എറിയാട്: അഴീക്കോട് മുനമ്പം പാലത്തിന്റെ കോൺക്രീറ്റിങ് ആരംഭിച്ചു. അഴീക്കോട് ഭാഗത്തെ തുടക്കത്തിൽ 30 മീറ്റർ വരുന്ന ആദ്യ രണ്ട് സ്പാനുകളുടെ കോൺക്രീറ്റിങ്ങിനാണ് തുടക്കം കുറിച്ചത്. ഇവിടത്തെ പൈലിങ് ജോലികളും തൂണുകളുടെ നിർമാണവും പൂർത്തിയായി. കായലിലെ പൈലിങ്ങും 60 ശതമാനം പൂർത്തിയായി. ആകെ വരുന്ന 196 പൈലുകളിൽ 126 എണ്ണം പൂർത്തിയാക്കുകയും, 34 പൈൽ ക്യാപ്പുകളിൽ 13 എണ്ണത്തിന്റെയും 55 തൂണുകളിൽ 20 എണ്ണത്തിന്റെയും നിർമാണം പൂർത്തിയായി.
കൂടാതെ, മുനമ്പം ഭാഗത്തെ പൈലിങ് പ്രവൃത്തികൾ പുരോഗമിക്കുന്നതായും ഇ.ടി. ടൈസൺ എം.എൽ.എ അറിയിച്ചു. നിർദിഷ്ട പാലവും അനുബന്ധ റോഡും കൂടി 1124 മീറ്ററാണ്. പാലത്തിന് മാത്രം 875 മീറ്റർ നീളവും 15.70 മീറ്റർ വീതിയും ഉണ്ടാകും. ഏഴു മീറ്റർ വീതിയിൽ ക്യാര്യേജ് വേയും 1.5 മീറ്റർ ഷോൾഡറും 1.80 മീറ്ററിൽ സൈക്കിൾ ട്രാക്കും ഇരു ഭാഗങ്ങളിലും 1.5 മീറ്റർ നടപ്പാതയും ഉണ്ടാകും. പദ്ധതിക്കായി മുനമ്പം ഭാഗത്ത് 53 സെന്റും അഴീക്കോട് ഭാഗത്ത് ഫിഷറീസ് വകുപ്പിന്റെ സ്ഥലം ഉൾപ്പെടെ 106 സെന്റുമാണ് ഏറ്റെടുത്തത്.
കിഫ്ബിയിൽ ഉൾപ്പെടുത്തി 2017ൽ ഭരണാനുമതി ലഭിച്ച പദ്ധതി തുടർനടപടി പൂർത്തിയാക്കി ഒരു വർഷം മുമ്പാണ് നിർമാണം ആരംഭിച്ചത്. ഇ.ടി. ടൈസൺ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ, വൈസ് പ്രസിഡൻറ് ഫൗസിയ ഷാജഹാൻ, അംഗങ്ങളായ അസിം, നജ്മൽ സക്കീർ, സാറാബി ഉമ്മർ, ജില്ല പഞ്ചായത്ത് അംഗം സുഗത ശശീധരൻ, വാർഡ് അംഗം പ്രസീന റാഫി, കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എൻജിനീയർ ഇ.ഐ. സജിത്ത്, അസി. എൻജിനീയർ മൈഥിലി മറ്റു ഉദ്യോഗസ്ഥർ, കരാർ കമ്പനി പ്രതിനിധികൾ എന്നിവർ പദ്ധതി പ്രദേശം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.