തൃശൂർ: കോവിഡ് ബാധിച്ച് ജില്ലയിൽ ഇതുവരെ മരിച്ചത് 1500ൽ അധികം പേരാണ്. പരിശോധനയിൽ ഇവർക്കെല്ലാം കോവിഡ് സ്ഥിരീകരിച്ചതുമാണ്. എന്നാൽ ഇതുവരെയുള്ള സർക്കാറിെൻറ ഔദ്യോഗിക കണക്കിലുള്ളത് 834 പേർ മാത്രമാണ്. കോവിഡ് ബാധിച്ച് മരിച്ച ബാക്കി ഏഴുന്നൂറോളം പേരുടെ മരണം ഒരു കണക്കിലും ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചാണ് ഇക്കൂട്ടരുടെ സംസ്കാരം അടക്കം നടന്നത്. അപ്പോഴും സർക്കാറിെൻറ ഒരു പട്ടികയിലും ഇക്കൂട്ടർ ഉൾപ്പെടുന്നില്ല. അതുകൊണ്ട് തന്നെ ഇൻഷൂറൻസ് അടക്കം തടയപ്പെടുന്ന സാഹചര്യം ബന്ധുക്കൾക്കുണ്ട്. മാത്രമല്ല, സന്നദ്ധ സംഘടനകൾ ഇത്തരക്കാരുടെ വീടുകൾക്ക് നൽകുന്ന സഹായങ്ങളും ലഭിക്കാതെ പോവുകയാണ്. ഒപ്പം സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചാൽ മരിച്ചയാളുടെ വീട്ടുകാർക്ക് അത് ലഭിക്കാതെ പോകുകയും ചെയ്യും.
രണ്ടാം തരംഗത്തിൽ വൈറസിെൻറ അതിപ്രസരത്തിൽ ജില്ലയിൽ പ്രതിദിനം ശരാശരി 40 പേരെങ്കിലും മരിക്കുന്നുണ്ട്. അവസാന 24 ദിവസത്തിനിടെ ആയിരത്തോളം പേർ മരിച്ചു. മറ്റ് രോഗങ്ങളില്ലാതെ കോവിഡ് മാത്രം ബാധിച്ച് മരിച്ചവരെ മാത്രമാണ് കോവിഡ് കണക്കിൽ സംസ്ഥാന ഡെത്ത് ഓഡിറ്റ് കമ്മിറ്റി ഉൾപ്പെടുത്തുന്നത്. സ്വകാര്യ-സർക്കാർ ആശുപത്രികളിലും വീടുകളിലുമായി നടന്ന കോവിഡിനെത്തുടർന്നുള്ള മരണങ്ങളാണ് 1500ലേറെ എന്ന അനൗദ്യോഗിക കണക്കിൽ ഉൾപ്പെടുത്തുന്നത്.
ഇവ ഡെത്ത് ഓഡിറ്റ് കമ്മിറ്റി അംഗീകരിച്ചാൽ മാത്രമേ ഔദ്യോഗിക കണക്കിൽ ഉൾപ്പെടുകയുള്ളൂ. കോവിഡ് രണ്ടാം തരംഗത്തിലാണ് മരണങ്ങൾ ഏറെയെങ്കിലും ഒന്നാം തരംഗത്തെ അപേക്ഷിച്ച് മരണനിരക്കിൽ വർധനവില്ല. 0.5 ശതമാനത്തിന് താഴെയാണ് ജില്ലയിലെ മരണനിരക്ക്. രോഗികൾ കൂടുന്നതിനാലാണ് മരണവും കൂടുന്നത്. ഏപ്രിൽ പതിനഞ്ചിന് ശേഷം മരണങ്ങൾ കൂടുതലാണെന്നും ആരോഗ്യവകുപ്പ് പറയുന്നു.
ജില്ലയിൽ ഡെങ്കിപ്പനി കുതിക്കുന്നു. 2021 ജനുവരി ഒന്നു മുതൽ മേയ് 24 വരെ 43 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. കഴിഞ്ഞ വർഷം ഇതേസമയം 23 പേർക്കു മാത്രമാണ് രോഗം. കോവിഡിന് പിന്നാലെ ഇവ കൂടുന്നത് പ്രശ്ന സങ്കീർണമാക്കുകയാണ്. കോർപ്പറേഷൻ പരിധിയിൽ മാത്രം ഇതുവരെ എട്ട് കേസുകൾ റിപ്പോർട്ട് ചെയ്തു. നേരത്തെ മൂരിയാട് മൂന്നുകേസുകളും ഉണ്ടായിരുന്നു. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പനി തുടങ്ങിയ വൈറസ് രോഗങ്ങൾ പരത്തുന്നത് ഈഡിസ് ഈജിപ്തി കൊതുകുകളാണ്.
കറുത്ത നിറമുള്ള ഇവയുടെ കാലുകളിൽ തിളങ്ങുന്ന വെള്ള വരകളും മുതുകിൽ വെള്ള വരകളുമുണ്ട്. ഈഡിസ് കൊതുകുകള്‍ പകല്‍ സമയത്താണ് കടിക്കുന്നത്. അതുകൊണ്ട് പകല്‍നേരത്ത് കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കൊടുങ്ങല്ലുർ നഗരസഭ പരിധിയിൽ ചാപ്പാറ, വയലാർ, കോഴിക്കട എന്നിവിടങ്ങളിലും ചാവക്കാട് നഗരസഭയിൽ പുലിച്ചിറക്കെട്ടിലും കുന്നംകുളത്ത് സീനിയർ ഗ്രൗണ്ട് മേഖലയിലുമാണ് ജില്ലയിൽ കൊതുകു സാന്ദ്രത കൂടുതലുള്ളത്.
