടർന്ന് ജില്ലയിൽ പിരിച്ചുവിടൽ പട്ടികയിലുള്ളത് 22 സഹകരണ ബാങ്കുകൾ. ഏറെ വിവാദമായ കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിന് പിന്നാലെ സഹകരണ വകുപ്പ് നടത്തിയ പരിശോധന റിപ്പോർട്ടിലാണ് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയ 22 സഹകരണ ബാങ്കുകൾക്കെതിരെ കർശന നടപടി നിർദേശിച്ചിരിക്കുന്നത്.
ഈ പട്ടികയിലുള്ള കുട്ടനെല്ലൂർ സഹകരണ ബാങ്ക് ഭരണസമിതി കഴിഞ്ഞയാഴ്ച പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണമേർപ്പെടുത്തിയിരുന്നു. സി.പി.എം ഭരിക്കുന്ന സഹകരണ സംഘങ്ങളാണ് പട്ടികയിൽ ഏറെയുമെങ്കിലും ആറെണ്ണം കോൺഗ്രസ് ഭരണസമിതികളാണ്. ഡി.സി.സി ഭാരവാഹികൾ ഡയറക്ടർമാരായുള്ള ഭരണസമിതികളുമുണ്ട്.
ജില്ലയിൽ കടുത്ത നഷ്ടത്തിൽ പ്രവർത്തിക്കുന്ന കരുവന്നൂർ ഉൾപ്പെടെ 11 സഹകരണ ബാങ്കുകളുണ്ടെന്നാണ് സഹകരണ മന്ത്രി ഔദ്യോഗികമായി നിയമസഭയിൽ അറിയിച്ചത്. എന്നാൽ, ആ പട്ടികയിൽ ഇല്ലാത്തതാണ് കുട്ടനെല്ലൂർ സഹകരണ ബാങ്ക്. വൻ ലാഭത്തിലുള്ളതും സാമ്പത്തികാടിത്തറയുള്ളതുമായ ബാങ്കിൽ മാനദണ്ഡങ്ങൾ പാലിക്കാതെ വായ്പകളടക്കം അനുവദിച്ചതടക്കം ക്രമക്കേടുകളാണ് ഭരണസമിതിയുടെ പിരിച്ചുവിടലിന് കാരണമായത്.
സാമ്പത്തീകാടിത്തറ ഭദ്രമായതിനാൽ നിക്ഷേപകർക്ക് ബുദ്ധിമുട്ടുകളുണ്ടാവില്ല. കഴിഞ്ഞ ദിവസങ്ങളിലായി കോടികളാണ് നിക്ഷേപകർ പിൻവലിച്ചത്. നിക്ഷേപം പിൻവലിക്കാനെത്തുന്നവരോട് തുക സുരക്ഷിതമാണെന്നും ആശങ്കയുണ്ടെങ്കിൽ പിൻവലിച്ചോളാനും ഉദ്യോഗസ്ഥർ അനുവാദം നൽകുകയാണ്.
മൂസ്പെറ്റ് സഹകരണ ബാങ്ക്, കാറളം സഹകരണ ബാങ്ക്, തിരൂർ സർവിസ് സഹകരണ ബാങ്ക്, തൃശൂർ അർബൻ കോഓപറേറ്റിവ് സഹകരണ ബാങ്ക് എന്നിവയെല്ലാം ആരോപണങ്ങൾ നേരിടുന്നതാണ്. നിസ്സാര കാരണങ്ങൾ കൂടിയാണെങ്കിലും നടപടി വൈകിക്കേണ്ടതില്ലെന്നാണ് സർക്കാർ വകുപ്പിന് നൽകിയിരിക്കുന്ന നിർദേശം.
