തൃശൂര്‍: അതിരപ്പിള്ളി വനമേഖലയിലെ കാട്ടുപന്നികളില്‍ ആന്ത്രാക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ക്ക് വ്യാഴാഴ്ച തുടക്കമായി. കനത്ത മഴയിലും വിവിധ വകുപ്പുകൾ സംയുക്തമായി അതിരപ്പിള്ളിയിൽ യോഗം ചേർന്നു. അതിരപ്പിള്ളി പഞ്ചായത്തിലെ വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്സിന് നൽകുന്ന നടപടിക്ക് തുടക്കം കുറിച്ചു. ഉച്ചക്കുശേഷം കനത്തമഴ കാരണം വാക്സിനേഷൻ നിർത്തി. 13 പേരെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
മേഖലയില്‍ പന്നിയിറച്ചി കഴിച്ചവർക്ക് പ്രതിരോധ മരുന്ന് കൊടുത്തുതുടങ്ങി. ആരോഗ്യം, തദ്ദേശം, റവന്യൂ, മൃഗസംരക്ഷണം, വനം തുടങ്ങിയ വകുപ്പുകളെ ഉൾപ്പെടുത്തിയാണ് യോഗം ചേർന്നത്. വെള്ളിയാഴ്ച മേഖലയിൽ ബോധവത്കരണ ക്ലാസ് നടത്താനും തീരുമാനമായി. കന്നുകാലികള്‍ക്ക് രോഗം പകരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ജാഗ്രത പാലിക്കാൻ നിർദേശം നല്കി. വളര്‍ത്തുമൃഗങ്ങള്‍ക്ക് രോഗലക്ഷണം കണ്ടാൽ ബന്ധപ്പെട്ടവരെ അറിയിക്കണം.
മൃഗങ്ങളുടെ മൃതദേഹം മറവ് ചെയ്യുമ്പോള്‍ മുന്‍കരുതലെടുക്കണം. മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് രോഗം ബാധിക്കാനുള്ള സാധ്യത കുറവായതിനാല്‍ പരിഭ്രാന്തരാവേണ്ട ആവശ്യമില്ല. അതേസമയം, ആന്ത്രാക്സ് ബാധിച്ച മൃഗത്തിന്റെ മാംസം ഭക്ഷിക്കുന്നത് രോഗബാധക്ക് കാരണമാവാം എന്നതിനാല്‍ ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണം.
രോഗബാധ കണ്ടെത്തിയ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് അതിരപ്പിള്ളി പഞ്ചായത്തില്‍ ബോധവത്കരണം സംഘടിപ്പിച്ചു. പ്രതിരോധ നടപടികള്‍ ഊര്ജിപ്പെടുത്തിയതായി ജില്ല കലക്ടര്‍ ഹരിത വി. കുമാര്‍ അറിയിച്ചു. ജനങ്ങള്‍ക്ക് ആശങ്കയോ ഭീതിയോ വേണ്ടെന്നും ആന്ത്രാക്സ് മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത വളരെ കുറവാണെന്നും കലക്ടര്‍ പറഞ്ഞു.
2020ലും പ്രദേശത്ത് കാട്ടുപന്നികളില്‍ ആന്ത്രാക്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജില്ല വെറ്ററിനറി കേന്ദ്രത്തില്‍ കണ്ട്രോള് റൂം തുറന്നിട്ടുണ്ട്. ഫോൺ: 0487 2424223.
അതിരപ്പിള്ളി: ചത്ത കാട്ടുപന്നികളിൽ ആന്ത്രാക്സ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അതിരപ്പിള്ളി മേഖലയില്‍ കനത്ത ജാഗ്രത. മൃഗസംരക്ഷണ വകുപ്പും ആരോഗ്യ വിഭാഗവും വനപാലകരും പഞ്ചായത്തും സംയുക്തമായി പ്രതിരോധ നടപടി തുടങ്ങി. പന്നികളുടെ ജഡം കണ്ട ഭാഗത്തെ വളര്‍ത്തു മൃഗങ്ങൾക്ക് മൃഗസംരക്ഷണ വകുപ്പ് പ്രതിരോധ കുത്തിവെപ്പ് തുടങ്ങി.