ഈ വർഷം 25,124 പനിയാണ് ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞവർഷം ഇതേസമയം 41,642 പേർക്കാണ് പനി ബാധിച്ചത്. വയറിളക്കവും സമാനമാണ്. 13,234 പേർക്കാണ് കഴിഞ്ഞ വർഷം വയറിളക്കം റിപ്പോർട്ട് ചെയ്തതെങ്കിൽ ഈ വർഷമത് 7214 പേർക്കാണ്. കഴിഞ്ഞ വർഷം മൊത്തം 16 പേർക്ക് റിപ്പോർട്ട് ചെയ്ത മുണ്ടിനീരും മലേറിയയും ഇതുവരെ രണ്ടുപേർക്കു വീതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തൃശുർ: 2021 പിറന്ന് അഞ്ചുമാസം പിന്നിടുേമ്പാൾ ജില്ലയിൽ പകർച്ചവ്യാധി മൂലം മരിച്ചത് മൂന്നുപേർ. എലിപ്പനി ബാധിച്ച് രണ്ടുപേരും ഒരു ചികൻപോക്സ് രോഗിയുമാണ് മരിച്ചത്. മൺസൂണിന് പിന്നാലെ ജൂലൈ പകുതിക്ക് ശേഷവും ആഗസ്റ്റിലുമാണ് എലിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്യുകയായിരുന്നു പതിവ്. ഈ പതിവ് തെറ്റിച്ചാണ് നേരത്തെ തന്നെ എലിപ്പനി മരണം അടക്കം സ്ഥിരീകരിച്ചിരിക്കുന്നത്. 13 പേർക്ക് ഇതുവരെ എലിപ്പനി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞവർഷം അഞ്ചുപേർക്കു മാത്രമാണ് രോഗം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ആകെ മരിച്ചത് രണ്ടുപേരാണ്. ഈ വർഷം ഇപ്പാൾ തന്നെ രണ്ടുപേർ മരിച്ചു കഴിഞ്ഞു.
പാടത്ത് പണിയെടുക്കുന്നവരും സമാനമായ ജോലി ചെയ്യുന്നവരും നിർബന്ധമായും ഷൂ അടക്കം ധരിച്ചായിരിക്കണം ജോലി എടുക്കേണ്ടത്. മഴക്കാലത്തും പ്രളയത്തിനു ശേഷവുമാണ് എലിപ്പനി കൂടുതലായി കാണപ്പെടുന്നത്. മലിനജലം, മണ്ണ് എന്നിവയുമായി സമ്പർക്കം ഉള്ളവർക്ക് രോഗസാധ്യത കൂടുതലാണ്. ശക്തമായ പനിയും പനിയോടൊപ്പം വിറയലും അടക്കമുണ്ടാവും. ശക്തമായ തലവേദനയും പേശി വേദനയും. ജില്ലയിൽ പല പ്രദേശങ്ങളിലും ചിക്കൻ പോക്സ് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
ചിക്കന്‍ പോക്സ് സാധാരണ മാരകമാകാറില്ലെങ്കിലും മുമ്പ് മറ്റ് അസുഖങ്ങള്‍ വന്നവരിൽ സങ്കീർണമായ പ്രശ്നങ്ങളോ മരണം പോലുമോ സംഭവിക്കാം. ചിക്കന്പോക്സിെൻറ ചികിത്സക്ക് ആവശ്യമായ 'അസൈക്ലോവിര്‍' മരുന്ന് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ ഉൾപ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണ്. ചിക്കന്‍പോക്സ് ബാധിച്ചവര്‍ പൂർണമായും വിശ്രമിക്കുകയും ധാരാളം പാനീയങ്ങള്‍ കുടിക്കുകയും പഴങ്ങള്‍ കഴിക്കുകയും വേണം. മറ്റ് ഭക്ഷണ നിയന്ത്രണം ആവശ്യമില്ല. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം.
തൃശൂർ: കോവിഡ് വ്യാപനത്തിനിടയിൽ ജില്ലയിൽ ആശങ്കയേറ്റി ബ്ലാക്ക് ഫംഗസിെൻറ സാന്നിധ്യം. നിലവിൽ നാലുപേർക്കാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്. ഇവരിൽ മൂന്നുപേർ ജില്ലയിൽ നിന്നുള്ളവരും പാലക്കാട് ജില്ലയിലെ രണ്ടുപേരുമാണ് തൃശൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്.
എന്നാൽ നിലവിലെ സാഹചര്യത്തിൽ യാതൊരു വിധ അശങ്കയും വേണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതരുടെ നിലപാട്. വലക്കാവ് സ്വദേശിനിക്കാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബ്ലാക്ക് ഫംഗസ് ലക്ഷണം കണ്ടത്.
ഇവരെ കൂടാതെ പാലക്കാട് ജില്ലയിൽ റിപ്പോർട്ട് ചെയ്ത രണ്ട് കേസുകൾ കൂടി മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ട്. അതിശക്തിയേറിയ ഫംഗസാണെങ്കിലും പകരുന്നതല്ല ഈ രോഗം. പ്രത്യക്ഷമായ ലക്ഷണം കാണിക്കുമെന്നതിനാൽ തുടക്കത്തിൽ ചികിത്സ തേടിയാൽ അപകടാവസ്ഥയിൽ നിന്ന് രക്ഷപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.