കരുവന്നൂർ ഇത്ര വിവാദമാകാൻ കാരണമായത് പലതവണ നിർദേശിച്ചിട്ടും നടപടിയെടുക്കാതെ സഹകരണ വകുപ്പ് ഉഴപ്പിയതാണെന്ന ആരോപണമുയർന്നിരുന്നു. ഇതോടെ ഉദ്യോഗസ്ഥർക്കെതിരെ കൂട്ടത്തോടെ നടപടിയെടുക്കേണ്ടി വന്നിരുന്നു. അടുത്ത ദിവസങ്ങളിലും ക്രമക്കേട് കണ്ടെത്തിയ മറ്റ് സഹകരണ ബാങ്കുകൾക്കെതിരെയുള്ള പിരിച്ചുവിടൽ നടപടികളുണ്ടായേക്കുമെന്നാണ് സഹകരണവകുപ്പ് വൃത്തങ്ങൾ നൽകുന്ന സൂചന.
തൃശൂർ: പ്രതിഷേധങ്ങളും ബഹങ്ങളും അവസാനിപ്പിച്ചുവെങ്കിലും കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേട് സംബന്ധിച്ച അന്വേഷണങ്ങളുടെ സ്ഥിതിയെന്തെന്ന് ഇനിയും വ്യക്തതയില്ല. സംഭവത്തിൽ കേസെടുത്ത് ഒരു വർഷം പിന്നിട്ടിട്ടും ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. 18 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. പ്രതികളുടെ ആസ്തി കണ്ടുകെട്ടുന്നതിനായി സഹകരണ നിയമം സെക്ഷൻ 68 പ്രകാരം നടപടികൾ ആരംഭിച്ചുവെങ്കിലും പിന്നീടൊന്നുമുണ്ടായില്ല.
പ്രതികളുടെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച പരിശോധനക്ക് 2021 ജൂലൈയിൽ സഹകരണ വകുപ്പ് നിർദേശിച്ചിരുന്നുവെങ്കിലും ഉന്നതതല ഇടപെടലോടെ ഇഴഞ്ഞു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചും സമാന നീക്കവുമായി ഏറെ മുന്നോട്ടുപോയി. ആസ്തി വിവരങ്ങളറിയാൻ ബാങ്കുകൾക്കും റവന്യൂ, രജിസ്ട്രേഷൻ വിഭാഗങ്ങൾക്കും കത്ത് നൽകിയെങ്കിലും തുടർ നടപടികളുണ്ടായില്ല.
സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കൂടിയായിരുന്ന ബാങ്ക് സെക്രട്ടറി സുനിൽകുമാർ, മാനേജർ ബിജു കരീം, സീനിയർ അക്കൗണ്ടൻറ് ജിൽസ്, ഇടനിലക്കാരൻ കിരൺ, കമീഷൻ ഏജൻറ് ബിജോയ്, അക്കൗണ്ടൻറ് റെജി അനിൽ എന്നിവരാണ് മുഖ്യപ്രതികൾ. സി.പി.എം നേതാക്കൾ കൂടിയായ 12 ഭരണസമിതി അംഗങ്ങളും പ്രതിപ്പട്ടികയിലുണ്ട്.
നൂറുകോടിക്ക് മുകളിലുള്ള ക്രമക്കേട് കേസുകൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കേണ്ടതാണെന്ന് കോടതിയിൽ ഹരജിയെത്തിയിട്ട് പോലും മൗനത്തിലായിരുന്ന ഇ.ഡി ഹൈകോടതി താക്കീത് നൽകിയതോടെയാണ് ഇറങ്ങിയത്.
ഇക്കഴിഞ്ഞ ആഗസ്റ്റിൽ പുലർകാലത്തെത്തി പിറ്റേന്ന് പുലർകാലം വരെ തോക്കേന്തിയ കേന്ദ്ര സേനയുടെ സുരക്ഷയോടെ പരിശോധന നടത്തി ഫയലുകൾ പിടിച്ചെടുത്ത് കൊണ്ടുപോയതിലും ഇപ്പോഴെന്താണ് അവസ്ഥയെന്ന് ആർക്കുമറിയില്ല. കേസ് അന്വേഷിക്കുകയാണെന്നാണ് ഇപ്പോഴും ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.