എ​യ്ഞ്ച​ൽ

എയ്ഞ്ചൽ നടക്കും, സുമനസ്സുകൾ കനിഞ്ഞാൽ

പീച്ചി: കഴിഞ്ഞ 14 വർഷമായി രോഗബാധയിൽ കഴിയുന്ന എയ്ഞ്ചലിന് നടക്കാൻ നിങ്ങളുടെ സ്നേഹവും സ്വാന്തനവും സാമ്പത്തിക സഹായവും വേണം. ചികിത്സ ചെലവുമായി മുന്നോട്ട് പോകാനാവാത്ത അവസ്ഥയിലാണ് ഇവരുടെ കുടുംബം. പായക്കണ്ടം പുത്തൻപുരക്കൽ മത്തായി-വിനീത ദമ്പതികളാണ് മൂത്ത മകളായ 16കാരി എയ്ഞ്ചലിന്റെ വിദഗ്ധ ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നത്.

ജനിച്ചതിന്റെ രണ്ടാം ദിവസം ബാധിച്ച മഞ്ഞപ്പിത്തം മുതൽ തുടങ്ങിയതാണ് എയ്ഞ്ചലിന്റെ ദുരിതപർവം. വിദഗ്ധ ചികിത്സക്ക് ശേഷം ഗ്ലിയോസിസ് എന്ന മാരകരോഗമാണ് എയ്ഞ്ചലിന് എന്ന് കണ്ടെത്തി. രോഗത്തിന്റെ ഭാഗമായി ഓർമക്കുറവ്, പെട്ടെന്നുണ്ടാകുന്ന ബോധക്ഷയം, വീഴ്ച തുടങ്ങിയവ കൊണ്ട് ബുദ്ധിമുട്ടുകയാണ് എയ്ഞ്ചൽ. പെട്ടെന്നുണ്ടായ വീഴ്ചയിൽ രണ്ടുതവണ തോളെല്ല് പൊട്ടുകയും പലതവണ മാരകമായി പരിക്കേൽക്കുകയും ചെയ്തു. ഓട്ടിസം ബാധിതയുമായതോടെ മുഴുവൻ സമയവും ഒരാളുടെ പരിചരണം അത്യാവശ്യമാണ്.

നിലവിൽ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെന്ററിൽ ചികിത്സയിലാണ്. ഡോക്ടർമാരുടെ നിർദേശപ്രകാരം അമേരിക്കയിൽനിന്ന് വരുത്തുന്ന അത്യാധുനിക ഉപകരണം ഓപറേഷനുശേഷം കഴുത്തിൽ ഘടിപ്പിച്ചാൽ തലച്ചോറിലേക്കുള്ള തരംഗ പ്രവാഹം ക്രമമാവുകയും പെട്ടെന്നുണ്ടാകുന്ന വീഴ്ച ഒഴിവാക്കാനും കഴിയും. എന്നാൽ ഈ ഉപകരണത്തിന് മാത്രം അഞ്ചര ലക്ഷം രൂപ ചെലവ് വരും. തുടർ ചികിത്സക്കും ഇത്രതന്നെ പണം ആവശ്യമാണ്.

ക്ഷീരകർഷകനായ പിതാവ് മത്തായിക്ക് മകളുടെ ചികിത്സ നടത്താൻ കഴിയാത്ത സ്ഥിതിയാണ്. എയ്ഞ്ചലിന് പുറമേ മൂന്നു മക്കൾ കൂടി ഉണ്ട് ഇവർക്ക്. എയ്ഞ്ചലിന്റെ ചികിത്സക്കായി പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. രവീന്ദ്രൻ ഉൾപ്പെടെ അഞ്ചുപേർ രക്ഷാധികാരികളായി ചികിത്സ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. എയ്ഞ്ചൽ മത്തായി സഹായനിധി എന്ന പേരിൽ ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 19270200002291. ഐ.എഫ്.എസ്.സി: FDRL0001927. ഗൂഗിൾ പേ: 8590742051

Tags:    
News Summary - angel will walk if kind hearts help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.