ചാവക്കാട്: പുന്നൂക്കാവിൽ വിവരാവകാശ പ്രവർത്തകനെതിരായ വധശ്രമ കേസിൽ അന്വേഷണം വഴിമുട്ടി. ഇതോടെ നീതിക്കായി തെരുവിലിറങ്ങാനുള്ള ഒരുക്കത്തിലാണ് ഇര. പുന്നൂകാവ് കല്ലൂർ വീട്ടിൽ തൃപ്പറ്റ് ശ്രീജിത്തിനാണ് കഴിഞ്ഞ ആഗസ്റ്റ് 16ന് രാവിലെ നടന്ന ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്.
ശ്രീജിത്ത് നടത്തുന്ന ചായക്കടയിൽ വെച്ചായിരുന്നു ആക്രമണം. സ്കൂട്ടറിലെത്തിയ മൂന്നംഗ സംഘം ദീർഘനേരം കടയിൽ ചെലവഴിച്ച ശേഷം ആളൊഴിഞ്ഞപ്പോൾ കണ്ണിൽ മുളകുപൊടി എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ആക്രമിച്ചത്. ഇരുമ്പ്വടികൊണ്ടും മറ്റുമുള്ള ആക്രമണത്തിൽ കാലിന് സാരമായി പരിക്കേറ്റ ശ്രീജിത്ത് ഇപ്പോഴും പരസഹായം കൂടാതെ നടക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലുമാണ് ശ്രീജിത്തിനെ പ്രവേശിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 14ന് അക്രമ സംഘത്തിൽ ഒരാളായ എറണാകുളം പച്ചാളം സ്വദേശി കുന്നത്ത് പറമ്പിൽ രജീഷിനെ (35) വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ കുറ്റം സമ്മതിക്കുകയും ശ്രീജിത്തിന്റെ ചായക്കടയിലും വീട്ടിലും കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു.
അതേസമയം ശ്രീജിത്തിനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയവരെ കുറിച്ച് പിടികിട്ടാനുള്ള മറ്റു രണ്ട് പേർക്കുമാത്രമാണ് അറിയുകയെന്നാണ് രജീഷ് പൊലീസിനോട് പറഞ്ഞത്. മുഖ്യപ്രതികളായ എറണാകുളം പച്ചാളം സ്വദേശി നിബിൻ (28), ചിറ്റൂർ സ്വദേശി അനിൽകുമാർ (30) എന്നിവരെ പൊലീസിന് പിടികൂടാനായിട്ടില്ല. ഇവരുടെ വീടും മറ്റു വിവരങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും എന്നാൽ ഇരുവരും ഒളിവിലാണെന്നുമാണ് പൊലീസ് പറയുന്നത്.
ഇതിനിടെ പ്രതികൾ മുൻകൂർ ജാമ്യത്തിനു വേണ്ടി ഹൈകോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് സൂചന. എന്നാൽ കേസ് പരിഗണനയ്ക്ക് എടുത്തിട്ടില്ല. ഗുരുവായൂർ എ.സി.പി രൂപവത്കരിച്ച അന്വേഷണസംഘത്തിലെ എസ്.ഐ പി.എസ്. അനിൽകുമാർ, സി.പി.ഒമാരായ രൺദീപ്, മിഥുൻ, ഷൈജു എന്നിവർ അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജില്ലയിലെ അനധികൃത നിർമാണ പ്രവർത്തനങ്ങൾക്കെതിരെ ശ്രീജിത്ത് പരാതി നൽകിയിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടി കൂടാത്തതിൽ പ്രതിഷേധിച്ച് ജനുവരി 15ന് രാവിലെ 10ന് വടക്കേക്കാട് പൊലീസ് സ്റ്റേഷൻ പരിസരത്ത് ഉപവാസമിരിക്കാനുള്ള തയാറെടുപ്പിലാണ് ശ്രീജിത്ത്.
മനുഷ്യാവകാശ പ്രവർത്തകരും വിവിധ രാഷ്ട്രീയ സംഘടനകളും സാമൂഹ്യപ്രവർത്തകരും ശ്രീജിത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. പുന്നയൂർക്കുളം മേഖലയിൽ പ്രാദേശിക ചാനൽ റിപ്പോർട്ടറായും മാധ്യമ റിപ്പോർട്ടറായും ഏറെ കാലം ശ്രീജിത്ത് പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.