ആമ്പല്ലൂര്‍: നാലുവയസ്സുമാത്രമുള്ളപ്പോള് പഞ്ചാരിയുടെ ചെമ്പടവട്ടങ്ങള്‍ പരിശീലിച്ച് മേളകലയുടെ താളവട്ടങ്ങളിലൂടെ വാദ്യവൈഭവം തീര്‍ത്ത ബാലന് തായമ്പകയില്‍ കൊട്ടിക്കയറാനൊരുങ്ങുന്നു. വാദ്യകലാകാരന്കൂടിയായ പുതുക്കാട് രാപ്പാള്‍ പിണ്ടിയത്ത് വീട്ടില്‍ സുരേഷിന്റെയും നീതുവിന്റെയും മകന് അഭിനന്ദ്കൃഷ്ണ എന്ന അച്ചുവാണ് തായമ്പകയില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നത്.
2018ല്‍ രാപ്പാള്‍ സ്കൂളില്‍ യു.കെ.ജി വിദ്യാര്‍ഥിയായിരിക്കെയാണ് അച്ചു മേളകലാകാരന്‍ കണ്ണമ്പത്തൂര്‍ വേണുഗോപാലിന്റെ ശിക്ഷണത്തില്‍ പഞ്ചാരിയില്‍ പരിശീലനം നേടിയത്. കരിങ്കല്ലില്‍ പുളിമുട്ടി കൊട്ടിയായിരുന്നു ബാലപാഠങ്ങള്‍ അഭ്യസിച്ചത്. പഞ്ചാരിയുടെ മൂന്നാംകാലം മുതല്‍ കൊട്ടിക്കയറി പുതുക്കാട് തെക്കേതൊറവ് വള്ളിക്കുന്നത്ത് മഹാവിഷ്ണുക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം.
തുടര്‍ന്നിങ്ങോട്ട് അച്ഛനൊപ്പം ഒട്ടുമിക്ക പൂരപ്പറമ്പുകളിലും ഉത്സവവേദികളിലും മേളത്തെ അറിയാനും ആസ്വദിക്കാനുമായി ഈ ബാലനെത്തിയിരുന്നു. കഴിഞ്ഞദിവസം സുരേഷിന്റെ അച്ഛന്റെ കുടുംബക്ഷേത്രമായ രാപ്പാളിലെ എറാടത്ത് ക്ഷേത്രത്തില്‍ നടന്ന പ്രതിഷ്ഠദിനത്തിന് കസേരയില്‍ കയറ്റിവെച്ച ചെണ്ടയില്‍ രണ്ടുമണിക്കൂറിലേറെ നീണ്ട പതികാലംമുതലുള്ള പഞ്ചാരിമേളത്തിന് കൈയും കോലുമായി അച്ചു ആസ്വാദകരുടെ മനംകവര്‍ന്നിരുന്നു. തായമ്പക കലാകാരന് കലാനിലയം ഉദയന്‍ നമ്പൂതിരിയുടെ ശിഷ്യന് കീനൂര്‍ സുബീഷിന്റെ ശിക്ഷണത്തില്‍ ആമ്പല്ലൂര്‍ പൂക്കോട് കീനൂര്‍ അനുഷ്ഠാനകലാക്ഷേത്രത്തിലായിരുന്നു തായമ്പക പഠനം.
കഴിഞ്ഞ രണ്ടുവര്‍ഷമായി തായമ്പക പഠിക്കുന്നുണ്ടെങ്കിലും കോവിഡിന്റെ കാലത്ത് പഠനത്തിന് തടസ്സങ്ങളുണ്ടായി. തൃശൂര്‍ പൂരത്തിന്റെ തിരുവമ്പാടി വിഭാഗത്തിന്റെ മേളപ്രമാണി കിഴക്കൂട്ട് അനിയന്മാരാര് കീനൂര്‍ മഹാദേവക്ഷേത്രസന്നിധിയില്‍ 12ന് വൈകീട്ട് ആറിന് അരങ്ങേറ്റത്തായമ്പകക്ക് ഭദ്രദീപം തെളിക്കും. പതികാലവും ചെമ്പക്കൂറും ഇടകാലവും ചേര്‍ന്ന് ഒരുമണിക്കൂറോളം നീളും അരങ്ങേറ്റത്തായമ്പക. പുതുക്കാട് സെന്റ് ആന്റണീസ് വിദ്യാലയത്തിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിയാണ് അഭിനന്ദ്കൃഷ്ണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.