തൃശൂർ: കേരള കാർഷിക സർവകലാശാലയുടെ വൈനറിയിൽ ഉൽപാദിപ്പിക്കുന്ന ‘നിള’ വൈൻ അടുത്ത വർഷം വിപണിയിലെത്തും. കെ.ടി.ഡി.സി ബിയർ-വൈൻ പാർലറുകളിൽ 2000 രൂപയിലധികം ബില്ലടക്കുന്ന ഉപഭോക്താക്കൾക്ക് 750 മില്ലി വൈൻ സൗജന്യമായി നൽകുമെന്നും സർവകലാശാല പ്രോ ചാൻസലർ കൂടിയായ കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. സർവകലാശാലയുടെ 2025-‘26 വർഷത്തേക്കുള്ള ബജറ്റ് അവതരണത്തിലാണ് പ്രഖ്യാപനങ്ങൾ. ‘സദ്ഗമയ’ എന്ന പേരിൽ സർവകലാശാലയിൽ ലഹരിവിരുദ്ധ പ്രവർത്തനം, വിവിധ കാമ്പസുകളിൽ ഹോസ്റ്റൽ നിർമാണം, ബാലരാമപുരത്ത് നാളികേര മ്യൂസിയം എന്നിവയും പ്രഖ്യാപിച്ചു.
നെൽപാടങ്ങളിൽനിന്നുള്ള ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറക്കാൻ ലോക ബാങ്ക് ധനസഹായത്തോടെ 24.77 കോടി രൂപയുടെ ‘കേര’ പദ്ധതി അടുത്ത വർഷം നടപ്പാക്കും. ബിരുദാനന്തര ബിരുദ-ഗവേഷണ വിദ്യാർഥികൾക്കുള്ള സാമ്പത്തികസഹായം, ഗ്രാമീണ കാർഷിക പ്രവൃത്തിപരിചയം (റാവേ), ലൈബ്രറി ശാക്തീകരണം എന്നിവക്കും തുക വകയിരുത്തി.
നിർമിതബുദ്ധി ഉപയോഗിച്ചുള്ള കീടരോഗ മുന്നറിയിപ്പ് സംവിധാനം വികസിപ്പിക്കാനും സാങ്കേതികവിദ്യകളുടെ സാമൂഹിക-പാരിസ്ഥിതിക ആഘാത പഠനം നടത്താനും അടുത്ത വർഷം ലക്ഷ്യമിടുന്നു. സംസ്ഥാനത്തെ പ്രധാന വിളകളിൽ ഉയർന്ന ഉൽപാദനക്ഷമതയുള്ള ഇനങ്ങളുടെ വികസനവും ഉയർന്ന വിളവും വിവിധ പ്രതികൂല ഘടകങ്ങളെ ചെറുക്കാൻ കഴിവുള്ള നെല്ലിന്റെയും സങ്കരയിനം പച്ചക്കറികളുടെയും വികസനവും തെങ്ങിൻ തൈകൾ ഉൽപാദിപ്പിക്കാനുള്ള ടിഷ്യു കൾചർ സാങ്കേതികവിദ്യയുടെയും നെല്ലിലെ ജല ഉപയോഗം കുറക്കാനുള്ള സംവിധാനത്തിന്റെയും വികസനം സർവകലാശാല അടുത്ത വർഷം ലക്ഷ്യമിടുന്നു.
പരിസ്ഥിതി-സൗഹൃദസസ്യ സംരക്ഷണത്തിന് നാനോ ഉൽപന്നങ്ങൾ വികസിപ്പിക്കാനും സംരംഭകത്വം പിന്തുണക്കാൻ കഴിയുന്ന രീതിയിൽ കാർഷിക ഗവേഷണം ശക്തിപ്പെടുത്താനും ഉദ്ദേശിക്കുന്നതായും ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. കർഷകർക്ക് ഗുണനിലവാരമുള്ള വിത്ത്, നടീൽ വസ്തു, ജൈവ ഉപാധി എന്നിവ ന്യായവിലക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുക വകയിരുത്തി.
ഫാം ടൂറിസം, ഇൻക്യുബേഷൻ സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പദ്ധതികൾ എന്നിവ അടുത്ത വർഷം നടപ്പാക്കും. സർവകലാശാല ആസ്ഥാനത്ത് ചേർന്ന ജനറൽ കൗൺസിൽ യോഗത്തിൽ 650.79 കോടി രൂപ വരവും 909.32 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന 258.53 കോടി രൂപയുടെ കമ്മി ബജറ്റാണ് മന്ത്രി അവതരിപ്പിച്ചത്. യോഗത്തിൽ വൈസ് ചാന്‍സലര്‍ ഇൻ-ചാർജ് ഡോ. ബി. അശോക്, ജി.എസ്. ജയലാൽ എം.എൽ.എ, പി. നന്ദകുമാർ എം.എൽ.എ, പി.പി. സുമോദ് എം.എൽ.എ, ഡോ. പി.കെ. സുരേഷ് കുമാർ, ഡോ. വി. തുളസി, സി.എൽ. ഷിബു തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.