നാട്ടുകാര്‍ക്ക് വെള്ളിയാഴ്ച ബോധവത്കരണ ക്ലാസ് നടത്തും. പന്നികളുടെ ജഡം ദഹിപ്പിക്കുന്നതിൽ പങ്കുചേർന്ന ഇരുപതോളം പേരുടെ രക്ത സാമ്പിളുകള്‍ പരിശോധിച്ചെങ്കിലും എല്ലാ ഫലങ്ങളും നെഗറ്റിവാണ്. അതിരപ്പിള്ളി പഞ്ചായത്ത് കേന്ദ്രീകരിച്ച് സജ്ജമാക്കിയ മെഡിക്കല്‍ സംഘം സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. എവിടെയങ്കിലും വളര്‍ത്തുമൃഗങ്ങള്‍ അപ്രതീക്ഷിതമായി ചത്താല്‍ വിവരം പഞ്ചായത്തിനെ അറിയിക്കണമെന്ന് നാട്ടുകാര്‍ക്ക് നിർദേശം നല്കി. ചത്ത മൃഗങ്ങളെ ആരും കൈകൊണ്ട് തൊടാൻ പാടില്ല. നിലവില്‍ ആശങ്ക വേണ്ടെന്ന് അവലോകന യോഗത്തിനുശേഷം ഡി.എം.ഒ ഇന്‍ചാര്‍ജ് കെ.ടി. ഇബ്രാഹിം അറിയിച്ചു.
പഞ്ചായത്ത് സ്ഥിരംസമിതി ചെയര്പേഴ്സൻ സൗമിനി മണിലാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്ഥിരംസമിതി അധ്യക്ഷന്‍ സി.സി. കൃഷ്ണന്, ഡെപ്യൂട്ടി ഡി.എം.ഒ കാവ്യാ കരുണാകരന്, ഡോ. ഡേവിസ് എബ്രഹാം, റേഞ്ച് ഓഫിസര്‍ അരുണ്‍ എന്നിവരും പങ്കെടുത്തു.
അതിരപ്പിള്ളി: ആന്ത്രാക്സ് റിപ്പോർട്ട് ചെയ്തതോടെ അതിരപ്പിള്ളിയിൽ ആശങ്ക. ചൊവ്വാഴ്ചയാണ് പിള്ളപ്പാറയിൽ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിൽ കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയത്. തുടർന്ന് വെറ്ററിനറി സർവകലാശാല അധികൃതരെത്തി പരിശോധിച്ചു.
ബുധനാഴ്ച പരിശോധനഫലം വന്നപ്പോൾ ആന്ത്രാക്സാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ പ്രദേശമാകെ ആശങ്കയിലാണ്. നേരത്തേ ചത്ത പന്നികളുടെ ജഡം സംസ്കരിച്ചത് മതിയായ കരുതൽ ഇല്ലാതെയാണ്. ഇതും ആശങ്കക്ക് കാരണമായി. പ്ലാന്റേഷൻ വക എണ്ണപ്പനത്തോട്ടത്തിലും സ്വകാര്യവ്യക്തികളുടെ കൃഷിയിടത്തിലും വഴിയരികിലുമായി ഏഴ് പന്നികളാണ് ചത്തുകിടന്നിരുന്നത്. പലതിനെയും കണ്ടെത്തിയത് അഴുകിയ നിലയിലായിരുന്നു. കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാതെ സംസ്കരിക്കുകയായിരുന്നു. ഇവയെ സംസ്കരിക്കാൻ വനപാലകരും നാട്ടുകാരും ഉണ്ടായിരുന്നു. ഇവരുമായി പലരും സമ്പർക്കത്തിലായിട്ടുണ്ട്. ഇവരും നിരീക്ഷണത്തിലാണ്. ആന്ത്രാക്സ് ബാധിച്ച മൃഗങ്ങൾ പെട്ടെന്ന് രോഗലക്ഷണങ്ങൾ ഒന്നും കാണിക്കാതെ ചത്തുവീഴും. ഇവയുടെ ശരീരത്തിൽനിന്ന് രക്തം കറുത്ത നിറത്തിൽ ഒഴുകും.
