തൃശൂർ: ജില്ലയിലെ കോൺഗ്രസിൽ പോര് മുറുകുന്നു. ബുധനാഴ്ച നടന്ന പുനഃസംഘടന ചർച്ച ഗ്രൂപ്പുകൾ സംയുക്തമായി ബഹിഷ്കരിച്ചു. ജില്ലയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ യോഗത്തിന് എത്തിയിരുന്നു. എന്നാൽ, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഒഴികെ ഗ്രൂപ് ഭേദമന്യേ നേതാക്കൾ ആരും യോഗത്തിന് എത്തിയില്ല.
ബ്ലോക്ക് കമ്മിറ്റി പുനഃസംഘടന സംബന്ധിച്ചതടക്കം വിഷയങ്ങളിലെ പരാതികൾ എ, ഐ ഗ്രൂപ് നേതാക്കൾ രാമനിലയത്തിലെത്തി ഷുക്കൂറിനെ അറിയിക്കുകയും ചെയ്തു. ജോസ് വള്ളൂർ ഡി.സി.സി ഓഫിസിനെ ഗ്രൂപ് പ്രവർത്തന കേന്ദ്രമാക്കി മാറ്റിയെന്നാണ് എ, ഐ ഗ്രൂപ്പുകളുടെയും പിളർന്ന എ ഗ്രൂപ്പിന്റെയും ആരോപണം.
കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിൽ ഐ ഗ്രൂപ് യോഗം ചേർന്നതിന് പിന്നാലെ സ്വകാര്യ ഹോട്ടലിൽ വിപുലമായ ഗ്രൂപ് യോഗം ചേർന്ന് ജോസ് വള്ളൂരിനെതിരെ പ്രമേയം പാസാക്കിയിരുന്നു.
ഈ യോഗത്തിലാണ് ഇനി സഹകരിക്കേണ്ടതില്ലെന്ന തീരുമാനമെടുത്തത്. മണ്ഡലം കമ്മിറ്റികളുടെ പുനഃസംഘടന ചർച്ചയായിരുന്നു ബുധനാഴ്ച എ.എ. ഷുക്കൂറിന്റെ സാന്നിധ്യത്തിൽ തീരുമാനിച്ചിരുന്നത്. ഫോണിൽ ബന്ധപ്പെട്ടാണ് യോഗം ബഹിഷ്കരിച്ച വിവരം അറിയിച്ചത്. എ, ഐ ഗ്രൂപ്പുകൾക്കൊപ്പം പിളർന്ന എ ഗ്രൂപ്പും കെ.സി. വേണുഗോപാൽ ഗ്രൂപ്പും ബഹിഷ്കരണക്കാർക്കൊപ്പം നിന്നത് ജോസ് വള്ളൂരിന് തിരിച്ചടിയായി.
ബ്ലോക്ക് പുനഃസംഘടനയിൽ ജോസ് ഇഷ്ടക്കാരെ തിരുകിക്കയറ്റിയതോടെയാണ് കെ.സി. വേണുഗോപാൽ പക്ഷം അതൃപ്തിയിലായത്. കെ.സിക്കൊപ്പമാണ് പിളർന്ന എ ഗ്രൂപ്പും. ഇതോടെ ജോസ് വള്ളൂർ ഒറ്റപ്പെട്ട നിലയിലായി. ജോസ് വള്ളൂരിന്റെ പ്രവർത്തനം സംബന്ധിച്ച് ഉന്നയിച്ച പരാതികളിൽ തീരുമാനമുണ്ടാവാതെ ഡി.സി.സിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും സഹകരിക്കില്ലെന്ന് ഗ്രൂപ് ഭേദമന്യേ നേതാക്കൾ ഷുക്കൂറിനെ അറിയിച്ചു.
ഏകപക്ഷീയമായി പുനഃസംഘടന പേരുകൾ എഴുതി തീരുമാനിച്ചാൽ അംഗീകരിക്കില്ലെന്നും ഗ്രൂപ്പുകൾ മുന്നറിയിപ്പ് നൽകി. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗ്രൂപ്പുകളുടെ നിയോജകമണ്ഡലം തലങ്ങളിൽ യോഗങ്ങൾ നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.