സാധാരണഗതിയിൽ എളുപ്പം മനുഷ്യരിലേക്ക് പകരില്ലെങ്കിലും അവ മറ്റ് മൃഗങ്ങളിലേക്ക് പകരാൻ സാധ്യതയുണ്ട്. അതിരപ്പിള്ളി വനമേഖലയായതിനാൽ ധാരാളമായി കാട്ടുപന്നികൾ കൃഷിയിടങ്ങളിലേക്ക് വന്നെത്തുന്നത് പതിവാണ്. ഇതുമൂലം വളർത്തുമൃഗങ്ങളിലേക്ക് രോഗം പകരാൻ സാ ധ്യതയേറെയാണ്. ചാട്ടുകല്ല്തറ ഭാഗത്ത് ഒരു വ്യക്തിയുടെ ആടുകൾ ചത്തത് ഇതുമൂലമാണോയെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്.
തൃശൂര്‍: ആന്ത്രാക്സ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടി ഊര്‍ജിതപ്പെടുത്തിയതായി കലക്ടര്‍ ഹരിത വി. കുമാര്‍ അറിയിച്ചു. ജനങ്ങള്‍ക്ക് ആശങ്കയോ ഭീതിയോ വേണ്ടെന്നും ആന്ത്രാക്സ് മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പടരാൻ സാധ്യത വളരെ കുറവാണെന്നും കലക്ടര്‍ പറഞ്ഞു.
വളര്‍ത്തുമൃഗങ്ങളിലോ കന്നുകാലികളിലോ ഇതുവരെയും രോഗം കണ്ടെത്തിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചത്ത കാട്ടുപന്നികളില്‍ രോഗം സ്ഥിരീകരിച്ച ഉടന്‍ ഉന്നതതല യോഗം ചേര്‍ന്ന് കൈക്കൊള്ളേണ്ട അടിയന്തര നടപടി ചര്‍ച്ച ചെയ്തു. ജില്ല കണ്ട്രോള് റൂം തുറന്നിട്ടുണ്ട്. 2020ലും പ്രദേശത്ത് ഇത്തരത്തില്‍ കാട്ടുപന്നികളില്‍ ആന്ത്രാക്സ് റിപ്പോര്‍ട്ടു ചെയ്തിരുന്നെന്നും അന്നും കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടായില്ലെന്നും വിദഗ്ധര്‍ പറയുന്നു. വെറ്ററിനറി ഡോക്ടര്‍മാര്‍ വ്യാഴാഴ്ച രാവിലെതന്നെ അതിരപ്പിള്ളി മേഖലയിലെത്തി.
ചത്ത പന്നികളെ കുഴിച്ചിട്ട 13 പേരെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തി നിരീക്ഷണത്തിലാക്കി. മേഖലയില്‍ പന്നിയിറച്ചി കഴിച്ചവർക്ക് പ്രതിരോധമരുന്ന് കൊടുത്തുതുടങ്ങിയതായും കലക്ടര്‍ വ്യക്തമാക്കി. ആന്ത്രാക്സ് കൂടുതല്‍ വേഗത്തില്‍ പടരുന്നത് വേനല്ക്കാലത്താണെന്നും മഴയും തണുത്ത കാലാവസ്ഥയും ഉള്ളതിനാല്‍ രോഗം പടര്‍ന്നുപിടിക്കാൻ സാധ്യത കുറവാണെന്നുമാണ് വിദഗ്ധ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.